HOME
DETAILS

ഗുരുവരുളുകൾ പള്ളിക്കൂടത്തിലേക്കും കലാശാലകളിലേക്കും

  
backup
August 31 2023 | 06:08 AM

guruvaruls

ഡോ. അജയ് എസ്. ശേഖർ


ജാതിസ്ഥാപിക്കാൻ പലരും ബുദ്ധികൊണ്ട് പറന്നിട്ടുണ്ട്...
മതകാര്യങ്ങളിൽ ഗാന്ധിബാലനാകുന്നു...
ഇതെന്താ മരം പൊട്ടിമുളയ്ക്കുന്നപോലെയോ...
ഗുണകർമങ്ങൾ സ്ഥായിയല്ലല്ലോ, വർണമെങ്ങനെ നിശ്ചയിക്കും...
- നാരായണഗുരു


അനുകമ്പയുടെ നീതിശാസ്ത്രമാണ് ഗുരുവരുളിയത്. ഒരുപീഡയെറുമ്പിനും വരുത്തരുതേയെന്നായിരുന്നു ഗുരുവിൻ പ്രാർഥന. മനുഷ്യരെ ജാതിമതങ്ങളിലൂടെ ഹിംസിക്കുന്നത് അദ്ദേഹം പൊറുത്തില്ല. എല്ലാവരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമായി കേരളത്തെയും ലോകത്തെയും മാറ്റുകയായിരുന്നു ഗുരുവിന്നുദ്ദേശ്യം. കൊല്ലുന്ന ദൈവങ്ങൾക്ക് ഒരു ശരണ്യതയുമില്ല എന്ന് ഗുരു ജീവകാരുണ്യപഞ്ചകത്തിൽ വ്യക്തമായെഴുതി. മൃഗത്തിനു തുല്യനവനെന്നു ഗുരു എഴുതി. ഒളിയമ്പെയ്യുന്ന ആയുധപാണികളായ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള ചരിത്രഗഹനമായ വിമർശപ്രസ്താവമാണിത്. ഹിന്ദുമതമെന്നൊന്നില്ലെന്നും സ്മൃതികൾ നോക്കി ഭരിക്കുന്നവരാണ് ഹിന്ദുക്കളെന്നും രാമാദികളുടെ കാലത്ത് മനുസ്മൃതിയനുസരിച്ച് അക്ഷരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ശൂദ്രാദികളായ ശംബൂകന്മാർക്കു കൊലക്കത്തിയാണ് വിധിയെന്നും അദ്ദേഹം കാലത്തെക്കവിഞ്ഞ് ധീരമായി സത്യം വിളിച്ചുപറഞ്ഞു. അതിനാൽ പാശ്ചാത്യ ജ്ഞാനോദയാധുനികതയെ നമ്മുടെ ഗുരുസ്ഥാനത്തദ്ദേഹം കണ്ടു.


ഗുരുപകർന്ന ഈ ചരിത്രവിമർശന നൈതികബോധത്തെ മുന്നോട്ടു നയിച്ചുകൊണ്ട് സഹോദരനയ്യപ്പൻ ഗാന്ധിയോടു ചോദിച്ചു താങ്കളുടെ ദൈവം ഒരു പരമ്പരക്കൊലയാളിയല്ലേയെന്ന സത്യം. ഹിംസയെക്കുറിച്ച് ഹിന്ദുമതഗ്രന്ഥങ്ങളെന്ത് പറയുന്നു എന്നുമദ്ദേഹം ഗാന്ധിയോടു ചോദിച്ചു. വൈക്കം പോരാട്ടത്തിൽനിന്ന് ന്യൂനപക്ഷങ്ങളെ ഓടിച്ചതും സവർണജാഥയെന്ന ആശയം നടപ്പാക്കിയതും ഗാന്ധിയായിരുന്നു. അയ്യങ്കാളിയെ പുലയരാജാവേയെന്നു വിളിച്ചതും വൈക്കം പോരാട്ടത്തിൻ സംഘാടകനായ ഗുരുശിഷ്യൻ ടി.കെ മാധവൻ്റെ മകൻ മുഹമ്മദാലിയെ പേരുമാറ്റി ബാബു വിജയനാഥാക്കിയതും ഗാന്ധിതന്നെ.


വൈക്കത്ത് തൻശിഷ്യഗണം വെയിലത്ത് പട്ടിണികിടന്നു നിലയില്ലാവെള്ളത്തിൽ മുങ്ങി ആത്മബലമെന്ന തപശക്തി പരീക്ഷിക്കുമ്പോൾ വിശ്വവന്ദിതനായ ഗാന്ധി കന്യാകുമാരി ക്ഷേത്രത്തിൽ പോയി തീണ്ടാപ്പാടകലെനിന്നു തൊഴുതുമടങ്ങി. ബ്രാഹ്മണ പൗരോഹിത്യശാസന അനുസരിച്ച് തൻവൈശ്യത്വം അംഗീകരിച്ച് നല്ലഹിന്ദുവായി സനാതനിയായ ഗാന്ധി വർണാശ്രമധർമം എന്ന സ്വധർമം ശിരസാവഹിച്ചു മടങ്ങിപ്പോന്നു. സഹോദരനതിനെ ഗാന്ധി സന്ദേശമെന്ന കവിതയിൽ നിശിതമായി വിമർശിച്ചു. അപ്പോഴും വൈക്കത്ത് ഈഴവരും ദലിതരും പട്ടിണിക്ക് വെയിലത്തു നിൽക്കുകയായിരുന്നു. അവരെ പൊള്ളുന്ന പൊരിമണലിൽ കിടത്തി കണ്ണിൽ ചുണ്ണാമ്പും വിഷങ്ങളുമെഴുതുകയായിരുന്നു ഇണ്ടംതുരുത്തി നമ്പൂതരിയുടെ കാലാളുകളും കാവലാളുകളുമായ ശൂദ്രർ. ബ്രാഹ്മണരേക്കാൾ വലിയ ഹൈന്ദവരായി ചമഞ്ഞ് മനുസ്മൃതിയുടെ ദണ്ടനീതി അവർണരുടെ മുതുകത്തു കെട്ടിവയ്ക്കാനാണവർ ശ്രമിക്കുന്നത്. രണ്ടാംശൂദ്രലഹളയെന്ന വിശ്വാസി തീണ്ടാരിലഹള കേരളത്തിൽ വീണ്ടും പൊങ്ങുകയാണ്. വൈക്കം സമരഭടന്മാരെ വെയിലത്തും മഴയത്തും മഞ്ഞിലും പേമാരിയിലും 1924ലെ വലിയവെള്ളപ്പൊക്കത്തിലും മാസങ്ങളും വർഷങ്ങളും വലയ്ക്കാതെ നല്ല തപശ്ശക്തിയുള്ള ഒരാളവിടെ സത്യഗ്രഹം ഇരുന്നാൽ മതിയല്ലോ എന്നു ഗുരുവന്നേ ചോദിച്ചു.


ദാനധർമിയും സത്യനീതിനിഷ്ഠയുമുണ്ടായിരുന്ന മാബലിയെന്ന അശോകപ്രബുദ്ധതയുടെ പ്രതിരൂപമായ ബൗദ്ധചക്രവർത്തിയെ ചതിയിൽ ചവിട്ടിത്താഴ്ത്തി ബുദ്ധരെയും അശോകരെയും ബൗദ്ധരായ ചേരമൂപ്പന്മാരെയെല്ലാം പ്രതിനിധാനം ചെയ്യുന്ന ശ്രമണമായ സാവണോത്സവമായ ഓണത്തെ ക്രമേണ വരേണ്യമാക്കി വാമനവൈഷ്ണവാവതാര ജയന്തിയും തിരുനാളുമാക്കുന്നപോലെയാണ് ജനായത്തത്തിലെ അടിസ്ഥാനതത്വമായ പ്രാതിനിധ്യത്തെ അട്ടിമറിച്ച് നവകുചേല വൃത്തങ്ങളിലൂടെ സവർണ ദാരിദ്ര്യവാദങ്ങളിലൂടെ ഭരണഘടനയുടെ അടിത്തറയായ സാമൂഹികനീതിയും ജനായത്ത രാഷ്ട്രീയ പ്രാതിനിധ്യവും അട്ടിമറിക്കപ്പെട്ടത്. മലയാളികുലീനരായ പോസ്റ്റുമോഡേൺ, പോസ്റ്റുഹ്യൂമൻ ബുദ്ധിജീവികൾ പോലും കൈകഴുകുന്നത് സാമ്പത്തിക സംവരണവാദത്തെ ഇനിയൊന്നും ചെയ്യാനാവില്ല എന്നു കള്ളം പറഞ്ഞാണ്. അമിത പ്രാതിനിധ്യക്കാരായ സ്വന്തക്കാരുടെ കുത്തകയിരട്ടിപ്പിക്കാനായി അവർ ചൂട്ടുപിടിച്ചു കുഴലൂതിക്കൊടുക്കുന്നത് ഇന്ത്യയുടെ അന്ത്യത്തിനാണ്. പള്ളിക്കൂടപ്പോരാട്ടത്തിലൂടെ ലോകമാതൃകയായ മഹാത്മാ അയ്യങ്കാളിയേയും അപമാനിച്ചു നിർബാധം വിലസുന്ന ലോകത്തിനു ഭീഷണിയായ കുലീന കുത്തകച്ചൂത്തിരന്മാരായ കുകുച്ചകളെ ഉൽപ്പാദിപ്പിക്കാനേ ദേവസ്വം ബോർഡിലേതുപോലത്തെ അമിത പ്രാതിനിധ്യക്കുത്തക വഴിതെളിക്കൂ.


ജനങ്ങളിൽനിന്നു തട്ടിയെടുത്തു ജാതിഹിന്ദുക്കൾ കുത്തകയാക്കിയിരിക്കുന്ന രാഷ്ട്രീയപ്രാതിനിധ്യ ജനായത്താധികാരത്തെ പായസ രൂപകത്തിലൂടെ നീതിക്കുവേണ്ടി ദാഹിച്ചു പോരാടിയ ജനസഞ്ചയത്തിലേക്കു ഗുരു പകർന്നത് 1924ലെ വൈക്കം പോരാട്ട ഭൂമികയിലാണ്. പ്രാഥമിക മനുഷ്യാവകാശവും ജീവജാലങ്ങളുടെ മൗലികാവകാശവുമായ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്ന ബാരിക്കേഡുകൾക്ക് മുകളിലൂടെ കയറണമെന്ന് അദ്ദേഹം പോരാടുന്ന ജനതയോട് ആഹ്വാനം ചെയ്തു. ലോകോത്തരമായ വിപ്ലവാഹ്വാനവും ജനായത്ത പ്രാതിനിധ്യ സമര സന്ദേശവുമായിരുന്നു അത്. 1930കളിലെ വട്ടമേശ സമ്മേളനങ്ങൾക്കുള്ള ഭരണഘടനാകരടിലാണ് അംബേദ്കർ എല്ലാ സമുദായങ്ങളുടെയും മതിയായ പ്രാതിനിധ്യത്തെക്കുറിച്ച് പറയുന്നത്. അതാണ് പിന്നീട് ആധുനിക ജനായത്ത ഇന്ത്യൻ ഭരണഘടനയുടെ മൂന്നാമധ്യായത്തിൽ 16.4 അനുഛേദത്തിൽ മൗലികാവകാശമായി വരുന്നത്. ഇതിനു ഭീഷണിയായ അർബുദവിഷമായ ഭേദഗതി 103 റദ്ദാക്കിയാലേ ഇന്ത്യയുടെ ജനായത്ത ഭരണഘടന പുലരൂ.


മലയാളികുലീനരും ദേശീയവാദ ഹിന്ദുക്കളും ഗാന്ധിയും ഇളകിവശായി. ഹിന്ദുമതവും ക്ഷേത്രങ്ങളും ഇടിച്ചു നിരത്തപ്പെടുമെന്നവർ ഭയന്നു. ഇതിനെതിരേ ഗാന്ധി യങ്ങിന്ത്യയിലെഴുതിയത് തീയന്മാരുടെ ആത്മീയഗുരു കലാപാഹ്വാനം നടത്തുന്നുവെന്നും ഹൈന്ദവക്ഷേത്രങ്ങളിൽ കടന്നുകയറാനും തകർക്കാനുമുള്ള ആഹ്വാനംപോലുമായി അത് മാറാമെന്നുമാണ്. തിരുവിതാംകൂർ പൊലിസ് കമ്മിഷണറായ സായിപ്പും 1924ൽ മേലാവിലേക്കു കൊടുത്ത രഹസ്യ റിപ്പോട്ടിൽ ഹിന്ദുയിസത്തെ തന്നെ ഇല്ലാതാക്കുന്ന സമഗ്രവിപ്ലവത്തിന് വൈക്കം, ചേർത്തല താലൂക്കുകളിലെ ഈഴവർ തയാറെടുക്കുന്നതായെഴുതുന്നു. ഗുരു സി.ഒ കേശവനുമായി നടത്തിയ സംഭാഷണം ഉടനെ ഹിന്ദു, സുദേശിമിത്രൻ തുടങ്ങിയ പത്രങ്ങളിലും പരിഭാഷപ്പെടുത്തി വന്നിരുന്നു. ഗാന്ധി അതിനെ ദുരുപയോഗം ചെയ്യുന്നതിനു തടയിടാനായി ഗുരുവതു തിരുത്തി വിശദീകരിച്ചു. അതു കലാപ ഹിംസാഹ്വാനമല്ലെന്നും മനുഷ്യാവകാശ സ്ഥാപനത്തിനായുള്ള പ്രസ്താവനയാണെന്നും അദ്ദേഹം വിശദമാക്കി.


തുടർന്ന് 1925 മാർച്ചിൽ ഗാന്ധി വന്നു ഗുരുവിനെ വർക്കലക്കുന്നിൽ കണ്ടപ്പോഴും ഗുരു നിലപാടു വിശദീകരിച്ചു. ജാതിവിരുദ്ധമായ സഞ്ചാരസ്വാതന്ത്ര്യ, മിശ്രഭോജന സമരങ്ങളിൽ ശുദ്ധമായ അഹിംസാമാർഗങ്ങൾ പലപ്പോഴും അപ്രായോഗികമാണെന്നു ഗുരു വീണ്ടും വ്യക്തമാക്കി. ഗുരുവിൻ്റെ ഈ പ്രഖ്യാപിതവും സുചിന്തിതവും ധീരവുമായ ജാതിവിരുദ്ധ ചിന്തയും സാമൂഹികപ്രയോഗവുമാണ് പെരിയോറെ ആകർഷിച്ചതും മനുഷ്യർ കടന്നാൽ അശുദ്ധമാകുന്ന ദൈവത്തെ വൈക്കത്തിനും ലോകത്തിനും വേണ്ടെന്നും അതുനിരന്തരം ശുദ്ധീകരിക്കാനായി അലക്കു കല്ലാക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യരെ തൊട്ടാലശുദ്ധിയാകുന്നവരെ ഒരുപന്തിയിലുമിരുന്നൊന്നും ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ലോകോത്തരമായ ഗുരുവിൻ്റെ 1924ലെ വിഖ്യാതമായ പ്രഖ്യാപനം.


മാബലിയെവാമനനെന്നപോലെ ചതിയിൽ ചവിട്ടിത്താഴ്ത്തുന്ന വർണജാതിബദ്ധമായ മനുഷ്യവിരുദ്ധമതാഭാസമായ ഹിന്ദുമതത്തെ സമാപ്തീകരിക്കുകയാണ് മാനവികതയേയും സത്യനീതികളേയും ജനായത്തത്തേയും വീണ്ടെടുക്കാൻ ഇന്ത്യയിലും കേരളത്തിലും മാർഗം എന്നാണ് തികഞ്ഞ ഗുരുശിഷ്യനായ സഹോദരൻ അംബേദ്കറെപ്പോലെ വിശദീകരിച്ചത്. തൊട്ടുകൂടാത്തവരായി വെട്ടിനീക്കപ്പെട്ട അടിസ്ഥാന അവർണ ബഹുജനങ്ങളുടെ പ്രാതിനിധ്യമുറപ്പാക്കാനായി സാമുദായിക സംവരണമാണ് സാമൂഹിക ജനായത്തിനാവശ്യമെന്ന് അദ്ദേഹം നവബുദ്ധരായ അംബേദ്കറെന്നപോലെ മാർഗദർശനം ചെയ്തു. സംഘത്തിലേക്ക് ജാതിമതഭേദംകൂടാതെ എല്ലാമനുഷ്യരെയും സ്വാഗതംചെയ്യണമെന്ന ഗുരുവിൻ നീതിചിന്തയും ഈഴമെന്ന ബുദ്ധസംഘങ്ങളോളം ചരിത്രഗഹനമാണ്. പ്രാതിനിധ്യജനായത്തവും ഭരണഘടനയും സാമൂഹികനീതിയും സവർണ സാമ്പത്തികസംവരണത്തിലൂടെ അട്ടിമറിക്കപ്പെട്ട കേരളത്തിലും ഇന്ത്യയിലുമാണ് ഇൗ മാനവിക ജനായത്ത ചിന്തയുടെ നിർണായകത്തം. ഗുരുവിൻ വൈക്കം പോരാട്ട പ്രസ്താവങ്ങളും സന്ദേശങ്ങളും പുത്തൻ കേരള പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്. കർണാടക ചെയ്തപോലെ നവ ദേശീയവിദ്യാഭ്യാസ നയം കേരളവും റദ്ദാക്കേണ്ടതുണ്ട്. തമിഴ്‌നാടും നിരവധി സംസ്ഥാനങ്ങളും ചെയ്തപോലെ അമിതപ്രാതിനിധ്യക്കാരായ മുന്നോക്കക്കാരിലെ പിന്നോക്കക്കാർ എന്നു പറയുന്നവർക്കുള്ള സംവരണവും അടിയന്തരമായി റദ്ദാക്കേണ്ടതുണ്ട്.


വെടിവയ്ക്കും പറന്നു പോകരുത്, നമുക്കൊരുവടിവേണം, നമ്മേയടിക്കാൻ വരുന്നവർ വടിതേടി വലയരുതല്ലോ, അടിച്ചാലടുക്കും, ഖദറിനു വാസനയകത്താകും, നിങ്ങളുണ്ണുന്നതും ഖദറാണോ, വേലികെട്ടിയാലതിനു മുകളിലൂടെ കടക്കണം, കന്നിൻതോലു കാലിൽ ചേർന്നാലയിത്തമായി, ചെണ്ടയിലാണെങ്കിൽ സോപാനത്തിങ്കലും കൊണ്ടുപോകാം, സായിപ്പിൻ്റെ ഭരണംകൊണ്ട് ഒരുപാട് നന്മകളുണ്ട്... തുടങ്ങിയ ചരിത്രപ്രസ്താവങ്ങൾ ജനായത്ത സംസ്‌കാരവും സാക്ഷരതയും ചരിത്രബോധവും നീതിബോധവുമുണ്ടാക്കാൻ പള്ളിക്കൂടതലംമുതൽ കലാശാലകൾവരെ പഠിപ്പിക്കേണ്ടതുണ്ട്. പരശുരാമസ്തുതികളും ശാങ്കരസ്മൃതികളും സവർണസിറിൻ ഒളിഗാർക്കിയും ഭരണഘടനാ അട്ടിമറികളും ദേശീയവിദ്യാഭ്യാസനയവും ചെറുക്കാൻ ആമചാടിത്തേവൻ്റെ കാഴ്ച വീണ്ടെടുത്തുകൊടുത്ത ആ സിദ്ധൗഷധം മാത്രമേയുള്ളൂ.
(കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും സെൻ്റർഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഡിനേറ്ററുമാണ്
ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago