ഗവർണർ-മുഖ്യമന്ത്രി പോരിൽ ഭരണം സ്തംഭിക്കരുത്
ഗവർണർ കഴിഞ്ഞ ദിവസം രാജ്ഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തോടെ ഗവർണർ-മുഖ്യമന്ത്രി പരസ്യപ്പോരിന് വേദിയൊരുങ്ങിയിരിക്കുകയാണ്. സംസ്ഥാനം നിർണായകമായ ഒരവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് ഭരണത്തലവനും ഭരണനടത്തിപ്പുകാരനും തമ്മിലുള്ള പരസ്യപ്പോരാട്ടത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭരണരാഷ്ട്രീയ ചരിത്രത്തിൽ ഇദംപ്രഥമമാണ് ഒരു ഗവർണർ തന്റെ സർക്കാരിനെതിരേ രാജ്ഭവനിൽ വാർത്താസമ്മേളനം വിളിക്കുക എന്നത്.
വാർത്താസമ്മേളനത്തിൽ ഗവർണർ പ്രദർശിപ്പിച്ച ദൃശ്യത്തിൽ പറയത്തക്ക സംഘർഷം നടന്നതായി കാണാനായില്ല. 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന ഗവർണർക്കരികിലേക്ക് പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് നടന്നു ചെല്ലുന്നതു കാണാമെന്നല്ലാതെ, ആരിഫ് മുഹമ്മദ് ഖാനേക്കാൾ വയോധികനും അവശനുമായ ഇർഫാൻ ഹബീബ് ഗവർണർക്കു നേരെ പ്രതിഷേധ സൂചകമായി വിരലുയർത്താൻ പോലും മെനക്കെട്ടതായി കണ്ടില്ല. സദസിൽനിന്ന് രണ്ടു വനിതകൾ ഗവർണറുടെ പ്രസംഗത്തിനെതിരേ പ്രതിഷേധവുമായി എഴുന്നേറ്റപ്പോൾ പൊലിസ് അവരെ തടയാൻ ശ്രമിച്ചതാണ്. 'ജനാധിപത്യപരമായ പ്രതിഷേധമാണ് അവരുടേതെന്നും അവരെ തടയരുതെന്നും' ഗവർണർ തന്നെ നിർദേശം നൽകുകയായിരുന്നു.
നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതിയും സർവകലാശാല നിയമ ഭേദഗതിയും ഗവർണർക്കു സർക്കാരിനെ അക്രമിക്കാനുള്ള ആയുധമായി മാറിയിരിക്കുകയാണിപ്പോൾ. രണ്ടു വിഷയത്തിലും ഗുരുതര ആരോപണങ്ങൾ സർക്കാർ നേരിട്ടു കൊണ്ടിരിക്കുന്നുമുണ്ട്. ബന്ധുനിയമനത്തിൽ അഴിമതിയുണ്ടെന്നു കണ്ട് ലോകായുക്ത മന്ത്രിയായിരുന്ന കെ.ടി ജലീലിനെതിരേ വിധി പറയുകയായിരുന്നു. തുടർന്ന് കെ.ടി ജലീലിന് ഒന്നാം പിണറായി സർക്കാരിൽ നിന്ന് രാജിവയ്‌ക്കേണ്ടിവന്നു. രാജി ആവർത്തിക്കപ്പെട്ടേക്കുമോ എന്ന ഭയത്താലായിരിക്കാം മന്ത്രിമാർക്കും എം.എൽ.എമാർക്കുമെതിരേ ലോകായുക്തയിൽ വിധി വന്നാലും അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ലോകായുക്താ വിധിയെ തള്ളാനുള്ള അധികാരം സർക്കാരിനുണ്ടെന്നുമുള്ള നിയമ ഭേദഗതി നിയമസഭ പാസാക്കിയത്. സർക്കാരിനെതിരേ ലോകായുക്തയിലുള്ള ചില കേസുകളിൽ വിധി വരാനിരിക്കുകയുമാണ്.
അതുപോലെ, സർക്കാർ നേരിട്ടു കൊണ്ടിരിക്കുന്ന മറ്റൊരു ആക്ഷേപമാണ് പാർട്ടി അനുഭാവികൾക്കും ബന്ധുക്കൾക്കും സർവകലാശാലകളിൽ അനർഹമായ നിയമനം നൽകുന്നു എന്നത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി നേരിട്ടുവന്ന് സമ്മർദം ചെലുത്തി എന്നാണ് ഈ വിഷയത്തിൽ ഗവർണർ വാർത്താസമ്മേളനത്തിൽ എടുത്തുദ്ധരിച്ചത്. സമ്മർദത്തിന് വഴങ്ങി ഗവർണർ മുഖ്യമന്ത്രിയുടെ ആവശ്യം നിറവേറ്റി കൊടുക്കുകയും ചെയ്തു. രാജ്ഭവനിൽ നിന്നു മേലിൽ ഇത്തരമൊരു തടസം പാർട്ടിബന്ധു നിയമനത്തിൽ ഉണ്ടാകരുതെന്ന തീരുമാനത്താലായിരിക്കണം സർവകലാശാല നിയമ ഭേദഗതി ബില്ലും നിയമസഭ പാസാക്കി ഗവർണറുടെ ഒപ്പിനായി അയച്ചു കൊടുത്തിട്ടുണ്ടാവുക. രണ്ടിലും ഒപ്പിടുകയില്ലെന്ന നിലപാട് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിലും ഗവർണർ ആവർത്തിക്കുകയുണ്ടായി.
ഇതിനു മുമ്പും സർക്കാരും ഗവർണറും പല വിഷയങ്ങളിലും കൊമ്പുകോർത്തിരുന്നു. അന്തിമഘട്ടത്തിൽ സർക്കാരുമായി രാജിയാകുന്ന നിലപാടായിരുന്നു ഗവർണർ സ്വീകരിച്ചു പോന്നിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പല സന്ദർഭങ്ങളിലായി അദ്ദേഹം ഉന്നയിച്ചിരുന്ന ആരോപണങ്ങളുടെ ആവർത്തനങ്ങളാണ് ഉണ്ടായത്. സ്‌തോഭജനകമായ കാര്യങ്ങളൊന്നും അദേഹം പുറത്തുവിട്ട മുഖ്യമന്ത്രിയുടെ കത്തിൽ കാണാൻ കഴിഞ്ഞതുമില്ല.
രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന ആപ്തവാക്യത്തെ ശരിക്കും തിരിച്ചറിഞ്ഞ് പ്രവർത്തിപഥത്തിൽ കൊണ്ടുവന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഈ ആയുസിനിടയിൽ വിവിധതരം രാഷ്ട്രീയ പാർട്ടികളിലാണ് അദ്ദേഹം തന്റെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങൾ നടത്തിയത്. പല ഭാഗ്യാന്വേഷികളെയും പോലെ ഒടുവിൽ എത്തിയത് ബി.ജെ.പിയിൽ. അമ്പു കൊള്ളാത്തവരില്ല ഗുരുക്കളിൽ, എന്നു പറയുന്നതുപോലെ ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഇരു വിഭാഗവും ഒരുപോലെ ശരങ്ങൾ ഏറ്റുവാങ്ങിയവരാണ്. ഇവിടുന്നങ്ങോട്ട് മുറുകാൻ പോകുന്ന അങ്കം സംസ്ഥാനത്തിന്റെ ഭരണചക്രത്തെ നിശ്ചലമാക്കുമോ എന്നാണ് ഭയപ്പെടേണ്ടത്. സംസ്ഥാനം ഒരാപൽ സന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സർക്കാർ ഓർക്കണം. മനുഷ്യരെ തെരുവുനായ്ക്കൾ കടിച്ചു കീറുന്ന ബീഭൽസവാർത്തകളാണ് നിത്യവും. കഴിഞ്ഞ ദിവസം തൊടുപുഴ ജില്ലാ ആശുപത്രിയിൽ വളർത്തുനായയ്ക്ക് പ്രതിരോധ കുത്തിവയ്പ് നൽകുകയായിരുന്ന വെറ്ററിനറി ഡോക്ടർക്കും നായയുടെ ഉടമസ്ഥർക്കും കടിയേൽക്കുകയുണ്ടായി. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇടുക്കി ചെറുതോണിയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്നു മകനെ രക്ഷിക്കുന്നതിനിടെ പിതാവിനു കടിയേൽക്കുകയുണ്ടായി. കുമളിയിലും സ്ത്രീക്ക് തെരുവുനായയുടെ കടിയേറ്റു. കൊച്ചുകുട്ടികൾ അടക്കം നിരവധി പേരാണ് ഇതിനകം പേപ്പട്ടികളുടെ കടിയേറ്റ് മരണപ്പെട്ടത്. അവരുടെ വീടുകളിലൊക്കെയും പ്രിയപ്പെട്ടവരുടെ വിയോഗം തീരാവേദനയായി ഇപ്പോഴുമുണ്ട്.
മനുഷ്യജീവൻ കവരുന്ന റോഡുകളെക്കുറിച്ച് രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസവും ഹൈക്കോടതി വിമർശിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെ വീട്ടിൽനിന്ന് പോകുന്നവർ ശവപ്പെട്ടിയിൽ തിരികെ വരരുതെന്ന താക്കീതാണ് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയത്. റോഡിലൂടെ യാത്ര ചെയ്തശേഷം സുരക്ഷിതമായി മടങ്ങിവരാനാകുമെന്ന ഉറപ്പു ലഭിക്കാൻ എത്രനാൾ കാത്തിരിക്കണമെന്നറിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറയുകയുണ്ടായി.
സ്‌കൂളുകളിലും കലാലയങ്ങളിലും മയക്കുമരുന്ന് വ്യാപനത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും അതിനെതിരേയുള്ള സർക്കാർ നടപടികളെക്കുറിച്ചും ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതുപോലെ, തെരുവുനായ ശല്യത്തെ പ്രതിരോധിക്കാൻ സർക്കാർ കൈകൊള്ളുന്ന നടപടികളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. ഇതിനെല്ലാം അടിയന്തര പ്രാധാന്യത്തോടെ തുടർനടപടികളാണ് ഉണ്ടാകേണ്ടത്. ഇതിനിടയിൽ സക്കാർ ഗവർണറുമായുള്ള വാചകക്കസർത്തിൽ അഭിരമിച്ചു സമയം കളയരുത്. ജനാധിപത്യത്തിൽ ആശയ സംഘട്ടനങ്ങൾ സാധാരണമാണ്. സംവാദങ്ങളും ആശയ പോരാട്ടങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തി. ഗവർണറും മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്ന അധരയുദ്ധത്തെ ആ ഗണത്തിൽ പെടുത്താനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."