സീറ്റ് ബെൽറ്റ് ഇടാത്തവരെയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ റഡാർ പരിശോധനയുമായി ഖത്തർ
സീറ്റ് ബെൽറ്റ് ഇടാത്തവരെയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ റഡാർ പരിശോധനയുമായി ഖത്തർ
ദോഹ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഏതെങ്കിലും ദൃശ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ പൊലിസ്. അതിനാൽ ഇത് ഒഴിവാക്കണമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, വാഹനമോടിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നതും ഡാഷ്‌ബോർഡ് സ്റ്റാൻഡിൽ മൊബൈൽ ഫോൺ വയ്ക്കുന്നതും ഗതാഗത ലംഘനമല്ല.
വാഹനമോടിക്കുമ്പോൾ നാവിഗേഷനായി പോലും മൊബൈൽ ഫോണിൽ തിരയുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്നത് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 55 പ്രകാരം ലംഘനമാണ്. അത് ഏതെങ്കിലും ഇലക്ട്രോണിക് വിഷ്വൽ ഉപകരണത്തിൽ ആയാലും നിയമലംഘനമാണ് - റഡാർ ആൻഡ് സ്കെയിൽസ് വകുപ്പ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മേജർ ഹമദ് അലി അൽ മുഹന്നദി വ്യക്തമാക്കി.
നാവിഗേഷൻ ആവശ്യങ്ങൾക്കായി വാഹനമോടിക്കുന്നയാൾക്ക് കാർ ഡാഷ്‌ബോർഡിലോ സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോണിലോ സ്‌ക്രീനിലേക്ക് നോക്കാമെന്നും എന്നാൽ ഡ്രൈവ് ചെയ്യുമ്പോൾ തിരയുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. വാഹനം മുന്നോട്ട് എടുക്കുന്നതിന് മുൻപായി നാവിഗേഷൻ പൂർത്തിയാക്കണമെന്നും പിന്നീട് മൊബൈലിൽ തിരയരുതെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സെപ്റ്റംബർ 3 മുതൽ വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് ആരംഭിക്കും. രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ള എല്ലാ റഡാറുകളുമായും റോഡ് സിസിടിവി ക്യാമറകളുമായും ബന്ധിപ്പിച്ചിട്ടുള്ള ഏകീകൃത റഡാർ സംവിധാനത്തിലൂടെയാണ് രണ്ട് നിയമലംഘനങ്ങളും കണ്ടെത്തുന്നത്. റോഡപകടങ്ങൾ കുറയ്ക്കുകയാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം കുറയുന്നതോടെ റോഡപകടങ്ങൾ ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അമിതവേഗത കുറയ്ക്കുന്നതിനുള്ള നിയമങ്ങൾ വിജയകരമായി നടപ്പിലാക്കിയതിന് ശേഷം വാഹനമോടിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുന്നതും മൊബൈൽ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതുമാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ, അൽ മുഹന്നദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."