ശിവശങ്കര്‍ പുറത്തുതന്നെ; സസ്‌പെന്‍ഷന്‍ തുടരും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു എന്നു കാണിച്ചാണ് സസ്‌പെന്‍ഷന്‍ നീട്ടാനുള്ള തീരുമാനം ചീഫ് സെക്രട്ടറി കൈക്കൊണ്ടത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ശിവശങ്കറിനെ സര്‍വിസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി അടുത്തബന്ധം പുലര്‍ത്തി അവരെ സഹായിച്ചു, സ്വപ്ന സുരേഷിന് അനര്‍ഹമായി സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇടപെട്ടു എന്നിവയായിരുന്നു ചട്ടലംഘനമായി കണക്കാക്കിയത്.
സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുന്നതില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കേന്ദ്ര നിലപാട് തേടിയിരുന്നു. കേന്ദ്ര തീരുമാനം വരും മുന്‍പാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.
സസ്‌പെന്‍ഷന്‍ നീട്ടിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
സസ്‌പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
ഇതിനായി സംസ്ഥാനം കത്തയച്ചാലും അനുവാദം ലഭിക്കാതിരിക്കാനും നടപടികള്‍ നീളാനും സാധ്യതയുണ്ട്.
ഇതുകണക്കിലെടുത്താണ് ക്രിമിനല്‍കുറ്റം ചെയ്ത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."