അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി • കോഫെപോസ കരുതല്‍ തടങ്കല്‍ സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവിയുടെ രഹസ്യക്കത്ത് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് ഡി.ജി.പി അയച്ച രഹസ്യ കത്താണ് ചോര്‍ന്നത്. ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കാനാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി.ജി. അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം കാവനൂര്‍ സ്വദേശി ഫസലുറഹ്മാനും മറ്റു ചിലർക്കുമെതിരേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കോഫെ പോസ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവിട്ടിരുന്നു. ഇൗ വിവരം ലഭിച്ച ഫസലുറഹ്മാന്‍ ഒളിവില്‍ പോവുകയും തുടര്‍ന്ന് തടങ്കല്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതിനിടെ തടങ്കല്‍ ഉത്തരവ് ചോദ്യം ചെയ്ത് ഫസലുറഹ്മാന്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുകയായിരുന്നു. ''സീക്രട്ട്'' എന്ന് പ്രത്യേകം എഴുതിയ കത്ത് കേസില്‍ തടങ്കല്‍ ഉത്തരവ് നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നുവെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്.മനു ചൂണ്ടിക്കാട്ടി.തുടര്‍ന്ന് പൊലിസില്‍ നിന്നും കോടതി വിശദീകരണം തേടി. മറ്റൊരാളുടെ തടങ്കല്‍ ഉത്തരവ് നടപ്പാക്കുന്ന സമയത്ത് ഉത്തരവിനൊപ്പം സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്‍കുകയായിരുന്നു എന്നും അയാളില്‍ നിന്നാണ് കേസിലെ ഹരജിക്കാരന് രഹസ്യരേഖയുടെ പകര്‍പ്പ് ലഭിച്ചതെന്നുമാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍ രഹസ്യരേഖ കരുതല്‍ തടങ്കല്‍ നേരിടുന്ന വ്യക്തിക്ക് ലഭിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.തുടര്‍ന്ന് അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."