വീരമൃത്യു വരിച്ച സുബേദാര്‍ ശ്രീജിത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കൊയിലാണ്ടി: കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നാടിന്റെ അന്ത്യാഞ്ജലി. നായിബ് സുബേദാര്‍ എം.ശ്രീജിത്തിന്റെ മൃതദേഹം കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേത്തറയിലെ കുടുംബ വീട്ടില്‍ സംസ്ക്കരിച്ചു. കൊവിഡ് സാഹചര്യത്തിലും നൂറുകണക്കിന് പേരാണ് ശ്രീജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കുടുംബവീട്ടിലേക്ക് എത്തിച്ചേര്‍ന്നത്.
ഇന്നലെ രാത്രി സുലൂര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം കോയമ്പത്തൂര്‍ മിലിട്ടറി സ്റ്റേഷന് കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
കോയമ്പത്തൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രന്, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശ്രീജിത്തിന്റെ മകന് അതുല്‍ പിതാവിന്റെ ചിതയ്ക്ക് തീ കൊളുത്തി.
കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ട സ്ഥലമായതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."