HOME
DETAILS
MAL
നാം നേടിയതൊക്കെ കടലെടുക്കുകയാണ്
backup
July 11 2021 | 03:07 AM
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്/
അമീന്‍ പുറത്തീല്‍
എഴുത്ത്
ആദ്യസമാഹാരത്തിലെ കഥയില്‍ നിന്ന് തന്നെ തുടങ്ങാം. 'ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണു'മായി പൊലിസ് പിടിയിലാകുന്നവന്റെ ആയാസം ശരിക്കും വായനക്കാരന്‍ അനുഭവിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ ഇത്തരം ഒരു വിചിത്ര ഭാവനയുള്ള കഥയ്ക്ക് പിന്നിലെ കഥയെന്താണ്?
ആ കഥയെഴുതുന്നത് എണ്‍പതുകളുടെ രണ്ടാം പകുതിയിലാണ്. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഭയാനകമായ സീസണായിരുന്നു അത്. ഈ നരഹത്യകള്‍ എന്നിലുണ്ടാക്കിയ പ്രതികരണമായിരുന്നു ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ് എന്ന കഥ. ഈ കഥയില്‍ രാഷ്ട്രീയ കൊലപാതകങ്ങളോ അതിന്റെ പശ്ചാത്തലമോ വയലന്‍സോ ഒന്നുമില്ല. നഷ്ടപ്പെട്ട ഒരാളുടെ കണ്ണും അത് കിട്ടിയ ഒരു വഴിപോക്കന്റെ ധാര്‍മിക സങ്കടങ്ങളും മാത്രം.
'വീട്ടില്‍ ഒരേയൊരു പുസ്തകമേ ഉണ്ടായിരുന്നുള്ളൂ. റേഷന്‍ കാര്‍ഡ് എന്നാണതിന്റെ പേര്'- പുസ്തകമില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരം പോലെ നിര്‍ജീവമാണെന്നൊക്കെ പറയാറുണ്ടല്ലോ. അത്തരം ഒരു വീട്ടില്‍ നിന്ന് കനല്‍പഥങ്ങളിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചുകഴിഞ്ഞു എഴുത്തുകാരനിലെത്താന്‍. തുടക്കം/ പ്രചോദനം എന്തൊക്കെയാണ്?
ഒരു പ്രചോദനവുമില്ല. വാക്കുകളില്ലാത്ത ധര്‍മസങ്കടങ്ങള്‍ മാത്രം. അതിന് ഞാന്‍ വാക്കുകള്‍ കൊടുത്തു. ചിലപ്പോള്‍ വൈകാരികത നല്‍കി. ചിലപ്പോള്‍ രോഷം. മറ്റു ചിലപ്പോള്‍ നിസഹായത. വാക്കുകളിലൂടെ ഞാന്‍ ഇതുവരെ കാണാത്ത എന്റെ വായനക്കാരോട് സംസാരിച്ചു. അത്രമാത്രം.
എഴുത്തിന് ഗുരുവില്ല. എഴുത്തിന് അവനവന്‍ തന്നെയാണ് ഗുരുവും ശിഷ്യനും എന്നു താങ്കള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. എഴുത്തിന്റെ വഴികാട്ടാന്‍ ഗുരുതുല്യമായി ആരെങ്കിലും ഉണ്ടായിരുന്നോ? സ്വാനുഭവം എന്താണ്?
എഴുത്തിന് ഒറ്റ ഗുരുവില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം. ഓരോ എഴുത്തുകാരില്‍ നിന്നും നാം ഓരോന്ന് പഠിക്കും. ബഷീര്‍ ജീവിതാനുഭവങ്ങളെ മാന്ത്രികമായി ഒരു സാധാരണ കഥപോലെ പറഞ്ഞു. പക്ഷേ, അവയില്‍ ലോക സത്യങ്ങളും പ്രതിഭയുടെ ആത്മസത്തയും നിറഞ്ഞു. ബഷീര്‍ ഒന്നേയുള്ളൂ. ഇമ്മിണി ബല്യ മഹാഗുരുവായ ബഷീര്‍. മാധവിക്കുട്ടി മറ്റൊരു രൂപത്തിലെഴുതി. ലളിതമായി എഴുതി. അവര്‍ ജീവിത സങ്കീര്‍ണതകളെ ലളിതമായി അവതരിപ്പിച്ചു. സൗന്ദര്യ ശില്‍പമാക്കി. കഥയിലായാലും കവിതയിലായാലും. അത് ലോകം മുഴുവന്‍ നിറഞ്ഞു. ഒ.വി വിജയന്‍ ജീവിത സമസ്യകളെ കാരുണ്യപൂര്‍വം അന്വേഷിച്ചു. സന്ദേഹത്തെ സംഗീതമാക്കി. ചിലപ്പോള്‍ അത് നമ്മുടെ കരള്‍ പറിഞ്ഞുപോകുംവിധം കാരുണ്യത്തെ ധര്‍മസങ്കടങ്ങളാക്കി കടല്‍ത്തീരത്ത് പോലുള്ള കഥകളാക്കി. കാലത്തെ നോക്കി മാത്രമല്ല, വരും കാലത്തെയും പ്രവചനാത്മകമായി കഥയിലൂടെ അവതരിപ്പിച്ച കാരൂറിന്റെ ഉതുപ്പാന്റെ കിണര്‍ പോലുള്ള കഥകള്‍, മതമേലാളന്മാരെ കണക്കിന് കശക്കിയെറിഞ്ഞ അന്തോണീ, നീയും അച്ചനായോടാ, പോലുള്ള വൈദ്യുതശക്തിയുള്ള കഥകള്‍... അതെ മുന്‍തലമുറയിലെ പ്രതിഭാശാലികളായ ഓരോ എഴുത്തുകാരനും ഓരോന്ന് പഠിപ്പിച്ചു. എഴുത്തില്‍ ഒറ്റ ഗുരുവില്ല. ഒറ്റ ഗുരുവിനെ പിന്തുടര്‍ന്നാല്‍ ആ ഗുരുവിന്റെ നിഴല്‍ മാത്രമായി, അനുകര്‍ത്താവായി മാത്രം ബാലിശമായി അവസാനിക്കും.
ഓരോ മനുഷ്യര്‍ക്കും വ്യത്യസ്ത കഥയുണ്ട്. എഴുതിയെഴുതി അവനവനെ അന്വേഷിച്ചെത്തുന്ന കലയാണ് സാഹിത്യം. അല്ലാതെ വല്ലവരും എഴുതിയതുപോലെ എഴുതിയാല്‍ മാപ്പിലുണ്ടാവും. രാജ്യമുണ്ടാവില്ല. ഇതിനൊക്കെ എഴുത്തില്‍ കുറച്ച് ക്ലേശങ്ങളുണ്ട് എന്ന് സമ്മതിക്കുന്നു
അക്കാദമിക പാടവവും സാഹിത്യ പാണ്ഡിത്യവും ഇല്ലാത്ത സാധാരണക്കാര്‍ക്കുപോലും ആസ്വദിക്കാവുന്ന ബഷീര്‍ കഥകള്‍ പോലെ വായിക്കാവുന്ന കഥകളാണ് താങ്കളുടേത്. പുതിയ എഴുത്തുകാര്‍ ദുര്‍ഗ്രാഹ്യമായ കഥകളാണ് സൃഷ്ടിക്കുന്നത്. കഥകള്‍ക്ക് പ്രത്യേക നിര്‍മിതി/ പാറ്റേണ്‍ ആവശ്യമുണ്ടോ? എന്താണഭിപ്രായം?
ബഷീര്‍ മഹാപര്‍വതവും ഞാന്‍ മണ്‍കൂനയുമാണ്. അത്തരം താരതമ്യംപോലും കുറ്റകൃത്യമാണ്. പുതിയ എഴുത്തുകാര്‍ ദുര്‍ഗ്രാഹ്യമായി എഴുതുന്നു എന്നത് പൂര്‍ണമായും ശരിയല്ല. ചില എഴുത്തുകളില്‍ ദുര്‍ഗ്രാഹ്യത സംഭവിക്കും. പക്ഷേ, അതിന് എഴുത്തിലുള്ള കഴിവുകേടുമായി ബന്ധം വരുമ്പോഴാണ് പ്രശ്‌നം. ഏത് ദുര്‍ഗ്രാഹ്യതയെയും വായനക്കാര്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയണം. അതാണ് എഴുത്തിന്റെ കല. വായിപ്പിക്കുക എന്നത് എഴുത്തിന്റെ പ്രാഥമിക ദൗത്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നാലഞ്ചു വര്‍ഷം മുന്‍പ് നടന്ന സാഹിത്യ ക്യാംപില്‍ വച്ച് ഒരു ചെറുപ്പക്കാരന്‍ മുഖാമുഖം പരിപാടിയില്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. വലിയ വലിയ അവാര്‍ഡൊക്കെ കിട്ടിയ നോവല്‍ വായിക്കാന്‍ കഴിയുന്നില്ല. ആകെ ദുര്‍ഗ്രാഹ്യമാണ്. ഈയിടെയായി വായന വലിയ കഷ്ടപ്പാടാവുന്നു. താങ്കളുടെ അഭിപ്രായമെന്താണ്? എനിക്ക് യാതൊരു സംശയവുമുണ്ടായില്ല. ഞാന്‍ പറഞ്ഞു, ജീവിക്കാന്‍ തന്നെ നാം വളരെ കഷ്ടപ്പെടുന്നുണ്ട്. ഇനി സാഹിത്യകൃതികൂടി വായിച്ച് കഷ്ടപ്പെടേണ്ടതുണ്ടോ? വായനക്കാരനോട് ഒന്നും പറയാനില്ലാത്തവരും എഴുതുന്നതിനെക്കുറിച്ച് സ്വയം ബോധ്യമില്ലാതാവുമ്പോഴുമാണ് മിക്കപ്പോഴും വായിപ്പിക്കുന്നവരെ ആകര്‍ഷിക്കാനാവാത്ത സാഹിത്യകൃതികള്‍ ഉണ്ടാകുന്നത്. വലിയ എഴുത്തുകാര്‍ നമ്മെ ക്ലേശിപ്പിക്കില്ല. അല്‍പ വിഭവന്മാരാണിത് ചെയ്യുന്നത്. അവര്‍ക്ക് ആകെ അറിയുന്ന കാര്യം മാര്‍ക്കറ്റിങ്ങിലും അവാര്‍ഡ് നിര്‍ണയത്തിലും ഇടിച്ചുകയറാന്‍ മാത്രമാണ്. നിങ്ങള്‍ ഹൃദയം തുറന്ന് വായനക്കാരോട്, ഈ ലോകത്തിലെ ഏതോ കോണിലുള്ള ഇന്നുവരെ കാണാത്ത ഒരു മനുഷ്യന് നല്‍കുന്ന സ്‌നേഹമാണ് സാഹിത്യം. സ്‌നേഹത്തില്‍ കളവ് ചേര്‍ക്കുന്തോറും ഭാഷ കൃത്രിമമാവും.
കഥകളുടെ ഏറ്റവും വലിയ വിജയം അതിന് മനുഷ്യമനസിനോടും ബുദ്ധിയോടും സംവദിക്കാന്‍ കഴിയുക എന്നതാണ്.
കഥ പറയുന്നതാണ് താങ്കളുടെ രചനാ രീതി. കഥയാണ് തട്ടകം. നോവലും കവിതയും കുറുങ്കഥകളും എഴുതിയിട്ടുണ്ട്. എഴുത്ത് എല്ലാം ഒരു പോലെയെന്നാണോ?
സ്‌പെയ്‌സിന്റെ വൈവിധ്യമാണ് കഥ, നോവല്‍, കുറുങ്കഥ എന്നിങ്ങനെ വേറിട്ടുനിര്‍ത്തുന്നത്. കഥ ചെറുതാവുന്തോറും എഴുത്തുകാരനെ അത് വെല്ലുവിളിക്കും. ചെറുതായി എഴുതലല്ല, ആലോചിക്കുന്തോറും വലുതാകുന്നതാണ് കുറുങ്കഥ. കവിതയുമായിട്ടാണ് അതിന് കൂടുതല്‍ ബന്ധുത്വം എന്നു പറയാം.
എഴുത്ത് ഒരു ആസ്വാദനോല്‍പന്നം മാത്രമാണോ? എഴുത്തില്‍ സാമൂഹിക പ്രതിബദ്ധത ആവശ്യമുണ്ടോ? സാരോപദേശ കഥകളാവണം എന്നല്ല അര്‍ഥം.
ആസ്വാദനം അതിന്റെ എകമ്ീൗൃ ആയി നില്‍ക്കണം എന്നാണെന്റെ അഭിപ്രായം. സാമൂഹിക പ്രതിബദ്ധത സ്വാഭാവികമായി ഉണ്ടാവണം. വച്ചുകെട്ടായിരിക്കരുത്. എനിക്ക് തോന്നുന്നത് സാമൂഹിക പ്രതിബദ്ധത എന്നതിനെക്കാള്‍ സാമൂഹിക നിരൂപണമാണ് വേണ്ടതെന്നാണ്. അതിന് എഴുത്തുകാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കണം. കെട്ടിയിട്ട കുതിരകളാവരുത് എഴുത്തുകാര്‍.
ചെറുപ്പക്കാലത്തെ കൊടിയ ദാരിദ്ര്യം, ക്രൂരമായ പീഡനങ്ങള്‍, മുറിവേല്‍പ്പിക്കുന്ന അപമാനം, അസഹ്യമായ പരിഹാസം എന്നിവ ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപ്, അടിയന്തരാവസ്ഥക്കാലത്തെ ലോക്കപ്പ് മര്‍ദനം എന്നിവയോടാണ് ഉപമിച്ചത്. തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു. ബാല്യത്തിലേക്ക് നോക്കാന്‍ സാധിക്കുന്നുണ്ടോ?
ബാല്യത്തിലെ ഇത്തരം ഏകാന്തതകളാണ് ഞാനെന്ന എഴുത്തുകാരനെ സൃഷ്ടിച്ചത്. ഒട്ടുമിക്ക എഴുത്തുകാരുടെ ജീവിതത്തിലും ഇങ്ങനെ ഒന്ന് കാണാന്‍ കഴിയും. നഷ്ടപ്പെട്ടതിനെ അന്വേഷിക്കുന്നതാണ് പലപ്പോഴും സാഹിത്യം. എന്റെ ദു:ഖത്തെ ഞാന്‍ പലതായി ലയിപ്പിച്ചു. ഞാന്‍ ഒറ്റയ്ക്കല്ല; ദുഖത്തിന്റെ അനേകം തുരുത്തുകള്‍ക്കിടയിലാണ്.
രാഷ്ട്രീയം
ഈയിടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥകളാണ് ഈസയും കെ.പി ഉമ്മറും. നവ മാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഒരുപക്ഷേ, എന്‍.എസ് മാധവന്റെ തിരുത്തിന് ശേഷം അത്രത്തോളം സമകാലിക പ്രാധാന്യമുള്ള കഥകളാണിവ. ഫാസിസം കൈയ്യടക്കുന്ന വര്‍ത്തമാനത്തില്‍ ഇത്തരം എഴുത്തുകള്‍ സാധ്യമാണോ?
സാധ്യമാകണം. ഇല്ലെങ്കില്‍ എഴുത്ത് യാന്ത്രികവും ലവണാംശമില്ലാത്തതുമായിത്തീരും. ദുഷ്ടതയോടുള്ള എല്ലാ ആഭിമുഖ്യത്തിലും ഫാസിസമുണ്ട്. ഇന്നലെ വരെ സൗമ്യനായി നടന്ന ഒരാള്‍ക്ക് അധികാരം കൊടുത്തു നോക്കൂ, അയാള്‍ എന്തെന്നറിയാം. എല്ലാവിധ അധികാരങ്ങളെയും വെറുക്കുകയും ചെറുക്കുകയും ചെയ്യുക എന്നത് എല്ലാ സര്‍ഗാത്മക മനുഷ്യരുടെയും ശീലമായിരിക്കും. അത് സ്വാഭാവികമായിരിക്കും.
എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയ്യേറ്റം എന്നുമുണ്ടായിട്ടുണ്ട്. ഭരണകൂടം തന്നെ എഴുത്തുകാരന് കൂച്ചുവിലങ്ങിടുന്ന സമകാലിക രാഷ്ട്രീയത്തില്‍ എഴുത്തുകാരന്റെ നിലനില്‍പ് എങ്ങനെയാണ്?
ഏത് പരിഷ്‌കൃത സമൂഹവും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഇത്തിരി കൂടുതല്‍ സ്വാതന്ത്ര്യമനുവദിക്കുന്നത് കാണാം. സാധാരണക്കാരുടെ കാഴ്ചപ്പാട് തന്നെയായിരിക്കണമെന്നില്ല കലാകാരന്മാരുടെത്. ജീവിക്കുന്ന കാലത്തിന്റെ യാന്ത്രികതയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ യഥാര്‍ഥ കലാകാരന്മാര്‍ കൂട്ടാക്കണമെന്നില്ല. അയാള്‍ സമൂഹത്തിന്റെ കയ്പുള്ള യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയുന്നവനാണ്. ജനാധിപത്യത്തിലും സഹിഷ്ണുതയിലും വിശ്വാസമില്ലാത്ത ഭരണകൂടങ്ങള്‍ ഇത്തരം കലാകാരന്മാരെയും സത്യത്തെ തേടുന്ന ചിന്തകരെയും വേട്ടയാടും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് നീതിബോധമുള്ള എഴുത്തുകാരും പത്രപ്രവര്‍ത്തകരുമാണ്. അവര്‍ തുറുങ്കിലടക്കപ്പെടുകയോ കൊല്ലപ്പെടുന്നതോ അസാധാരണമല്ലാതായിരിക്കുന്നു.
ജീവവായുവിനു പോലും വിലയിടുന്ന ജനാധിപത്യ രാജ്യത്ത് എഴുത്തുകാരന്റെ രഷ്ട്രീയം എന്താണ്?
എഴുത്തുകാരന്റെ രാഷ്ട്രീയം എന്നു പറയുന്നത് കക്ഷിരാഷ്ട്രീയമല്ല. കക്ഷിരാഷ്ട്രീയക്കാരുടെ വാലാട്ടികളാവുന്നതോടെ അവരുടെ എഴുത്ത് ദുര്‍ബലമാവും. പാര്‍ട്ടിക്കാരുടെ നിര്‍മിത സത്യത്തോടൊപ്പം അയാള്‍ക്ക് നില്‍ക്കേണ്ടി വരും. അതോടെ അയാളുടെ ആത്മാവ് ദ്രവിച്ചുപോകും. സ്വീകരണമുറിയിലെ അലമാരയില്‍ പുരസ്‌കാരങ്ങള്‍ പെരുകിയേക്കാം. പക്ഷേ, അയാള്‍ക്ക് മുന്‍പേ അയാളിലെ എഴുത്തുകാരന്‍ യമപുരി പൂകും. സ്ഥാപനവത്ക്കരിക്കപ്പെട്ട എല്ലാറ്റിലും സത്യത്തോട് ഒരുതരം അസഹിഷ്ണുത ഉണ്ടാകും. എഴുത്തുകാരന്റെ വഴി അതല്ല.
എഴുത്തുജീവിതവുമായി ബന്ധപ്പെട്ട സ്വകാര്യസങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാമോ?
എന്റെ സ്വകാര്യസങ്കടങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. സമൂഹം വിഭാഗീയവത്ക്കരിക്കപ്പെടുകയും പൊതുമനുഷ്യന്‍ ഇല്ലാതാവുകയും ചെയ്യുന്നതാണ് എന്റെ ഏറ്റവും ദു:ഖവും നിരാശയും. അരനൂറ്റാണ്ടിന്റെ സാമൂഹ്യസ്മരണയുള്ള ആളാണ് ഞാന്‍. നോക്കിയിരിക്കേയാണ് പൊതുസമൂഹം ഇല്ലാതാവുന്നത്. ഞാന്‍ ഒരു മുസ്‌ലിം, അയാള്‍ ഹിന്ദു, മറ്റേ ആള്‍ ക്രിസ്ത്യന്‍ എന്നത് ഭാഗ്യവശാല്‍ എന്റെ ജീവിതത്തിന്റെ പകുതിവരെ എന്നെ അലട്ടിയിരുന്നില്ല. ഞാന്‍ വിവിധ മതങ്ങള്‍ മിശ്രിതപ്പെട്ട് ജീവിക്കുന്ന ഒരു ഗ്രാമത്തിലാണ് എന്റെ കുട്ടിക്കാലം ചെലവഴിച്ചത്. അതുകൊണ്ട് ഇന്നും എന്റെ ഉള്ളില്‍ പൊതുമനുഷ്യനേ ഉള്ളൂ. വിഭാഗീയ മനുഷ്യരും വെറുപ്പിന്റെ പ്രത്യയശാസ്ത്രവും ഇല്ലായിരുന്ന ആ ഭാഗ്യകാലം ഇന്നില്ല. ജന്മംകൊണ്ട് ഒരാള്‍ ഒരു മതത്തില്‍ പിറന്നത് അയാളുടെ കുറ്റകൃത്യമാണെന്ന് ആരോപിക്കുംവരെ വംശീയവേട്ട എന്റെ പടിവാതില്‍ക്കലും എത്തിക്കഴിഞ്ഞു. ഇതെന്റെ ഉറക്കംകെടുത്തുന്നു. സ്‌നേഹമില്ലാത്തിടത്ത്, അന്യമനുഷ്യരെ വെറുക്കാന്‍ പറയുന്നിടത്ത് ദൈവമില്ല. പിശാച് മാത്രമാണുള്ളത്. ഏത് മതവിശ്വാസിക്കും ഇത് ബാധകമാണ്. സ്‌നേഹം വെളിച്ചവും വെറുപ്പ് ഇരുട്ടുമാണ്. ഏത് സാഹചര്യത്തിലും ഒരു വിശ്വാസിയും വെറുപ്പിനെ പ്രചരിപ്പിക്കരുത്. അങ്ങനെ ചെയ്യുന്നവന്‍ മതവേഷം കെട്ടിയ ഇബ്‌ലീസ് മാത്രമാണ്. ഇന്ത്യ ഇരുണ്ടുവരുന്നു. ഈ മഹാവ്യാധികള്‍ക്കിടയിലും, മരണം നൃത്തമാടുമ്പോഴും എങ്ങനെയാണ് മനുഷ്യരുടെ നാവില്‍നിന്ന് വിഷംവരുന്നത് എന്നത് അത്ഭുതം തന്നെ. നാം നേടിയതൊക്കെ കടലെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."