HOME
DETAILS
MAL
ജി. സുധാകരനെതിരേ അന്വേഷണം: ആലപ്പുഴയിലെ സി.പി.എം ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു
backup
July 11 2021 | 04:07 AM
സ്വന്തം ലേഖകന്‍
ആലപ്പുഴ: അമ്പലമ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്‍ മന്ത്രിയും സംസ്ഥാന കമ്മിറ്റിയംഗവുമായ ജി.സുധാകരന്‍ വീഴ്ച വരുത്തിയെന്ന സ്ഥാനാര്‍ഥി എച്ച്.സലാമിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം രണ്ടംഗ കമ്മിഷനെ നിയോഗിച്ചതോടെ ആലപ്പുഴ ജില്ലയിലെ സി.പി.എം ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റം പ്രകടമായി. അമ്പലമ്പുഴയില്‍ ജി.സുധാകരന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ പുന:പരിശോധന ആവശ്യപ്പെടാന്‍ ഒറ്റക്കെട്ടായി നിലകൊണ്ട ജില്ലാ കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അവലോകനത്തിലെത്തിയതോടെ ചേരിതിരിവ് രൂപപ്പെട്ടു.
പുതിയ ഗ്രൂപ്പു സമവാക്യങ്ങള്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ രണ്ടു പതിറ്റാണ്ടായി ജി.സുധാകരന് ഉണ്ടായിരുന്ന മേധാവിത്വമാണ് തകരുന്നത്. സുധാകരന്റേത് അവസാന വാക്കായി നിലകൊണ്ടിരുന്ന ജില്ലാ കമ്മിറ്റിയില്‍ സുധാകരവിരുദ്ധര്‍ മേല്‍കൈ നേടുകയാണ്. വി.എസ് പക്ഷത്ത് നിലയുറപ്പിച്ചിരുന്ന സുധാകരന്‍ പിണറായി വിജയനോട് അടുത്തതോടെയാണ് പിണറായി പക്ഷത്തേക്ക് മാറിയത്. രണ്ട് തവണ മന്ത്രിയായി മാറിയപ്പോഴും സുധാകരന്റെ നിയന്ത്രണത്തിലായിരുന്നു ജില്ലയിലെ പാര്‍ട്ടി. മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ സുധാകരവിരുദ്ധര്‍ നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിയില്‍ വിജയം കണ്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിക്കപ്പെട്ടതോടെ ഗ്രൂപ്പ് സമവാക്യം മാറി.
ലോക്‌സഭയിലേക്ക് വിജയിച്ച എ.എം ആരിഫും സുധാകരനും തമ്മിലുള്ള പോര് പരസ്യമായി മാറിയെങ്കിലും നേതാക്കള്‍ സുധാകരനൊപ്പമായിരുന്നു. എന്നാല്‍ സുധാകരനൊപ്പം നിലയുറപ്പിച്ചിരുന്ന മുന്‍ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മന്ത്രിയായി മാറിയതോടെ പുതിയ ചേരി ശക്തമായി.
ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പ്രകടമായി. സുധാകരന്‍ വിട്ടുനിന്ന യോഗത്തില്‍ എ.എം ആരിഫ് തുടങ്ങിവച്ച വിമര്‍ശനം എച്ച്.സലാം ഉള്‍പ്പെടെ കൂടുതല്‍ നേതാക്കള്‍ പിന്തുണച്ചു. എച്ച്.സലാമിന്റെ വാചകങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ആക്ടിങ് സെക്രട്ടറി എം.വിജയരാഘവന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ സുധാകരനൊപ്പം നിലയുറപ്പിച്ചവരിലേറെപേരും മറുകണ്ടം ചാടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."