ജി.സുധാകരനെതിരേ പാര്‍ട്ടിഅന്വേഷണം രണ്ടംഗ കമ്മിഷനെ നിയോഗിച്ച് സി.പി.എം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുരുതരമായ വീഴ്ച വന്നുവെന്ന പരാതിയില്‍ മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരനെതിരേ പാര്‍ട്ടിതല അന്വേഷണം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ് എന്നിവരാണു കമ്മിഷന്‍ അംഗങ്ങള്‍. എന്നാല്‍ കമ്മിഷന്റെ അന്വേഷണം സുധാകരനെതിരേയല്ലെന്നും ആലപ്പുഴ ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചാണെന്നുമാണ് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. അന്വേഷണം വ്യക്തികേന്ദ്രീകൃതമല്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കി.
ഘടകകക്ഷി നേതാക്കളായ ജോസ് കെ.മാണി (പാല) യുടെയും എം.വി ശ്രേയാംസ്‌കുമാറി (കല്‍പറ്റ)ന്റേയും തോല്‍വി പരിശോധിക്കാനും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വയനാട്, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റാകും ഇവിടങ്ങളിലെ തോല്‍വി പരിശോധിക്കുക.
സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജി.സുധാകരന്‍ പകരം മത്സരിച്ച തനിക്കു സഹകരണമൊന്നും നല്‍കിയില്ലെന്നായിരുന്നു അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാം ആരോപണം ഉന്നയിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ സലാമിനെതിരേ പോസ്റ്റര്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. എസ്.ഡി.പി.ഐക്കാരനായിട്ടുള്ള ഒരാളാണ് സലാം എന്നു തുടങ്ങി വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പല പ്രചാരണങ്ങളും ഉണ്ടായി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനോ, മറുപടി നല്‍കാനോ ജി.സുധാകരന്‍ തയാറായില്ല. ആദ്യഘട്ടത്തില്‍ ജി.സുധാകരന്‍ വിട്ടുനിന്നത് മണ്ഡലത്തില്‍ തോല്‍വിക്ക് പോലും കാരണമാകുമോ എന്ന ആശങ്ക പാര്‍ട്ടിക്കും അവിടത്തെ സ്ഥാനാര്‍ഥിക്കും ഉണ്ടായിരുന്നു.
ജില്ലാ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സുധാകരനെതിരേ വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയം സംസ്ഥാന കമ്മിറ്റിക്കു വിട്ടത്. വിമര്‍ശനമുയര്‍ന്ന ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ നിന്നും ജി.സുധാകരന്‍ വിട്ടു നിന്നിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരേ അന്വേഷണ കമ്മിഷനടക്കമുള്ള ഒരു നീക്കവും ഉണ്ടാകാന്‍ പാടില്ലെന്ന ധാരണയിലായിരുന്നു എത്തിയത്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സജി ചെറിയാന്‍ അടക്കമുള്ള ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ സുധാകരനെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെ ഉചിതമായ പാര്‍ട്ടി നടപടി വേണമെന്നും ആവശ്യപ്പെട്ടു. സുധാകരന്‍ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാത്തതു ധാര്‍ഷ്ട്യം കൊണ്ടാണെന്നുപോലും സംസ്ഥാന കമ്മിറ്റിയില്‍ ചില നേതാക്കള്‍ വിമര്‍ശിച്ചു. വിഷയത്തില്‍ മറുപടി പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴയിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും സുധാകരനില്‍ മാത്രം പ്രശ്‌നം ഒതുക്കേണ്ടതല്ലെന്നും പറഞ്ഞു. രണ്ടംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."