മനുഷ്യാവകാശങ്ങള്‍ ഇവിടെ സുരക്ഷിതമത്രേ!
ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു സിപ്പര്‍ ഉണ്ടായിരുന്നു. കഠിനമായ വിറയല്‍ രോഗം (പാര്‍ക്കിന്‍സണ്‍) ബാധിച്ചിരുന്ന അദ്ദേഹത്തിനു പാനീയങ്ങള്‍ കുടിക്കാന്‍ അനിവാര്യമായിരുന്നു സ്‌ട്രോയോടു കൂടിയ ആ പ്ലാസ്റ്റിക് കുപ്പി. അറസ്റ്റിലാകുന്ന സമയത്ത് 83 വയസ്സുണ്ടായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് വാര്‍ധക്യത്തിന്റേതായ ഏറെ അവശതകളുമുണ്ടായിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ജയിലിലടച്ചപ്പോള്‍ ആ സിപ്പര്‍ കൈവശം വയ്ക്കാന്‍ എന്‍.ഐ.എ അനുവദിച്ചില്ല. സ്‌ട്രോയുള്ള ആ പ്ലാസിറ്റിക് കുപ്പിയില്ലാതെ തനിക്കു പച്ചവെള്ളംപോലും കുടിക്കാന്‍ കഴിയില്ലെന്നും അതെങ്കിലും ജയിലില്‍ അനുവദിക്കണമെന്നുമുള്ള അപേക്ഷ പരിഗണിക്കപ്പെട്ടില്ല.
ഗത്യന്തരമില്ലാതെ സ്റ്റാന്‍ സ്വാമി നീതിപീഠത്തെ സമീപിച്ചു. സിപ്പര്‍ എന്തുകൊണ്ടു ജയിലില്‍ നിഷേധിച്ചുവെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്നായിരുന്നു എന്‍.ഐ.എയുടെ പ്രതികരണം. ഒന്നും രണ്ടുമല്ല ഇരുപതു ദിവസമാണ് മറുപടി നല്‍കാനായി അവര്‍ എടുത്തത്. സ്റ്റാന്‍ സ്വാമിയുടെ ദയനീയാവസ്ഥയെക്കുറിച്ചു മാധ്യമങ്ങളിലൂടെ അറിഞ്ഞ നിരവധി മനുഷ്യസ്‌നേഹികള്‍ ജയിലിലേയ്ക്കും എന്‍.ഐ.എ ഓഫിസിലേയ്ക്കും സിപ്പറുകള്‍ അയച്ചുകൊടുത്തു. പക്ഷേ, അവയൊന്നും സ്റ്റാന്‍ സ്വാമിയുടെ കൈകളിലെത്തിയില്ല. വിറയല്‍ രോഗപീഡ അനുഭവിച്ച വൃദ്ധനായ ആ മനുഷ്യന്‍ ജയിലില്‍ എത്രമാത്രം ദുരിതം അനുഭവിച്ചു കാണും.
സ്റ്റാന്‍ സ്വാമി ഈ ലോകം വിട്ടുപോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴിത് ഓര്‍മിക്കാന്‍ കാരണം, ഇന്ത്യാ മഹാരാജ്യത്തിന്റെ വിദേശകാര്യ വക്താവ് അരവിന്ദം ബാഗ്ചി കഴിഞ്ഞദിവസം നടത്തിയ ഒരു പ്രതികരണം കണ്ടതുകൊണ്ടാണ്. വൃദ്ധനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും ജയിലില്‍ അത്യാവശ്യ സൗകര്യങ്ങളും ചികിത്സയും പോലും നിഷേധിച്ചതും അങ്ങനെ ക്രൂരമായി മരണത്തിലേയ്ക്കു തള്ളിവിട്ടതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആധികാരികപ്രസ്ഥാനങ്ങളുള്‍പ്പെടെ കുറ്റപ്പെടുത്തിയപ്പോഴാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണമുണ്ടായത്. (സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് അധികാരസ്ഥാനങ്ങളില്‍ നിന്നുണ്ടായ ഏക മന്‍ കി ബാത്ത് ഇതായിരുന്നു!). 'ഇന്ത്യന്‍ ഭരണകൂടം പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാറില്ല. മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഇവിടെ കമ്മിഷനുകളുണ്ട്'- ഇതായിരുന്നു പ്രതികരണം. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരായ നടപടി അതിഗുരുതരമായ നിയമലംഘനത്തിന്റെ പേരിലായിരുന്നെന്നും വിദേശകാര്യ വക്താവ് വിശദീകരിച്ചു. തീര്‍ച്ചയായും ഗുരുതരമായ നിയമലംഘനം നടത്തിയ വ്യക്തി ശിക്ഷിക്കപ്പെടണം. അതിലിടപെടാന്‍ ഒരു വിദേശശക്തിയെയും അനുവദിക്കരുത്.
എന്നാല്‍, സ്റ്റാന്‍ സ്വാമി ചെയ്ത എന്തു കുറ്റമാണു സ്ഥാപിക്കപ്പെട്ടത്. ഭീമ കൊറേഗാവ് കലാപത്തിനു പ്രേരകമായ പ്രവര്‍ത്തനം നടത്തിയെന്ന പേരിലാണ് അദ്ദേഹത്തെയുള്‍പ്പെടെ യു.എ.പി.എ ചുമത്തി തടവിലിട്ടത്. ആ കുറ്റം ഇതുവരെ നീതിപീഠത്തിനു മുന്നില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല. ജനമനസ്സിലും അതു ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല.
2018 ജനുവരി 1 ന് ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നതും ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റുവെന്നതും സത്യമാണ്. അതിനു വഴിവച്ചത് 2017 ഡിസംബര്‍ 31 ന് നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നടന്ന വര്‍ഗീയവികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളായിരുന്നുവെന്നും അതു മാവോയിസ്റ്റ് ഗൂഢാലോചനയില്‍ നടന്നതാണെന്നുമാണ് എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്‍.ഐ.എ തെളിയിക്കട്ടെ. എന്നാല്‍, വാര്‍ത്തകളിലും പില്‍ക്കാലത്തുണ്ടായ മാധ്യമചര്‍ച്ചകളിലും അത്ര പരിഗണിക്കപ്പെടാതെ പോയ ഒരു സംഭവം വിട്ടുകളയുന്നതു ചരിത്രത്തോടു ചെയ്യുന്ന അനീതിയാകും. കൊറേഗാവില്‍ ദലിത്‌സമ്മേളനം നടക്കുന്നതിനു രണ്ടു ദിവസം മുമ്പ് ഗോവിന്ദ് ഗോപാല്‍ മഹാറിന്റെ സ്മൃതിമണ്ഡപം തകര്‍ക്കാന്‍ ശ്രമിച്ച സംഭവമുണ്ടായിരുന്നു.
സവര്‍ണവിഭാഗത്തില്‍ നിന്നുണ്ടായെന്നു കരുതുന്ന ആ അക്രമസംഭവത്തിനെതിരായ പ്രതിഷേധമാണ് ഡിസംബര്‍ 31 ലെ സമ്മേളനത്തില്‍ കണ്ടത്. ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലിലേയ്ക്കു നയിച്ച പ്രധാന കാരണം സ്മൃതിമണ്ഡപത്തിനു നേരേയുണ്ടായ ആ ആക്രമണമായിരുന്നുവെന്നതു നിഷേധിക്കാനാവില്ല. ഭീമ കൊറേഗാവ് ദലിതര്‍ക്ക്, പ്രത്യേകിച്ചു മഹാരാഷ്ട്രയിലെ മഹാര്‍ വിഭാഗക്കാര്‍ക്കു വലിയ വികാരമാണ്. 1818 ല്‍ ബ്രിട്ടിഷ് സേന പേഷ്വാ സൈന്യത്തെ തോല്‍പ്പിച്ചുവെന്നതല്ല, സവര്‍ണസേനയെ അവര്‍ണ സേന കീഴ്‌പ്പെടുത്തിയെന്ന അഭിമാനബോധമാണ് ആ വികാരത്തിനു കാരണം. അതുകൊണ്ടാണ് അവര്‍ വര്‍ഷം തോറും ജനുവരി ഒന്നിന് ആഘോഷമായി അവിടെ തടിച്ചു കൂടുന്നത്. ആ സാമുദായികാഭിമാനം ആളിക്കത്തിക്കാന്‍ മാവോയിസ്റ്റുകളുടെയോ ആക്ടിവിസ്റ്റുകളുടെയോ പിന്തുണയോ പ്രേരണയോ ആവശ്യമില്ല. അത്തരം സാമുദായികവികാരം ഇല്ലാതാക്കാന്‍ അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയല്ല, ഇന്ത്യയില്‍ ഇന്നും അതിശക്തമായി നിലനില്‍ക്കുന്ന ദലിത് വിവേചനവും പീഡനവും ഇല്ലായ്മ ചെയ്യുകയാണു വേണ്ടത്. 2017 ഡിസംബറിലോ 2018 ജനുവരിയിലോ സ്റ്റാന്‍ സ്വാമി ഭീമ കൊറേഗാവില്‍ ഉണ്ടായിരുന്നെന്നു തെളിയിക്കാന്‍ എന്‍.ഐ.എയ്ക്കു കഴിഞ്ഞിട്ടില്ല. രാജ്യത്തിനെതിരേയോ ഭരണകൂടത്തിനെതിരേയോ കലാപം നടത്താന്‍ അദ്ദേഹം ആഹ്വാനം നടത്തിയതായും ആരും കേട്ടിട്ടില്ല. ഈശോസഭയിലെ വൈദികനെന്ന നിലയില്‍ പള്ളിയരമനയിലെ സുഖസൗകര്യങ്ങളില്‍ അഭിരമിക്കാതെ, തനിക്കു മാതൃകയായ ബ്രസീലിയന്‍ ആര്‍ച്ച് ബിഷപ്പ് ഹെര്‍മന്‍ കാമറോവിനെപ്പോലെ പാവങ്ങളുടെ കണ്ണീരൊപ്പാനും അവരുടെ അവകാശസംരക്ഷണത്തിനും ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു സ്റ്റാന്‍ സ്വാമി. ആദിവാസികളെ കുടിയിറക്കി വന്‍കിട ഖനന മാഫിയക്കുവേണ്ടി വനഭൂമി യഥേഷ്ടം വീതിച്ചു നല്‍കുന്നതിനെതിരേ പോരാടിയതും ഭരണഘടന അനുവദിച്ച മട്ടില്‍ ആദിവാസി സ്വയം ഭരണപ്രദേശങ്ങള്‍ ഉണ്ടാവണമെന്നു വാദിച്ചതുമാണ് സ്റ്റാന്‍ സ്വാമിയെ അധികാരികളുടെ കണ്ണിലെ കരടാക്കി മാറിയതെന്നതു പച്ചപ്പരമാര്‍ഥം. അത്തരമൊരാളെ സ്വതന്ത്രമായി മേയാന്‍ വിടില്ലല്ലോ, ഭരണകൂടം. സ്വാഭാവികമായും ഇത്തരക്കാരെ നിശബ്ദരാക്കും. അതിനു വേണ്ടി എന്തു തെളിവും കെട്ടിച്ചമയ്ക്കപ്പെടാം.
ഭീമ കൊറേഗാവ് കലാപത്തിന്റെ പേരില്‍ പ്രമുഖരായ ബുദ്ധിജീവികളെയും കവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുമൊക്കെ യു.എ.പി.എ ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചതിനെക്കുറിച്ച് അമേരിക്കന്‍ ഫോറന്‍സിക് ഏജന്‍സിയായ 'ആര്‍സനിക് കണ്‍സള്‍ട്ടന്‍സി' രണ്ടു വിദഗ്ധ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. രണ്ടിലെയും വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മലയാളിയായ റോണ വില്‍സന്റെയും സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെയും കംപ്യൂട്ടര്‍ ഹാക്ക് ചെയ്തു വ്യാജ തെളിവുകള്‍ തിരുകിക്കയറ്റിയെന്നാണ് റിപ്പോര്‍ട്ട്. റോണയുടെ കംപ്യൂട്ടറില്‍ കയറ്റി വിട്ടത് 30 ലേറെ വ്യാജ തെളിവുകളാണ്. അതായത്, ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ഭരണകൂടത്തിന് അനഭിമതനാകുന്ന വ്യക്തിക്കെതിരേ തെളിവുകള്‍ വേണ്ടത്ര സൃഷ്ടിക്കപ്പെടും. വ്യാജ ഏറ്റുമുട്ടലുകളിലൂടെ വെടിയുണ്ടയ്ക്ക് ഇരയാകുന്നവരെപ്പോലെ ഇവരും വ്യാജതെളിവുകളുടെ ഇരകളാക്കപ്പെടുന്നു, പിന്നെ എക്കാലത്തേയ്ക്കും അഴിക്കുള്ളില്‍, നാവരിഞ്ഞതിനു തുല്യം. ഡോ. ആനന്ദ് തെല്‍തുംബ്‌ഡെ, സുധ ഭരദ്വാജ്, ഷോമ സെന്‍, ജ്യോതി ഗുപ്ത, സുധീര്‍ ധവ്‌ള, മലയാളിയായ പ്രൊഫ. ഹാനി ബാബു തുടങ്ങിയ ബുദ്ധിജീവികളും മനുഷ്യാവകാശപ്രവര്‍ത്തകരുമായ നിരവധി പേര്‍ ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവുകാരായി അഴിക്കുള്ളിലാണ്.
ഈ പശ്ചാത്തലത്തിലാണ്, 'ഇന്ത്യയില്‍ മനുഷ്യാവകാശം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നു'ണ്ടെന്ന വിദേശകാര്യ വക്താവിന്റെ വാക്കുകള്‍ നമ്മുടെ ചെവിയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."