HOME
DETAILS
MAL
കിറ്റക്‌സ് എം.ഡിക്കെതിരേ പി.ടി തോമസിന്റെ ഒരുകോടിയുടെ മാനനഷ്ടക്കേസ്
backup
July 11 2021 | 04:07 AM
കൊച്ചി: കിറ്റക്‌സ് എം.ഡി സാബു എം.ജേക്കബ് തനിക്കെതിരേ നല്‍കിയ 100 കോടിയുടെ മാനനഷ്ടക്കേസിന് മറുപടി നല്‍കിയെന്ന് പി.ടി തോമസ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനാഭിലാഷം അനുസരിച്ചും ഭാവി തലമുറയുടെ സുരക്ഷ മുന്‍നിര്‍ത്തിയും കിറ്റക്‌സില്‍ നടക്കുന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വ്യക്തിപരമായി തകര്‍ക്കാനാണ് ശ്രമിച്ചത്.
നോട്ടിസ് അടിച്ചിറക്കി അപമാനിച്ചു. എം.എല്‍.എ എന്ന നിലയില്‍ വ്യക്തിപരമായി അവഹേളിച്ചതിന് ഒരുകോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയതായും വക്കീല്‍നോട്ടിസ് അയച്ചതായും അദ്ദേഹം പറഞ്ഞു. വ്യവസായം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ കോടതിയെ സമീപിക്കണം. നിയമ സംവിധാനത്തെ ഭയപ്പെടുന്നതു കൊണ്ടാണ് കോടതിയില്‍ പോകാത്തത്. ബിസിനസ് വളരുമ്പോള്‍ സ്വന്തംനാട്ടില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല.
അതിന്റെ ഭാഗമായായിരിക്കും കിറ്റെക്‌സ് തെലങ്കാനയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. 250ല്‍ താഴെ തൊഴിലാളികളുള്ള കിഴക്കമ്പലത്തെ കിറ്റക്‌സിന്റെ പത്തോളം യൂനിറ്റുകള്‍ക്കെതിരേയാണ് താന്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ പതിനായിരം പേരുടെ ജോലി നഷ്ടമാക്കുന്നു എന്ന രീതിയിലാണ് മീഡിയ മാനേജ്‌മെന്റിലൂടെ പ്രചരിപ്പിക്കുന്നത്. വസ്തുതകള്‍ ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ക്ക് ബോധ്യപ്പെടും. രാജ്യത്തെ നിയമം പാലിക്കണമെന്ന് പറയുമ്പോള്‍ പണത്തിന്റെ ധിക്കാരത്തില്‍ സൗകര്യമില്ല എന്നു പറയുന്നത് അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ബി ടീമായി പ്രവര്‍ത്തിച്ച ട്വന്റി 20യുമായി എന്തിന്റെ പേരിലാണ് തെറ്റിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാനാണ് ഇത്തരം കൂട്ടുകെട്ടിന് മുതിര്‍ന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."