കശ്മിര്‍: ഒന്നരനൂറ്റാണ്ടിന് തിരുത്ത്; ദര്‍ബാര്‍ ഇനി മാറില്ല
ശ്രീനഗര്‍: ഒന്നരനൂറ്റാണ്ടായി തുടരുന്ന ദര്‍ബാര്‍ മാറ്റം ഇനി ചരിത്രം. ജമ്മുകശ്മിര്‍ തലസ്ഥാനം ആറുമാസത്തിലൊരിക്കല്‍ ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കും തിരിച്ചും മാറ്റുന്ന നടപടി അവസാനിപ്പിച്ചു.
കൊവിഡ് പശ്ചാത്തലത്തിലാണിത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ജൂണ്‍ 20ന് പുറപ്പെടുവിച്ച ഉത്തരവോടെയാണ് 149 വര്‍ഷമായി തുടര്‍ന്നുവരുന്ന ദര്‍ബാര്‍ മാറ്റത്തിന് അവസാനമാകുന്നത്. കശ്മിരിലെ ദോഗ്ര ഭരണാധികാരി മഹാരാജാ രണ്‍ബീര്‍ സിങാണ് 1872ല്‍ ദര്‍ബാര്‍ മാറ്റത്തിന് തുടക്കമിട്ടത്. കശ്മിരില്‍ ശൈത്യകാലം തുടങ്ങുമ്പോള്‍ ജമ്മുവിലേക്ക് തലസ്ഥാനം മാറ്റുന്നതും വസന്തകാലമാകുമ്പോള്‍ തിരിച്ചെത്തുന്നതുമായിരുന്നു രീതി.
മഞ്ഞുകാലത്ത് കശ്മിരില്‍ റോഡ് ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തിലാണ് തലസ്ഥാനം ഈ ഘട്ടത്തില്‍ ജമ്മുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യത്തിനുശേഷവും ഇതു തുടര്‍ന്നു. മെയ് ഒന്നു മുതല്‍ ഒക്ടോബര്‍ അവസാനം വരെയാണ് ശ്രീനഗര്‍ തലസ്ഥാനം.
പിന്നാലെ ജമ്മുവിലേക്ക് മാറും. ഏപ്രിലില്‍ വസന്തം വരുന്നതോടെ ജമ്മുവില്‍ നിന്ന് തിരിച്ചുവരികയും മെയ് ഒന്നു മുതല്‍ ശ്രീനഗറില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. സിവില്‍ സെക്രട്ടേറിയറ്റിലെ 9,000 വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തലസ്ഥാന മാറ്റത്തിനൊപ്പം നിരവധി ബസുകളിലായി ജമ്മുവിലേക്ക് മാറുന്നതാണ് ഇതിലെ വലിയ ചടങ്ങ്.
ട്രക്കുകളില്‍ ഓഫിസ് ഫയലുകളും അനുബന്ധ സാമഗ്രികളും കൂട്ടത്തോടെ ജമ്മുവിലെത്തിക്കും. ശൈത്യത്തിന്റെ അവസാനത്തിലുള്ള തിരിച്ചുപോക്കും ഇതുപോലെയാവും. സാധനങ്ങള്‍ കയറ്റിയിറക്കുന്നതിന് നിരവധി തൊഴിലാളികളുടെ ആവശ്യമുണ്ടാകും.
ഇതെല്ലാം അവസാനിപ്പിച്ച് ശ്രീനഗറിലെയും ജമ്മുവിലെയും സെക്രട്ടേറിയറ്റുകള്‍ ഒരുപോലെ 12 മാസവും പ്രവര്‍ത്തിക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടത്. ഫയല്‍ കൈമാറ്റം ഇ-ഓഫിസ് സൗകര്യംവഴി നടത്തണം. രണ്ടു തലസ്ഥാനത്തും ഉദ്യോഗസ്ഥര്‍ക്കായി താമസസൗകര്യവും ഒരുക്കിയിട്ടുണ്ടായിരുന്നു. ജമ്മുവില്‍ 3,200 ഉം ശ്രീനഗറില്‍ 1,478ഉം യൂനിറ്റ് സര്‍ക്കാര്‍ അക്കോമഡേഷനുകളാണ് ഉണ്ടായിരുന്നത്. അതത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം തലസ്ഥാനത്തുള്ള താമസസൗകര്യം റദ്ദാക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു. 200 കോടിയാണ് ഓരോ വര്‍ഷനും ദര്‍ബാര്‍ മാറ്റത്തിന് വരുന്ന ചെലവായി കണക്കാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."