രൂപ-റിയാല്‍ വ്യാപാരത്തിന് ഇന്ത്യയും സഊദിയും തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയും സഊദിയും രൂപ-റിയാല്‍ വ്യാപാരത്തിനും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിനുമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. സപ്തംബര്‍ 18, 19 തിയ്യതികളില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സഊദി അറേബ്യ സന്ദര്‍ശിച്ച് മന്ത്രിതല ചര്‍ച്ചനടത്തിയിരുന്നു. ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സഊദ് രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാണിജ്യ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത്.
എണ്ണ സമ്പന്നമായ പശ്ചിമേഷ്യന്‍ രാഷ്ട്രവുമായി രൂപ-റിയാല്‍ വ്യാപാരത്തില്‍ എത്തിച്ചേരാനായാല്‍ ഇന്ത്യക്ക് വന്‍നേട്ടമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ഡോളറിലാണ് വ്യാപാരം. ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് സഊദി. രൂപ-റിയാല്‍ വിനിമയം സാധ്യമായാല്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്നത് വര്‍ധിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നാണ് സഊദിയുടെ പ്രതീക്ഷ. സഊദി അറേബ്യ ഇന്ത്യയുടെ വിശ്വസ്ത ഊര്‍ജ വിതരണക്കാരാണ്. 85% ക്രൂഡ് ഓയിലും 54% പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നു.
വ്യാപാര-വാണിജ്യ മേഖലയിലെ വൈവിധ്യവല്‍ക്കരണം, വാണിജ്യരംഗത്തെ പ്രതിബന്ധങ്ങള്‍ ലഘൂകരിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ സൗദിയിലെ വിതരണം, യു.പി.ഐ കാര്‍ഡുകളും റുപയ് കാര്‍ഡുകളും സഊദിയില്‍ ആരംഭിക്കല്‍ തുടങ്ങി വ്യാപാര സഹകരണ രംഗത്തെ 41 വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായി ഡല്‍ഹിയില്‍ തിരിച്ചെത്തിയ പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. കൃഷി, ഭക്ഷ്യ സുരക്ഷ, ഊര്‍ജം, സാങ്കേതികവിദ്യ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വ്യവസായം, അടിസ്ഥാന സൗകര്യവികസനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചാവിഷയമായി.
കഴിഞ്ഞ ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപയുടെ അന്താരാഷ്ട്ര വ്യാപാര സെറ്റില്‍മെന്റിന് അനുമതി നല്‍കിയ ശേഷം റഷ്യയും ഇറാനും ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."