ഇന്ത്യ ആസ്‌ത്രേലിയ ആദ്യ ടി20 ഇന്ന്
മൊഹാലി; ടി20 ക്രിക്കറ്റ് വെടിക്കെട്ട് വീണ്ടും ഇന്ത്യയിലേക്ക്. ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയില്‍. രാത്രി 7.30നാണ് മത്സരം.
ഏഷ്യാകപ്പിലെ അവിശ്വസനീയ പുറത്താകലിനു ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണില്‍ പോരിനിറങ്ങുന്നത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും പാകിസ്താനോടും നേരിയ വിക്കറ്റിന് പരാജയപ്പെട്ട് പുറത്തേക്കുള്ള വഴികണ്ട മുന്‍ ചാംപ്യന്‍മാര്‍ കരുത്തരായ ഓസീസിനെതിരേ ആധികാരിക ജയം നേടി ലോകകപ്പിന് ഒരുങ്ങാനുള്ള തയാറെടുപ്പിലാണ്. അര്‍ഷ്ദീപ് സിങ്ങിന് വിശ്രമം അനുവദിച്ചത് ഒഴിച്ചാല്‍ ലോകകപ്പിനുള്ള അതേ ടീമുമായാണ് ഇന്ത്യ ഇന്ന് രംഗത്തിറങ്ങുന്നത്.
ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന പ്രധാന ടൂര്‍ണമെന്റെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ഇരു ടീമുകളും പരമ്പരയെ കാണുന്നത്. സൂപ്പര്‍ താരങ്ങളുടെ ഫോം തന്നെയാണ് പ്രധാന തലവേദന. ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യക്ക് ഓസീസ് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്.
ഏഷ്യാകപ്പില്‍ ബൗളര്‍മാരും ചില ബാറ്റര്‍മാരും നിറംമങ്ങിയെങ്കിലും വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവില്‍ ദേശീയ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സെഞ്ചുറിയടിക്കാന്‍ പിശുക്ക് കാണിച്ചിരുന്ന കോഹ്‌ലി ഏഷ്യാ കപ്പില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമടക്കം 276 റണ്‍സുമായി ആ ചീത്തപ്പേര് മാറ്റി. 2020ല്‍ ഇന്ത്യ അവസാനമായി ഓസീസിനെതിരേ ടി20 കളിച്ചപ്പോഴും വിരാട് ഉജ്വല ബാറ്റിങ്ങുമായി തിളങ്ങി. അന്ന് 61 പന്തില്‍ 85 റണ്‍സുമായി ഇന്ത്യയെ നയിച്ചെങ്കിലും 12 റണ്‍സിന് പരാജയപ്പെടാനായിരുന്നു വിധി.
മുമ്പത്തെ കളികളില്‍ ആദ്യ പവര്‍പ്ലേകളില്‍ നായകന്‍ രോഹിത് ശര്‍മ അഗ്രസീവ് ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും കെ.എല്‍ രാഹുലിന്റെ ഫോമില്ലായ്മയില്‍ ടീം വലയുന്നുണ്ട്. ഏഷ്യാകപ്പില്‍ അത്ര നല്ലതായിരുന്നില്ല താരത്തിന്റെ പ്രകടനം. കൊവിഡ് പോസിറ്റീവായ മുഹമ്മദ് ഷമിയുടെ അഭാവവും ഇന്ത്യക്ക് തലവേദനയാണ്. ഷമിക്ക് പകരക്കാരനായി ഉമേഷ് യാദവ് സ്‌ക്വാഡിലുണ്ട്. ഋഷഭ് പന്തും ദിനേശ് കാര്‍ത്തികും അണിനിരക്കുന്ന സ്‌ക്വാഡില്‍നിന്ന് വിക്കറ്റ് കീപ്പറായി ആരെ നിയോഗിക്കും എന്ന ആശങ്കയും നായകന്‍ രോഹിത്തിനെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും പിടിച്ചുകുലുക്കുന്നുണ്ട്. കഴിഞ്ഞ ഐ.പി.എല്ലിലെ മിന്നുന്ന പ്രകടനം പരിഗണിച്ചാണ് ടി20 ടീമിലേക്കു കാര്‍ത്തിക് തിരിച്ചുവിളിക്കപ്പെട്ടത്. പിന്നീടുള്ള ഇന്ത്യന്‍ ജഴ്‌സിയില്‍ നല്‍കപ്പെട്ട ചുമതലകളെല്ലാം വൃത്തിയായി ചെയ്ത കാര്‍ത്തിക് ഒരു മികച്ച ഫിനിഷറും കൂടിയായി. പന്തിനെയും കാര്‍ത്തികിനെയും ഒരുമിച്ച് ഇറക്കിയാല്‍ ഓസീസിനെതിരേ ഇന്ത്യക്കു ഒരു ബൗളറെ പുറത്തിരുത്തേണ്ടിവരും. ബാറ്റിങില്‍ ഋഷഭ് ചില സമയങ്ങളില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും താരമൊരു ഇടംകൈയന്‍ ബാറ്ററാണന്ന കാര്യം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. മധ്യനിരകളില്‍ സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ ഇറക്കിയേക്കും. ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യക്ക് പുറമേ, ദീപക് ഹൂഡയെയോ അക്‌സര്‍ പട്ടേലിനേയോ ഇറക്കാം. ബൗളിങ്ങില്‍ പരുക്ക് ഭേദമായി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയ്ക്കും ഹര്‍ഷല്‍ പട്ടേലിനും സ്ഥാനം ലഭിക്കും.
അതേസമയം, സമീപ കാലത്ത് ബാറ്റിങ്ങില്‍ മോശം ഫോം തുടരുന്ന ഫിഞ്ചിന്റെ നായകത്വത്തില്‍ മികച്ച ടീമിനെ തന്നെയാണ് ഓസീസ് ഇറക്കുന്നത്. ഫിഞ്ചിന്റെ കീഴില്‍ കഴിഞ്ഞ ടി20 ലോകകപ്പ് നേടിയ ആത്മവിശ്വാസത്തിലാണ് ഓസീസും സംഘവും. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികവില്‍ വാനോളം പുകഴ്ത്തപ്പെട്ട ടിം ഡേവിഡിലാണ് ലോക ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ. ഇതുവരെ സിംഗപ്പൂര്‍ ദേശീയ ടീമിനായി മികച്ച പ്രകടനം കാഴ്ച വച്ച ഡേവിഡ് ആസ്‌ത്രേലിയന്‍ ജഴ്‌സിയില്‍ അരങ്ങേറുന്നതും കാത്തിരിപ്പാണ് ഏവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."