കരാര്‍ കാലാവധിക്ക് മുന്‍പേ ദേശീയപാതയുടെ തകര്‍ച്ച നിര്‍മാണത്തിലെ അപാകതയെന്ന് സോഷ്യല്‍ ഓഡിറ്റ് സമിതി
പൊതുമരാമത്ത് വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെകുറിച്ചും പരാമര്‍ശം
ആലപ്പുഴ: ഓച്ചിറ- ചേര്‍ത്തല ദേശീയപാത കരാര്‍കാലാവധി തീരുമുന്‍പേ സഞ്ചാര യോഗ്യമല്ലാതായി മാറിയത് നിര്‍മാണത്തിലെ പാകപ്പിഴയും ഉദ്യോഗസ്ഥ വീഴ്ചയുമെന്ന് സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷനായുള്ള സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി മാറിയത് നിര്‍മാണത്തിലെ അപാകതയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായയ വീഴ്ചയുമാണ് കോടികള്‍ വെള്ളത്തിലാവാന്‍ കാരണം.
കായംകുളം നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാജോജോ, ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ ഐസക്ക് മാടവന, പൊതുമരാമത്ത് വകുപ്പ് റിട്ട. എന്‍ജിനീയര്‍ പ്രേംജിത്ത് എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ സമിതിയാണ് രണ്ട് ദിവസങ്ങളിലായി ദേശീയപാതയില്‍ പരിശോധന നടത്തിയ ശേഷം പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആലപ്പുഴ എന്‍.എച്ച് ഡിവിഷന്റെ കീഴിലുള്ളതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം നടത്തിയതുമായ കരുവാറ്റ-പായല്‍കുളങ്ങര ഭാഗങ്ങളില്‍ ഉള്‍പ്പെടെ ദേശീയപാതയുടെ പല ഭാഗങ്ങളും യാതൊരു തകരാറുമില്ലാതെ ഇപ്പോഴും കിടക്കുന്നുണ്ടെന്നും റോഡിന്റെ തകര്‍ച്ചക്ക് പൊതുവായ കാരണങ്ങളില്ലെന്നതാണ് ഇതു തെളിയിക്കുന്നതെന്നും സമിതി ചെയര്‍മാന്‍ ജി വേണുഗോപാല്‍ പറഞ്ഞു. ഗാരണ്ടി പീരിയഡിന് മുന്‍പ് തകര്‍ന്ന ഭാഗത്തിന്റെ പണി ഏറ്റെടുത്ത് നടത്തിയ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് ഇതിന് ഉത്തരവാദികള്‍. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവിഴ, ഹരിപ്പാട് കാഞ്ഞൂര്‍ മുതല്‍ കവല വരെയുള്ള ഭാഗം, കരുവാറ്റ വഴിയമ്പലം, പുന്നപ്ര സബ്‌സ്റ്റേഷന്‍, അമ്പലപ്പുഴ ഓവര്‍ ബ്രിഡ്ജുമായി ബന്ധപ്പെട്ട വിവിധ ഭാഗങ്ങള്‍, ആലപ്പുഴ കെ.ടി.ഡി.സിയുടെ മുന്‍വശം, എക്‌സൈസ് ഓഫിസിനും വൈ.എം.സി.എക്കും ഇടയിലുള്ള ഭാഗം, ബൈപാസ് ജംഗ്ഷന്‍, കൊമ്മാടി, തുമ്പോളി, കലവൂര്‍, നീര്‍ക്കുന്നം തുടങ്ങിയ ഭാഗങ്ങള്‍ കുണ്ടും കുഴിയും നിറഞ്ഞ പഴയ ഗ്രാമീണ റോഡുകള്‍ക്ക് സമാനമാണ്. അമ്പലപ്പുഴ മണ്ഡലത്തിലെ മൂന്ന് ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാണാന്‍ കഴിഞ്ഞതായും എന്നാല്‍ സാങ്കേതിക പരിജ്ഞാനമില്ലാത്തവരെയാണ് മേല്‍നോട്ടത്തിനായി നിയോഗിച്ചിരിക്കുന്നതെന്നും സമിതി കണ്ടെത്തി. മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് ടാറിന്റെ അളവ്, ടാര്‍-മെറ്റല്‍ അനുപാതം തുടങ്ങിയ കാര്യങ്ങളില്‍ പ്രാഥമിക പരിജ്ഞാനം പോലുമില്ല. പലയിടങ്ങളിലും ജീവനക്കാരുടെ സാന്നിധ്യം പോലുമില്ല. ഉള്ളിടങ്ങളിലാവട്ടെ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരാണ് നിയോഗിച്ചിരിക്കുന്നത്. കരാറുകാരുടെ താത്പര്യം അനുസരിച്ചുള്ള കാര്യങ്ങളാണ് അറ്റകുറ്റപ്പണികളില്‍ നടക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും തിരുത്തിക്കാനുമുള്ള കഴിവും പരിജ്ഞാനവും ആജ്ഞാശക്തിയും മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവണം. എന്നാല്‍ മേല്‍നോട്ടത്തിന് എത്തുന്ന ഓവര്‍സിയര്‍മാര്‍ വെറും കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും സമിതി പരിശോധനയില്‍ കണ്ടെത്തി. ടാറിംഗ് തുടങ്ങിയ സുപ്രധാന ജോലികള്‍ നടക്കുമ്പോള്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സി. എന്‍ജിനിയര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടാകേണ്ടതാണ്. ടാര്‍ മിക്‌സിംഗ് സ്ഥലത്ത് പോലും ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ല. പ്രായോഗിക ജ്ഞാനമില്ലാത്തവരും അയോഗ്യരും പണിയുടെ മേല്‍നോട്ടം നടത്തിയാല്‍ ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ. ഇപ്പോള്‍ നടത്തിയ അറ്റകുറ്റപ്പണികള്‍ നിലവിലുള്ള വലിയ കുഴികള്‍ക്ക് ശമനമുണ്ടാക്കുമെങ്കിലും അടുത്ത ഒന്നു രണ്ട് മഴയോട് കൂടി ശേഷിക്കുന്ന പലഭാഗങ്ങളിലും കുഴികള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
അതിന്റ ലക്ഷണങ്ങള്‍ പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞതായും തകരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ഹെവി സീല്‍കോട്ട് ചെയ്താല്‍ ഒരു പരിധി വരെ ഒരു സീസണ്‍ കൂടി പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. കാനകളുടെ അഭാവവും വശങ്ങളില്‍ ഇടതൂര്‍ന്ന് വളരുന്ന മരങ്ങളും ഉയര്‍ന്ന റോഡ് സൈഡ് ബേംസും റോഡിന്റെ തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. ആവശ്യമുള്ള ഭാഗങ്ങളില്‍ പുതിയ കാനകള്‍ നിര്‍മിക്കുന്നതിനും ഉള്ളവ മഴക്കാലത്തിന് മുമ്പ് പ്രവര്‍ത്തന സജ്ജമാക്കുകയും വേണം. ഇതിനായി അതാത് ഓഫിസുകളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കണം. റോഡിലെ ചെറിയ കുഴികള്‍ വലുതാകുന്നത് വരെ കാത്തുനില്‍ക്കാതെ ചുരുങ്ങിയ ചെലവില്‍ അപ്പപ്പോള്‍ അടക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."