HOME
DETAILS
MAL
സ്വര്‍ണക്കടത്തു കേസ് കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം; സരിത്തിന്റെ മൊഴിയെടുത്തു
backup
July 11 2021 | 04:07 AM
സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ചില കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളുടെ പേരു പറയാത്തതിനാല്‍ പൂജപ്പുര ജയിലില്‍ സൂപ്രണ്ട് അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്ന പരാതിയില്‍ കേസിലെ പ്രതി സരിത്തിന്റെ മൊഴിയെടുത്തു.
അഭിഭാഷകരെ ഒഴിവാക്കി കൊച്ചി എന്‍.ഐ.എ കോടതിയാണ് സരിത്തിനെ ചേംബറില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഇതിനായി ഇന്നലെ രാവിലെ 11ന് കോടതി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. മൊഴിയെടുക്കല്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നു. വെള്ളിയാഴ്ചയാണ് ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്തു കേസില്‍ ചില കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളുടെ പേരുപറയാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും സരിത്ത് അഭിഭാഷകന് മുഖേന കോടതിയെ അറിയിച്ചത്.
തുടര്‍ന്നാണ് കോടതി പ്രത്യേക സിറ്റിങ് നടത്താന്‍ തീരുമാനിച്ചത്. ജയിലില്‍ കാണാനെത്തിയ അമ്മയോടും സഹോദരിയോടുമാണ് ഭീഷണിക്കാര്യം സരിത്ത് പറഞ്ഞത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, കേന്ദ്രമന്ത്രി വി.മുരളീധരന് തുടങ്ങിയവരുടെ പേര് പറയണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്ന് സരിത്ത് പറഞ്ഞതായിട്ടാണ് സൂചന.
സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. സമാന പരാതിയുമായി സരിത്തിന്റെ അമ്മ കസ്റ്റംസിനെയും സമീപിച്ചിട്ടുണ്ട്.
ജയില്‍ സൂപ്രണ്ടടക്കം മൂന്നുപേര്‍ നിരന്തരമായി പീഡിപ്പിക്കുന്നെന്നാണ് സരിത്തിന്റെ പരാതി. ഇവര്‍ ജയിലില്‍ ഉറങ്ങാന്‍ അനുവദിക്കുന്നില്ല, രാത്രി ഉറങ്ങുന്നതിനിടെ നിരന്തരം വിളിച്ചുണര്‍ത്തുന്നു, തുടങ്ങിയ പരാതികളാണ് സരിത്ത് ഉന്നയിച്ചത്. ഇതുസംബന്ധിച്ച് ഇയാള്‍ വിശദമൊഴി നല്‍കിയെന്നാണ് വിവരം. തുടര്‍ന്ന് പ്രതിക്ക് സംരക്ഷണം ഉറപ്പുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികവും ശാരീരികവുമായ പീഡനം ഉണ്ടാകരുതെന്ന് ജയില്‍ ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചു. സരിത്തിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ നാളെ വാദം കേള്‍ക്കും. തനിക്ക് സംരക്ഷണം വേണമെന്നും സരിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."