ഗവർണർക്കെതിരേ കടുപ്പിച്ച് ഇടതുമുന്നണി; 'രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചടിക്കും'
എം.എൻ
സ്മാരകത്തിലെത്തി എം.വി ഗോവിന്ദൻ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സർക്കാരിനെതിരേ വാളോങ്ങി നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നിലപാട് കടുപ്പിച്ച് ഇടതുമുന്നണി. ഗവർണറുടെ മാന്യതവിട്ട് ഇനിയും പെരുമാറിയാൽ അതേ നിലയിൽ തിരിച്ചടിക്കാനാണ് മുഖ്യമന്ത്രിയുടെയും ഇടതുപാർട്ടികളുടെയും തീരുമാനം.
ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് കൊടുക്കേണ്ട പരിഗണന ഇനി ആരിഫ് മുഹമ്മദ് ഖാന് നൽകേണ്ടതില്ലെന്ന് സി.പി.എമ്മും സി.പി.ഐയും തീരുമാനിച്ചു. ഗവർണർ രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചടിക്കും. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എം.എൻ സ്മാരകത്തിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തി.
സാധാരണ എ.കെ.ജി സെന്ററിൽവച്ചാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ എം.വി ഗോവിന്ദൻ സെക്രട്ടറിയായതിനു ശേഷം കാനത്തിനെ കണ്ടിരുന്നില്ല. അതിനാലാണ് സി.പി.ഐയുടെ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ നേരിട്ടെത്തിയത്. എം.വി ഗോവിന്ദനൊപ്പം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉണ്ടായിരുന്നു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയും ചർച്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ ഗവർണർ ആർ.എസ്.എസ് ചായ്‌വ് തുറന്നു കാട്ടിയത് ഇടതുമുന്നണിക്ക് തുറുപ്പ് ചീട്ടായി മാറിയിരിക്കുകയാണ്. ഗവർണർ അഴിച്ചുവിട്ട ആരോപണങ്ങളിൽ അനാവശ്യമായി പ്രകോപിതരാകേണ്ടെന്നാണ് ഇരു പാർട്ടികളും തീരുമാനിച്ചത്. എന്നാൽ ഗവർണറുടെ ആർ.എസ്.എസ് ബന്ധം തുറന്നു കാട്ടണമെന്നും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."