ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന് ഇനി ഒരാഴ്ച്ചമാത്രം; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു, കളി കാണാന്‍ ഞാനുമുണ്ടാകുമെന്നറിയിച്ച് സഞ്ജു സാംസണ്‍
തിരുവനന്തപുരം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന് ഇനി അവശേഷിക്കുന്നത് ഒരാഴ്ച്ച മാത്രം. 2019 ല്‍ നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനുശേഷം മറ്റൊരു രാജ്യാന്തര മത്സരത്തിനു കളമൊരുക്കുന്ന തിരക്കിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഈ മാസം 28 നാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു.
ബി.സി.സി.ഐയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടേയും സാന്നിധിത്തില്‍ നടന്‍ സുരേഷ് ഗോപി ആണ് ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തത്. ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 15,00 രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപക്ക് ടിക്കറ്റ് ലഭിക്കും. ഗാലറിയിലെ മുകള്‍തട്ടിലെ ടിക്കറ്റിനാണ് ഈ നിരക്ക്. ഗാലറിയിലെ ഏറ്റവും താഴെ തട്ടിലെ പവലിയനില്‍ 2,750 രൂപയും ഭക്ഷണമടക്കമുള്ള കെ.സി.എ ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ 6,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപയുടെ ടിക്കറ്റ് പകുതി നിരക്കില്‍ ലഭിക്കും. ജി.എസ്.ടി യും വിനോദ നികുതിയും ഉള്‍പെടെയാണ് ടിക്കറ്റ് നിരക്ക്.
കാര്യവട്ടത്തു നടക്കുന്ന കളി കാണാന്‍ താനുമുണ്ടാകുമെന്ന് സഞ്ജു സാംസണും അറിയിച്ചു. ഇന്നലെ നടന്ന ടിക്കറ്റ് വില്‍പന ചടങ്ങില്‍ സഞ്ജുവും പങ്കെടുത്തിരുന്നു. ഇന്ത്യ ഏ ടീമിന്റെ ക്യാപറ്റനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ പൊന്നാടയണിച്ച് ആദരിച്ചു. സഞ്ജുവിനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും സഞ്ജു പ്രതികരിച്ചു. ആരാധകര്‍ ആവേശം കൊണ്ട് പ്രതികരിക്കുന്നതാണെന്നും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ രാജ്യത്തിന്റെ വിജയത്തിനുവേണ്ടി ആഗ്രഹിക്കുകയുള്ളുവെന്നും സഞ്ജു പറഞ്ഞു. കേരളത്തില്‍ ക്രിക്കറ്റ് ഇല്ലാതാക്കാന്‍ ആരാധകര്‍ ഒരിക്കലും ശ്രമിക്കുകയില്ല, നമ്മുടെ നാട്ടില്‍ നടക്കുന്ന മത്സരം മികച്ചതാക്കാന്‍ നമ്മള്‍ പിന്തുണ നല്‍കണമെന്നും സഞ്ജു ഓര്‍മ്മിപ്പിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരമാണ് 28ന് കാര്യവട്ടത്ത് നടക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാമത്തെ മത്സരം നാലാം തിയതി ഇന്‍ഡോറിലും ആയി നടക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യന്‍ ട്വന്റി20 സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുമ്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."