പാശ്ചാത്യ കുടിയേറ്റത്തിന് ഇന്ത്യക്കാര്‍ യു.എ.ഇയെ ചവിട്ടുപടിയാക്കുന്നുവോ?
പാശ്ചാത്യ കുടിയേറ്റത്തിന് ഇന്ത്യക്കാര്‍ യു.എ.ഇയെ ചവിട്ടുപടിയാക്കുന്നുവോ?
യു.എ.ഇയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്ന മുപ്പത്തിയഞ്ചുകാരി ജാന്‍സി ജാനറ്റ് യു.കെ യാത്രക്കുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തയാക്കിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം തന്റെ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ജാന്‍സി യു.കെയിലേക്കു പറക്കും. യു.കെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസിലാണ് (എന്‍.എച്ച്.എസ്) ജാന്‍സിക്ക് ജോലി ലഭിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികളെ കണ്ടെത്താനായി യു.എ.ഇയിയില്‍ വന്ന് ഇന്റര്‍വ്യൂ നടത്തിയ എന്‍.എച്ച്.എസ് സംഘമാണ് ജാന്‍സിക്ക് നിയമനം നല്‍കിയത്. ഓട്ടോമൊബൈല്‍ മെക്കാനിക്കായി യു.എ.ഇയില്‍ തന്നെപ്രവര്‍ത്തിക്കുകയായിരുന്ന ഭര്‍ത്താവ് സജി ചാക്കോ ജോലി രാജിവച്ച് യു.കെ യാത്രയ്ക്കായി കുടുംബത്തെ സഹായിക്കുന്നു.യു.എ.ഇയില്‍ നിന്നുള്ളപ്രവൃത്തിപരിചയത്തിന് ആഗോളാടിസ്ഥാനത്തില്‍ മൂല്യമുണ്ടെന്നും അതിനാലാണ് തന്റെ ഭാര്യക്ക് യു.കെയില്‍ നിയമനം ലഭിച്ചതെന്നുമാണ് ഫോണ്‍ സംഭാഷണത്തിനിടെ സജി സൂചിപ്പിച്ചത്. യു.എ.ഇയിലെ മൂന്നാം തലമുറയില്‍പെട്ട പ്രവാസികളിലെ വിദഗ്ധ തൊഴിലാളിയാണ് ജാന്‍സി. ഇവിടെ നഴ്‌സായി പ്രവര്‍ത്തിക്കവേ ലോകനിലവാരത്തിലുള്ള തൊഴില്‍ നൈപുണ്യം ആര്‍ജിച്ചെടുക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ട്.
യു.എ.ഇ എന്നൊരു രാജ്യം ഉണ്ടാവുന്നതിനും മുമ്പ്, 1960കള്‍ മുതല്‍ ഇന്ത്യക്കാര്‍ ഇവിടേക്കുള്ള കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്. 1960ല്‍ യു.എ.ഇയിലേക്ക് കുടിയേറിയ മലയാളി മണികണ്ഠന്‍ പറയുന്നത് തന്റെ ജീവിതം ഭദ്രമായത് യു.എ.ഇയില്‍ എത്തിയതിനുശേഷമാണ് എന്നാണ്. മണികണ്ഠന്റെ മക്കളും പേരമക്കളുമായി നിരവധി പേര്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുന്നുണ്ട്. 2022 ജൂലൈയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖപ്രകാരം വിവിധ വിസകളിലായി 35,00,000 ഇന്ത്യക്കാര്‍ യു.എ.ഇയില്‍ ജീവിക്കുന്നുണ്ട്. ഈ 3.5 മില്യന്‍ ആകെ യു.എ.ഇ ജനസംഖ്യയുടെ മുപ്പതു ശതമാനമാണ്. ഇതില്‍ കുറഞ്ഞ കാലത്തെ വിസയിന്മേല്‍ ജോലിയെടുക്കുന്ന കെട്ടിട നിര്‍മാണ തൊഴിലാളികള്‍ മുതല്‍ അഞ്ചു മുതല്‍ പത്തു വര്‍ഷംവരെ കാലാവധിയുള്ളതും പുതുക്കാവുന്നതുമായ ഗോള്‍ഡന്‍ വിസയുള്ള നിക്ഷേപകരും വ്യവസായികളും ഉള്‍പ്പെടുന്നു. യു.എ.ഇയുടെ മൊത്തം വ്യാപാരത്തിന്റെ ഏകദേശം ഒമ്പത് ശതമാനത്തോളം ഇന്ത്യയുമായാണ് എന്നതിനാല്‍ യു.എ.ഇയുമായുള്ള കച്ചവടബന്ധത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. 14 ശതമാനത്തോളം വരുന്ന എണ്ണയിതര കയറ്റുമതിയും ഇതിനു കാരണമാണ്. ഇന്ത്യയുമായുള്ള കച്ചവടബന്ധത്തില്‍ മൂന്നാം സ്ഥാനത്താണ് യു.എ.ഇ വരുന്നത്. 1970മുതല്‍ പ്രതിവര്‍ഷം 180 മില്യന്‍ ഡോളറിന്റെ കച്ചവടമാണ് ഇന്ത്യക്കും യു.എ.ഇക്കും ഇടയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇത് 72.8 ബില്യന്‍ ഡോളറാണ്. വരുമാനമായി 90 ബില്യന്‍ ഡോളറാണ് 2022ല്‍ ഇന്ത്യയിലേക്കെത്തിയത്. മറ്റു രാജ്യങ്ങളിലേതിനു സമാനമായി 1980ലെ തൊഴില്‍ നിയമം പരിഷ്‌കരിച്ചുകൊണ്ട് കൂടുതല്‍ പ്രവാസികളെ ആകര്‍ഷിക്കുന്നതിനുള്ള പല പരിഷ്‌കരണങ്ങളും യു.എ.ഇ പരിചയപ്പെടുത്തുകയുണ്ടായി. തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ഇടയിലുള്ള കരാറുബന്ധത്തെ വളരെ നല്ലരീതിയില്‍ സഹായിക്കുന്ന പല നിബന്ധനകളും ഈ നിയമത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, വിവിധ രീതിയില്‍ തൊഴിലെടുക്കാനുള്ള സാഹചര്യങ്ങളും പുതിയ നിയമ പ്രകാരം തൊഴിലാളികള്‍ക്കു ലഭിക്കും. മുഴുവന്‍ സമയ ജോലിയും അര്‍ധസമയ ജോലിയും കൂടാതെ താല്‍ക്കാലികമായും നിശ്ചിത മണിക്കൂറുകള്‍ക്കായി ജോലി ചെയ്യുന്നതിനുമുള്ള സൗകര്യവും ഇങ്ങനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
എമിറേറ്റ്‌സിലെ മാനവവികസന മന്ത്രാലയം വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കുമായി പന്ത്രണ്ടു തരത്തിലുള്ള തൊഴില്‍ പെര്‍മിറ്റുകളാണ് ലഭ്യമാക്കുന്നത്. പുതിയ തരത്തിലുള്ള അവധികളും പരിചയപ്പെടുത്തിയിട്ടുണ്ട്. 2021നെ അപേക്ഷിച്ച് 2022ല്‍ സ്വകാര്യമേഖലയില്‍ പതിനൊന്ന് ശതമാനത്തോളം വളര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രമായി 2.1 മില്യന്‍ തൊഴില്‍ പെര്‍മിറ്റുകളാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് 1.5 മില്യനായിരുന്നു. അഥവാ തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതിലും 38 ശതമാനത്തോളം വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയില്‍ നിന്നുള്ള രേഖ പ്രകാരം വിദേശ പൗരന്മാര്‍ക്ക് യു.എ.ഇയിലേക്ക് വരാനും താമസിക്കുന്നതിനുമുള്ള നിബന്ധനകളില്‍ പ്രസക്തമായ മാറ്റങ്ങള്‍ വരുത്തുന്നത് യു.എ.ഇ കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. പ്രായവ്യത്യാസങ്ങളില്ലാതെ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാനും ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. ലോകോത്തര സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തര ബിരുദമോ പിഎച്ച്.ഡിയോ ഉള്ളവര്‍ക്കും ഗവേഷകര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. വൈദ്യരംഗം, ശാസ്ത്രസാങ്കേതിക മേഖലകള്‍ തുടങ്ങി വിവിധ പ്രൊഫഷനല്‍ മേഖലകളില്‍ നൈപുണ്യമുള്ളവര്‍ക്കും കലാസാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. സ്വയം സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് അഞ്ച് വര്‍ഷത്തോളം യു.എ.ഇയില്‍ താമസിക്കാവുന്ന വിസയും പരിചയപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യക്കാര്‍ക്കിടയില്‍ യു.കെ, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചൊരു പ്രവണതയായി കാണുന്നുണ്ട്. ജാന്‍സി അതിന് ഉദാഹരണമാണ്. ചിലര്‍ യു.കെ, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കു കുടിയേറുമ്പോള്‍ മറ്റു ചിലര്‍ യു.എ.ഇയില്‍ തന്നെ തുടരാനാണ് താല്‍പര്യം. യു. എ.ഇയിലെ സ്വര്‍ണ വ്യാപാരി ബിജി ഈപ്പന്‍ പറയുന്നത് കഴിഞ്ഞ മൂന്നു മാസത്തിനിടെ വിദ്ഗ്ധ തൊഴില്‍ മേഖലയിലെ തന്റെ ഏഴു പ്രവാസി സുഹൃത്തുക്കള്‍ യു.കെ, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കായി കുടിയേറി എന്നാണ്. തങ്ങളുടെ മക്കളുടെ മെച്ചപ്പെട്ട സൗജന്യ വിദ്യാഭ്യാസത്തിനും മറ്റു സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും മുന്നില്‍ കണ്ടുകൊണ്ടാണ് പ്രവാസികള്‍ ഇത്തരം രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്നാണ് ബിജി ഈപ്പന്റെ അഭിപ്രായം. യു.എ.ഇയില്‍ നിന്ന് സ്വായത്തമാക്കുന്ന തൊഴില്‍ പരിശീലനം മറ്റു രാജ്യങ്ങളില്‍ തൊഴില്‍നേടുന്നതിന് ഇവരെ സഹായിക്കുന്നുണ്ട്. കൂടാതെ, ദുബൈയിലെ റിക്രൂട്ടിങ് ഏജന്‍സികളും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍നിന്നുപോലും സ്ഥാപനങ്ങള്‍ യു.എ.ഇയില്‍ വന്നാണ് അഭിമുഖങ്ങള്‍ നടത്തുന്നത്. എന്നാല്‍ ദുബൈയില്‍ തന്നെ തുടരാനാണ് ബിജിയുടെ തീരുമാനം. അബൂദബിയിലെ ഐ.ടി എന്‍ജിനീയര്‍ സുജിത് ജോസഫിനു ഒരു കനേഡിയന്‍ കമ്പനിയില്‍ നിന്ന് ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും സ്വീകരിക്കേണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ല.
ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍ ഷൈന്‍ ജോസ് പറയുന്നത് യു.എ.ഇയില്‍ നിന്നുള്ള പ്രവൃത്തിപരിചയം ആസ്‌ത്രേലിയയില്‍ ജോലി കിട്ടാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ്. യു.എ.ഇയില്‍ ഏഴു വര്‍ഷത്തോളം നഴ്‌സായിരുന്നു ഷൈന്‍. 'ഇവിടെ നിന്നുള്ള പ്രവൃത്തി പരിചയം ലിവറേജ് പോയന്റുകളായി ലഭിക്കും. ഇത് മൈഗ്രേഷന്‍ പേപ്പറുകള്‍ തയാറാക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുമെന്നും' ഷൈന്‍ പറയുന്നു. ഷൈനിന്റെ കുടുംബവും ആസ്‌ത്രേലിയയിലാണ്.
ദുബൈയില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന മനോജ് പി. പറയുന്നത് യു.കെ, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള റിക്രൂട്ടിങ് ഏജന്‍സികളും സ്ഥാപനങ്ങളും നിരന്തരമായി ബന്ധപ്പെടുകയും യു.എ.ഇയില്‍ വന്ന് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. അതേസമയം, വര്‍ധിച്ചുവരുന്ന ഈ കുടിയേറ്റ പ്രവണതയെ മുതലെടുത്തുകൊണ്ട് ദുബൈയിലെയും മറ്റു പല രാജ്യങ്ങളിലെയും റിക്രൂട്ടിങ് ഏജന്‍സികള്‍ വ്യാജ ജോലികളുടെ പേരില്‍ ഭീമന്‍ തുകകള്‍ വിസക്കായും പേപ്പറുകള്‍ ശരിയാക്കുന്നതിനായും മറ്റും ഈടാക്കുന്നുണ്ട് എന്നും മനോജ് പറയുന്നു. അടിയന്തരമായി ജോലി അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളെയാണ് ഇത്തരക്കാര്‍ ഇരകളാക്കുന്നത്.
2023 മാര്‍ച്ചില്‍ പുറത്തുവിട്ട ഇമിഗ്രേഷന്‍ കണക്കുകള്‍ പ്രകാരം ആശ്രിതര്‍ക്കുള്‍പ്പെടെ 211,285 മുതല്‍ 487,771 തൊഴില്‍ വിസകളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 161,771 മുതല്‍ 632,006 വിദ്യാഭ്യാസ വിസകളും നല്‍കിയിട്ടുണ്ട്. ഇതില്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടവരും കുറഞ്ഞ കാലാവധി കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും ഉള്‍പ്പെടുന്നുണ്ട്. വിദഗ്ധ തൊഴിലാളികള്‍ക്കായുള്ള വിസ അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 59 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തെ വിദഗ്ധ തൊഴിലാളി വിസക്കുള്ള അപേക്ഷകരുടെ എണ്ണം രണ്ട് മടങ്ങിലധികം വര്‍ധിച്ചിട്ടുണ്ട്. ഈ രണ്ടു മേഖലകളിലും ഏറ്റവും കൂടുതല്‍ വിസ ലഭിക്കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്കാണെന്നും സര്‍ക്കാര്‍ കണക്കുകളില്‍നിന്ന് വ്യക്തമാണ്.
യു.കെയിലേതിനു സമാനമായി ആസ്‌ത്രേലിയയിലേക്കും കാനഡയിലേക്കും കുടിയേറുന്ന വിദഗ്ധ പ്രവാസികള്‍ക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍, സ്വന്തമായി സ്വത്ത് വാങ്ങാനുള്ള അവകാശം എന്നിവ ഇതിലുള്‍പ്പെടുന്നു. സുജിത്തിനെ പോലുള്ള ചിലര്‍ യു.എ.ഇ ഉപേക്ഷിക്കണോ എന്നതില്‍ സംശയിക്കുമ്പോള്‍ ഒരു കാരണവശാലും യു.എ.ഇ വിടില്ല എന്ന നിലപാടാണ് ബിജിയെ പോലുള്ളവര്‍ക്ക്. വികസിത രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ അന്വേഷിച്ച് യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ വിദഗ്ധ തൊഴിലാളികള്‍ക്കായി വലിയൊരു ആവശ്യകത ഉയര്‍ന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."