'വരുമാനം നിലച്ചു, വലിയൊരു കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നടക്കാതായി' യു.പിയില്‍ ജീവനൊടുക്കിയ ബസ് കണ്ടക്ടറുടെ ഭാര്യ
'വരുമാനം നിലച്ചു, വലിയൊരു കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നടക്കാതായി' യു.പിയില്‍ ജീവനൊടുക്കിയ ബസ് കണ്ടക്ടറുടെ ഭാര്യ
ലഖ്‌നൗ: യാത്രക്കാര്‍ക്കു നമസ്‌കരിക്കാന്‍ ബസ് നിര്‍ത്തിക്കൊടുത്തതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട്, ഒടുവില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന യു.പി സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് ബസ് കണ്ടക്ടര്‍ മോഹിത് യാദവിന്റെ ഭാര്യ പ്രതികരണവുമായി രംഗത്ത്. ജോലി പോയ ശേഷം ഭര്‍ത്താവ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് അവര്‍ പറയുന്നു. വലിയ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഭര്‍ത്താവ്. എന്നാല്‍, ശമ്പളം കിട്ടാതായതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നും റിങ്കി പറഞ്ഞു.
''ജോലി നഷ്ടപ്പെട്ട ശേഷം മാനസികസംഘര്‍ഷത്തിലായിരുന്നു ഭര്‍ത്താവ്. വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്താന്‍ കാര്യമായ പണം കൈയിലുണ്ടായിരുന്നില്ല. ഒരുപാടു പേരുടെ കാര്യം നോക്കാനുള്ളതാണ്. ജൂണിലെ സംഭവത്തോടെ 17,000 രൂപ ശമ്പളമാണ് ഇല്ലാതായത്. ഇതോടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി പോലും കഷ്ടപ്പെടുകയായിരുന്നു ഞങ്ങള്‍.''റിങ്കി 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു.
ഉറക്കം നഷ്ടപ്പെട്ട് ക്ഷീണിച്ചു പോയിരുന്നു മോഹിത്തെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഒരു മനുഷ്യത്വം കാണിച്ചതിന്റെ വിലയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വലിയ തമാശക്കാരനായ ഏട്ടന്‍ സംഭവത്തിനു ശേഷം മിണ്ടാതായെന്ന് 18 വയസുള്ള സഹോദരന്‍ മനോജ് പറഞ്ഞു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരുപാട് അധികാരികളെ അദ്ദേഹം കണ്ടിരുന്നു. എന്നാല്‍, ആരും തിരിഞ്ഞുനോക്കിയില്ല. ഞങ്ങളുടെ പെങ്ങളുടെ വിവാഹം ഈ വര്‍ഷം നടക്കാനിരിക്കുകയായിരുന്നുവെന്നും മനോജ് പറഞ്ഞു.
ജൂണ്‍ അഞ്ചിനാണ് ഡ്രൈവര്‍ കെ.പി സിങ്ങിനെയും കണ്ടക്ടറായ മോഹിത് യാദവിനെയും ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. യു.പി മെയിന്‍പുരി ഗിരോര്‍ പൊലിസ് പരിധിയിലുള്ള നഗ്ല ഖുഷാലി സ്വദേശിയാണ് മോഹിത്. എട്ട് വര്‍ഷത്തിലേറെയായി യു.പി.എസ്.ആര്‍.ടി.സിയില്‍ കരാര്‍ ജീവനക്കാരനാണ്. രണ്ട് മുസ്‌ലിം യാത്രക്കാര്‍ക്കു നമസ്‌കരിക്കാനായി ബസ് അഞ്ച് മിനിറ്റ് നിര്‍ത്തിയതിനായിരുന്നു നടപടി. ബസ് നിര്‍ത്തി രണ്ടുപേര്‍ പുറത്തിറങ്ങി നമസ്‌കരിക്കുന്ന വിഡിയോ മറ്റു രണ്ടു യാത്രക്കാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണു നടപടിയുണ്ടായത്.
യാത്രക്കാര്‍ക്ക് മൂത്രമൊഴിക്കാന്‍ വേണ്ടിയാണ് ബസ് നിര്‍ത്തിയതെന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നു. ആ സമയത്ത് തങ്ങള്‍ നിസ്‌ക്കരിക്കട്ടേയെന്ന് രണ്ട് പേര്‍ ചോദിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. പിന്നീട് ഡ്രൈവറെ 50 ശതമാനം ശമ്പളം വെട്ടിക്കുറച്ച് ജോലിയിലേക്കു തിരിച്ചെടുത്തിരുന്നു. എന്നാല്‍, മോഹിതിന്റെ കാര്യത്തില്‍ അനുകൂല നടപടിയൊന്നുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."