പുതിയ മോദി മന്ത്രിസഭയിലെ 42 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍
90 ശതമാനവും കോടീശ്വരന്‍മാര്‍
ന്യൂഡല്‍ഹി: പുതിയ നരേന്ദ്രമോദി മന്ത്രിസഭയില്‍ 42 ശതമാനം പേര്‍ ക്രിമിനല്‍ക്കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പുനഃസംഘടനയില്‍ 36 പുതുമുഖങ്ങള്‍കൂടി എത്തിയതോടെ ആകെ മന്ത്രിമാരുടെ എണ്ണം 78 ആയി ഉയര്‍ന്നിരുന്നു. ഇതില്‍ 33 പേര്‍ ക്രിമിനല്‍ക്കേസ് പ്രതികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 24 പേര്‍ കൊലപാതകം, വധശ്രമം, പിടിച്ചുപറി അടക്കമുള്ള ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ്.
പുനഃസംഘടനക്കു മുന്‍പുള്ള മന്ത്രിസഭയിലും നിരവധി ക്രിമിനല്‍ക്കേസ് പ്രതികളുണ്ടായിരുന്നു. പുനഃസംഘടനയോടെ ക്രിമിനലുകളുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. കഴിഞ്ഞ മന്ത്രിസഭയില്‍ 56 (39 ശതമാനം) പേരായിരുന്നു ക്രിമിനല്‍ക്കേസ് പ്രതികള്‍. പുതിയ മന്ത്രിസഭയിലെ 90 ശതമാനം പേരും കോടീശ്വരന്‍മാരാണ്, (70 പേര്‍). തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഒരു കോടിയെങ്കിലും ആസ്തിയുള്ളവരായി കാണിച്ചവരെയാണ് കോടീശ്വരന്‍മാരായി കണക്കാക്കിയിരിക്കുന്നത്. 379 കോടിയിലധികം ആസ്തിയുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് മന്ത്രിസഭയിലെ ഏറ്റവും കോടീശ്വരന്‍.
പിയൂഷ് ഗോയല്‍ (95കോടി), നാരായണ്‍ റാണെ(87 കോടി), രാജീവ് ചന്ദ്രശേഖര്‍(64 കോടി) എന്നിവര്‍ 50 കോടിയിലധികം ആസ്തിയുള്ളവരാണ്. 16.24 കോടിയാണ് മന്ത്രിമാരുടെ ശരാശരി ആസ്തി. ത്രിപുരയില്‍ നിന്ന് മന്ത്രിസഭയിലെത്തിയ പ്രതിമ ബൗമികിനാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ളത്, ആറു ലക്ഷം.
പശ്ചിമബംഗാളില്‍ നിന്നുള്ള ജോണ്‍ ബാര്‍ല (14 ലക്ഷം) രാജസ്ഥാനില്‍ നിന്നുളള കൈലാഷ് ചൗധരി (24 ലക്ഷം) തുടങ്ങിയവരാണ് മന്ത്രിസഭയിലെ മറ്റു 'ദരിദ്രര്‍'. വി മുരളീധരന്റെ ആസ്തി 27 ലക്ഷമാണ്. 21 മന്ത്രിമാര്‍ക്ക് ബിരുദാനന്തര ബിരുദമുണ്ട്, 17 പേര്‍ക്ക് ബിരുദവും 17 പേര്‍ക്ക് പ്രഫഷണല്‍ ബിരുദവുമുണ്ട്. രണ്ടുപേര്‍ക്ക് എട്ടാംക്ലാസേയുള്ളൂ. മൂന്നുപേര്‍ പത്താംക്ലാസുകാരും ഏഴുപേര്‍ 12ാം ക്ലാസുകാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."