റഷ്യന്‍ മിസൈല്‍ ഉക്രൈന്‍ ആണവ നിലയത്തിനു സമീപം പതിച്ചു
കീവ്: ഉക്രൈനിലെ ആണവ നിലയത്തിനു സമീപം റഷ്യന്‍ മിസൈല്‍ പതിച്ചു. തെക്കന്‍ പ്രവിശ്യയായ മികോലൈവിലെ യുസ്‌നോക്രൈന്‍സ്‌ക് നഗരത്തിലെ ആണവ നിലയത്തിന്റെ 300 മീറ്റര്‍ അകലെയാണ് മിസൈല്‍ വീണത്. റഷ്യയുടെ നടപടി ആണവ ഭീകരതയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി കുറ്റപ്പെടുത്തി. ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാപൊറീഷ്യ ആണവ നിലയം കഴിഞ്ഞാല്‍ ഉക്രൈനിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റാണിത്.
അതേസമയം, യുദ്ധംനിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ആഗ്രഹിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെളിപ്പെടുത്തി. പുടിനുമായി ഈയിടെ നടത്തിയ ചര്‍ച്ചയില്‍ എത്രയും വേഗം യുദ്ധം നിര്‍ത്താന്‍ റഷ്യ ആഗ്രഹിക്കുന്നതായി മനസിലാക്കാന്‍ സാധിച്ചുവെന്നും ഇതിനായി സുപ്രധാന ചുവടുവയ്പുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
അതിനിടെ റഷ്യയില്‍ ചേരുന്നതിന് ഉക്രൈന്‍ നഗരങ്ങളായ ഡൊണെസ്‌കിലും ലുഹാന്‍സ്‌കിലും ഹിതപരിശോധനയ്ക്ക് വിമതവിഭാഗം നീക്കംതുടങ്ങി. ലുഹാന്‍സ്‌ക് ഏതാനും ദിവസം മുമ്പ് ഉക്രൈന്‍ തിരിച്ചുപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."