ആയൂര്‍വേദ കുലപതി ഡോ. പി.കെ വാരിയര്‍ അന്തരിച്ചു
മലപ്പുറം: ആയൂര്‍വേദ കുലപതിയും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയുമായ ഡോ.പി.കെ വാരിയര്‍ അന്തരിച്ചു. ഇന്ന് വീട്ടില്‍ വെച്ച് 12 .25 നായിരുന്നു മരണം. നൂറുവയസായിരുന്നു. ഈ ജൂണിലായിരുന്നു നൂറാം ജന്മദിനം.
പി.കെ. വാരിയര്‍ എന്ന പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ 1921 ജൂണ്‍ 5ന് കോട്ടക്കലിലാണ് ജനിച്ചത്. ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും ആ സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്നു അദ്ദേഹം.
1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് 'ആയുര്‍വേദ മഹര്‍ഷി' സ്ഥാനം അദ്ദേഹത്തിനു സമര്‍പ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്‌നം പുരസ്‌കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി.അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എം.ജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയെത്തിയിട്ടുണ്ട്. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. സ്മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.
കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍ വാരിയര്‍, പരേതനായ കെ.വിജയന്‍ വാരിയര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാരിയര്‍, കെ.വി.രാമചന്ദ്രന്‍ വാരിയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."