സി.പി.ഐ ജില്ലാ സമ്മേളനങ്ങള്‍ സമാപിച്ചു; കേന്ദ്ര നേതൃത്വത്തില്‍ പരാതിപ്രളയം
കൊച്ചി: സി.പി.ഐ ജില്ലാ സമ്മേളനങ്ങള്‍ സമാപിച്ചതോടെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ പരാതിപ്രളയം. വിഭാഗീയത രൂക്ഷമായി പ്രതിഫലിച്ച എറണാകുളത്തിനു പുറമെ പാലക്കാട് ജില്ലാ സമ്മേളനത്തെ കുറിച്ചും കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചു.
സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സി.പി.ഐയില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ മുതല്‍തന്നെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലാ സമ്മേളനങ്ങളിലാണ് വിഭാഗീയത രൂക്ഷമായി പ്രതിഫലിച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പക്ഷവും കെ.ഇ ഇസ്മായില്‍ പക്ഷവും ചേരിതിരിഞ്ഞാണ് മത്സരിച്ചത്. പാലക്കാട് ജില്ലാ സെക്രട്ടറിയായി മൂന്നുതവണ പൂര്‍ത്തിയാക്കിയ കെ.പി സുരേഷ് രാജിനെ സംസ്ഥാന നേതൃനിര്‍ദേശത്തില്‍ വീണ്ടും തെരഞ്ഞെടുത്തതിനെതിരേയാണ് പരാതി. മൂന്നുതവണ പൂര്‍ത്തിയാക്കിയവര്‍ മാറിനില്‍ക്കണമെന്ന തീരുമാനപ്രകാരം ഇസ്മായില്‍ പക്ഷത്തെ പ്രമുഖരായ പി. രാജുവിന് എറണാകുളത്തും ഇടുക്കിയില്‍ ശിവരാമനും അവസരം നിഷേധിച്ചിരുന്നു.
എന്നാല്‍, സുരേഷ് രാജിനു മാത്രം ഇതു ബാധകമല്ലാതായത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. എറണാകുളം ജില്ലാ സമ്മേളനത്തില്‍ നടന്നത് ജനാധിപത്യരീതി അട്ടിമറിച്ചുള്ള തെരഞ്ഞെടുപ്പാണെന്നും മുഴുവന്‍ തീരുമാനങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 35 പേര്‍ പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ നടപടി ക്രമങ്ങള്‍ സംബന്ധിച്ചും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ വിഭാഗീയ പ്രോത്സാഹിപ്പിച്ചുവെന്ന പേരില്‍ കാനത്തിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
പാലക്കാട്ട് ആലത്തൂര്‍ മണ്ഡലം സമ്മേളനത്തില്‍ കൈയാങ്കളിയിലൂടെ ഏകപക്ഷീയമായി മണ്ഡലം സെക്രട്ടറിയായി വാസുദേവന്‍ തെന്നിലാപുരത്തെയും മണ്ഡലം കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞടുത്തുവെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഇടുക്കിയില്‍ നേതൃത്വത്തിന്റെ പ്രതിനിധിയായി മത്സരിച്ചു തോറ്റ ബിജിമോളും പാര്‍ട്ടിയെ പരസ്യമായി ആക്ഷേപിച്ചെന്ന പേരില്‍ എതിര്‍വിഭാഗവും പരാതി നല്‍കിയിട്ടുണ്ട്.
ദേശീയ ജനറല്‍ സെക്രട്ടറിക്കും സംസ്ഥാന നേതൃത്വത്തിനും നല്‍കിയിരിക്കുന്ന പരാതികളില്‍ സമ്മേളനത്തിന് ശേഷം മാത്രമേ പരിശോധിച്ച് നടപടി സ്വീകരിക്കുകയുള്ളുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."