വ്യക്തിയല്ല, അധ്വാനവര്‍ഗമാണ് പ്രധാനം
വി അബ്ദുല്‍ മജീദ്
പണ്ട് കേന്ദ്രത്തിലെ ചന്ദ്രശേഖര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചത് രാജീവ് ഗാന്ധിയുടെ വീടിനു മുന്നില്‍ നാലഞ്ചു രഹസ്യപ്പൊലിസുകാരെ കണ്ടെന്നു പറഞ്ഞാണ്. സര്‍ക്കാര്‍ പാര്‍ട്ടിക്കെതിരേ ചാരപ്പണി നടത്തുന്നുണ്ടെന്നായിരുന്നു ആരോപണം. രാജ്യവുമായോ ജനങ്ങളുമായോ ബന്ധപ്പെട്ട കാര്യത്തിനല്ല, പാര്‍ട്ടിയുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണ് കോണ്‍ഗ്രസ് അങ്ങനെ ചെയ്തത്.
ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് അങ്ങനെ എന്തുമാവാം. എന്നാല്‍ അധ്വാനിക്കുന്ന വര്‍ഗത്തിനു വേണ്ടി നിലകൊള്ളുന്ന വിപ്ലവപ്പാര്‍ട്ടികള്‍ക്ക് അങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ക്ക് പ്രത്യയശാസ്ത്ര പ്രതിബദ്ധതയാണ് പ്രധാനം. അതുകൊണ്ട് കൂടെ നില്‍ക്കുന്ന മറ്റൊരു വിപ്ലവകക്ഷി സ്വന്തം നേതാക്കളുടെ തന്തയ്ക്കു വിളിച്ചാലും പ്രത്യയശാസ്ത്ര ഐക്യമുണ്ടെങ്കില്‍ അവര്‍ കൂടെ നില്‍ക്കും.
തികച്ചും പ്രത്യയശാസ്ത്രാധിഷ്ഠിതമായൊരു ബന്ധമാണ് സി.പി.എമ്മും മാണി കേരള കോണ്‍ഗ്രസും തമ്മിലുള്ളത്. രണ്ടു പാര്‍ട്ടികളും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പാര്‍ട്ടികളാണ്. സി.പി.എമ്മിന്റെ സൈദ്ധാന്തികരായ കാള്‍ മാര്‍ക്‌സ്, ഫ്രെഡറിക്ക് എംഗല്‍സ് മുതല്‍പേരും കേരള കോണ്‍ഗ്രസി(എം)ന്റെ താത്ത്വികാചാര്യന്‍ കെ.എം മാണിയും ആവിഷ്‌കരിച്ചത് അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സിദ്ധാന്തങ്ങളാണ്. ലോകമെങ്ങും കീര്‍ത്തി നേടിയ അധ്വാനവര്‍ഗ സിദ്ധാന്തത്തില്‍ ഗവേഷണം നടത്താന്‍ നിരവധി രാജ്യങ്ങളില്‍നിന്ന് പ്രമുഖരായ ബുദ്ധിജീവികള്‍ പാലായിലെത്തുന്നുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല. മാത്രമല്ല സി.പി.എമ്മിന്റേത് പൂര്‍ണ ചെങ്കൊടിയാണെങ്കില്‍ കേരള കോണ്‍ഗ്രസിന്റേത് അര്‍ധ ചെങ്കൊടിയാണ്. ഇങ്ങനെയൊക്കെ പല കാര്യങ്ങളിലും ഏറ്റവുമധികം പ്രത്യയശാസ്ത്ര യോജിപ്പുള്ള പാര്‍ട്ടികളാണ് രണ്ടും.
അതുകൊണ്ടാണ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ധനമന്ത്രി അഴിമതിക്കാരനാണെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞിട്ടും അന്നത്തെ ധനമന്ത്രിയായിരുന്ന മാണിയുടെ മകന്‍ നയിക്കുന്ന പാര്‍ട്ടി ആ മുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നത്. ഇങ്ങനെ ഒരു നിസ്സാര കാര്യത്തിന്റെ പേരില്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യം തകര്‍ത്ത് ആ വര്‍ഗത്തെ മുതലാളിത്ത ചൂഷണത്തിന് എറിഞ്ഞുകൊടുക്കാന്‍ കോണ്‍ഗ്രസല്ല കേരള കോണ്‍ഗ്രസ്. കുറിയല്ലല്ലോ കുറിക്കല്യാണം.
പിന്നെ മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞെന്നൊക്കെ പറയുന്നത് ഒരു മുതലാളിത്ത വ്യാഖ്യാനവുമാണ്. അന്നത്തെ യു.ഡി.എഫ് മന്ത്രിസഭയിലെ ധനമന്ത്രി അഴിമതിക്കാരനാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. മാണി എന്ന പേരുപോലും അവിടെ ഉച്ചരിച്ചിട്ടില്ല. ശത്രുപക്ഷത്തിന്റെ ഭരണകാലത്ത് അവരുടെ അഴിമതിക്കാരനായ ഒരു മന്ത്രിക്കെതിരേ സഖ്യകക്ഷിയുടെ എം.എല്‍.എമാര്‍ കഷ്ടപ്പെട്ട് നിയമസഭയിലെ കസേരയും കംപ്യൂട്ടറുമൊക്കെ തല്ലിത്തകര്‍ത്ത് സമരം ചെയ്തതില്‍ പാര്‍ട്ടിക്ക് ഒരു വിരോധവുമില്ല. അതിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ അന്നത്തെ ഏതെങ്കിലും മന്ത്രി അഴിമതി നടത്തി എന്നു പറയുന്നതിലുമില്ല വിരോധം.
മുതലാളി വര്‍ഗത്തിന്റെ നിയമനിര്‍മാണ സഭകളെ വര്‍ഗസമര വേദിയാക്കണമെന്നത് അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പൊതുനിലപാടാണെന്ന് ഈ നാട്ടില്‍ പലര്‍ക്കുമറിയില്ല. അധ്വാനിക്കുന്ന വര്‍ഗത്തിന് വ്യക്തിയല്ല, വര്‍ഗബോധമാണ് പ്രധാനമെന്നും അവര്‍ക്കറിയില്ല. അല്ലെങ്കിലും അധ്വാനിക്കുന്നവരുടെ പാര്‍ട്ടികളെക്കുറിച്ച് വലതുപക്ഷക്കാര്‍ക്ക് ഒരു ചുക്കുമറിയില്ലല്ലോ.
അത് തിരക്കഥയിലില്ലാത്ത ഡയലോഗ്
നാട്ടുകാര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം.എല്‍.എമാരെയും പൊലിസ് ഉദ്യോഗസ്ഥരെയുമൊക്കെ സാധാരണ സിനിമയിലാണ് കാണുന്നത്. മുഖ്യമന്ത്രി നായകനാണെങ്കില്‍ മാവേലിയെക്കാള്‍ മികച്ച നീതിമാനായിരിക്കും. മന്ത്രിമാരുടെ കാര്യവും അങ്ങനെയൊക്കെ തന്നെയാണ്. നീതിബോധത്തില്‍ ജ്വലിച്ച് മുഖ്യമന്ത്രിയെയും എന്നുവേണ്ട ഭരണകൂടമെന്ന സംവിധാനത്തെ തന്നെയും രൂക്ഷമായി വിമര്‍ശിച്ച് ജനങ്ങള്‍ക്കു വേണ്ടി പോരാടുന്ന നിരവധി എം.എല്‍.എമാരെയും വെള്ളിത്തിരയില്‍ കണ്ടിട്ടുണ്ട്. പൊലിസ് ഉദ്യോഗസ്ഥരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ജനപക്ഷത്തു നിന്ന് മുഖ്യമന്ത്രിയുടെയും മറ്റും മുഖത്തേക്ക് വിരല്‍ ചൂണ്ടി ആക്രോശിക്കുകയും വേണ്ടിവന്നാല്‍ തല്ലുകയും ചെയ്യുന്ന സത്യസന്ധരായ പൊലിസ് ഉദ്യോഗസ്ഥര്‍ ധാരാളമുള്ളതാണ് മലയാള സിനിമയിലെ പൊലിസ് സേന.
എന്നാല്‍ നാട്ടിലെ മന്ത്രിമാരും എം.എല്‍.എമാരുമൊന്നും നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല. ആദര്‍ശവാദിയെന്നും ജനോപകാരിയെന്നുമൊക്കെ അണികള്‍ എത്രതന്നെ പാടിപ്പുകഴ്ത്തിയാലും നാട്ടുകാരുടെ കണ്ണില്‍ അവര്‍ക്കെല്ലാം എന്തെങ്കിലും തകരാറുണ്ടാകും. അവരുടെ ചെയ്തികളില്‍ കുറച്ചുപേര്‍ക്കെങ്കിലും അതൃപ്തിയുമുണ്ടാകും. കിറ്റ് കൊടുത്തിട്ടോ കല്യാണത്തിനു പോയി ചിരിച്ചു നിന്ന് ഫോട്ടോ എടുത്തിട്ടോ മരണവീട്ടില്‍ പോയി ദുഃഖം അഭിനയിച്ചിട്ടോ ഒന്നും കാര്യമില്ല. രാഷ്ട്രീയക്കാര്‍ നൂറു നന്മകള്‍ ചെയ്താലും നാട്ടുകാര്‍ അതില്‍ പത്തു കുറ്റമെങ്കിലും കണ്ടെത്തും. അങ്ങനെ ഒരിക്കലും 'ഗുണംപിടിക്കാത്ത' മലയാളികളെക്കൊണ്ട് തോറ്റിരിക്കുകയാണ് രാഷ്ട്രീയ നേതാക്കള്‍.
ഈ സാഹചര്യത്തില്‍ വെള്ളിത്തിരയിലേതുപോലെ ആദര്‍ശശാലികളും വീരശൂര പരാക്രമികളുമായ കുറച്ച് എം.എല്‍.എമാരും എം.പിമാരുമെങ്കിലും ഉണ്ടായിക്കോട്ടെ എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയകക്ഷികള്‍ തെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ ചലച്ചിത്രതാരങ്ങളെ സ്ഥാനാര്‍ഥികളാക്കുന്നത്. സ്ഥാനാര്‍ഥിത്വത്തിന് ആര്‍ത്തിപിടിച്ച ധാരാളം നേതാക്കള്‍ പാര്‍ട്ടികളിലുണ്ടായിട്ടും അവരില്‍ ചിലരെ ഒതുക്കിയാണ് ഈ ത്യാഗം ചെയ്യുന്നത്. എങ്ങനെയെങ്കിലും നാടു നന്നാവട്ടെ എന്ന ലക്ഷ്യംവച്ചാണത്.
എന്നാല്‍ ഇങ്ങനെയുള്ളവര്‍ ജയിച്ചുവരുമ്പോള്‍ അവരുടെ പാര്‍ട്ടികള്‍ക്ക് പുലിവാലാകുകയാണ് പതിവ്. അതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. രാഷ്ട്രീയ നേതാക്കളില്‍നിന്ന് വ്യത്യസ്തരാണ് ചലച്ചിത്രതാരങ്ങള്‍. നേതാക്കള്‍ക്ക് വളരെ അപ്രതീക്ഷിതമായി വന്നുചേരുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഉചിതമായ അഭിനയവും ഡയലോഗും വരും. റിഹേഴ്‌സലില്ലാതെ തന്നെ നന്നായി അഭിനയിക്കാന്‍ ശീലിച്ചവരാണ് നേതാക്കള്‍. സിനിമാനടന്‍മാരും നടിമാരും അങ്ങനെയല്ല. റിഹേഴ്‌സലും കൃത്യമായ തിരക്കഥയും സ്റ്റാര്‍ട്ടും ആക്ഷനും കട്ടും പറയാന്‍ ആളുകളുമില്ലാതെ അവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.
നടനും എം.എല്‍.എയുമായ മുകേഷിന് സംഭവിച്ചത് അതാണ്. തിരക്കഥയൊന്നുമില്ലാതെ പാലക്കാട്ടെവിടെയോ ഉള്ള ഒരു കുട്ടി വിളിച്ച് ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അഭ്യര്‍ഥിച്ചു. ഒരുപാട് തിരക്കുള്ളവരാണ് താരങ്ങള്‍. അവര്‍ ജനപ്രതിനിധികള്‍ കൂടിയായാല്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെയുള്ള കൊല്ലം എം.എല്‍.എയെയാണ് പാലക്കാട്ടുള്ളൊരു കുട്ടി വിളിച്ചത്. വ്യക്തമായ തിരക്കഥയില്ലാത്തതുകൊണ്ടു തന്നെ കുട്ടിയുടെ പഠന നിലവാരമോര്‍ത്ത് അദ്ദേഹം രോഷാകുലനായി. കരണക്കുറ്റിക്ക് അടിക്കണമെന്നൊക്കെ പറയേണ്ടിവന്നു. സ്വന്തം എം.എല്‍.എ ആരെന്നു പോലും വിദ്യാര്‍ഥികളെ പഠിപ്പിക്കാനാവാത്ത നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ മൂല്യത്തകര്‍ച്ചയോര്‍ത്താണ് അദ്ദേഹം രോഷാകുലനായത്. മൂല്യത്തകര്‍ച്ചയ്ക്കും അനീതികള്‍ക്കുമൊക്കെ എതിരായി രോഷാകുലരായി അത്യുഗ്രന്‍ ഡയലോഗ് പറയാന്‍ വേണ്ടി തന്നെയാണല്ലോ രാഷ്ട്രീയകക്ഷികള്‍ താരങ്ങളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നത്.
താരം ജനപ്രതിനിധിയായാലും താരത്തരം മറക്കില്ല. അതൊരു കുറ്റമൊന്നുമല്ല. അതുകൊണ്ട് അങ്ങനെയുള്ളവരോടു സംസാരിക്കുന്നതിനു മുമ്പ് കൃത്യമായൊരു തിരക്കഥ എഴുതിയുണ്ടാക്കണം. ആവശ്യമെങ്കില്‍ റിഹേഴ്‌സലും നടത്തണം. സംവിധായകനും മറ്റു സാങ്കേതിക വിദഗ്ധരുമൊക്കെ ഉണ്ടെങ്കില്‍ അതിലേറെ നല്ലത്. എന്നിട്ട് അവരോടെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചുനോക്കൂ. മറുപടി ഡയലോഗ് കിടുകിടിലന്‍ ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."