ദേവസ്വം ബോർഡിന്റെ പേരിൽ തട്ടിപ്പ് ; പ്രതിയെ സഹായിച്ച മൂന്ന് എസ്.ഐമാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം • ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പേരിൽ തൊഴിൽ തട്ടിപ്പു നടത്തിയ സംഘത്തെ സഹായിച്ച മൂന്ന് ഗ്രേഡ് എസ്.ഐമാരെ സസ്‌പെൻഡ് ചെയ്തു. മാവേലിക്കര സ്റ്റേഷനിലെ വർഗീസ്, ഗോപാലകൃഷ്ണൻ, ഹക്കീം എന്നിവരെയാണ് സംസ്ഥാന പൊലിസ് മേധാവി സസ്‌പെൻഡ് ചെയ്തത്.
തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിനീഷിന് പൊലിസ് ഉദ്യോഗസ്ഥർ കേസിലെ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കുറ്റം. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വ്യാജ നിയമ ഉത്തരവ് നൽകി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. തൊഴിൽ തട്ടിപ്പിലെ മുഖ്യപ്രതി വിനീഷിനെ സഹായിക്കാൻ പൊലിസുകാരും കൂട്ടുനിന്നെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടത്തിയത്.
മാസങ്ങൾക്കു മുമ്പ് പരാതി നൽകിയിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലിസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയാണെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. രാജഗോപാൽ പറഞ്ഞിരുന്നു.
വൻ തട്ടിപ്പാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വ്യാജ രേഖകൾ ഉപയോഗിച്ച് നടന്നത്. വൈക്കം ക്ഷേത്രകലാപീഠത്തിൽ ക്ലർക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്‌മെന്റിന്റെ നിയമന ഉത്തരവുമായി യുവതി ബോർഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പു പുറത്തുവരുന്നത്. വ്യാജ നിയമന ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ മാർച്ച് 23ന് ഡി.ജി.പിക്ക് പരാതി നൽകി. പക്ഷേ മൂന്ന് മാസത്തിനു ശേഷം മാത്രമാണ് സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിക്കുന്നത്. രണ്ടരക്കോടിയുടെ തട്ടിപ്പാണ് മാവേലിക്കരയിൽ മാത്രം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."