ബാറില്‍ നിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് പരുക്കേറ്റയാള്‍ക്ക് 41 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
ഇല്ലിനോയ്‌സ് (യോര്‍ക്ക് വില്ലി): യോര്‍ക്ക് വില്ലി പ്ലാനോ ബാറില്‍ മദ്യപിച്ചു ബഹളംവച്ച മറീന്‍ വെറ്ററന്‍ ലോഗന്‍ ബ്ലാന്റിനെ സുരക്ഷാ ജീവനക്കാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ശരീരഭാഗത്തിന് തളര്‍ച്ച ബാധിച്ചതിന് നഷ്ടപരിഹാരമായി 41 മില്യന്‍ ഡോളര്‍ നല്‍കണമെന്ന് ജൂറി വിധിച്ചു. കൗണ്ടിയുടെ ചരിത്രത്തില്‍ ഇത്രയും വലിയ നഷ്ടപരിഹാരം നല്‍കുന്ന ആദ്യ കേസാണിത്.
2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ലോഗന്‍ ബാറിലെത്തി മദ്യപിക്കുകയും അവിടെയുള്ളവരുമായി തര്‍ക്കിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ലോഗനെ കൈയിലെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു.
വീഴ്ചയില്‍ കഴുത്തിലെ കശേരു തകര്‍ന്ന് അരക്കു താഴെ തളരുകയും ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി വീല്‍ ചെയറില്‍ കഴിയുന്ന ലോഗനെ ശുശ്രൂഷിക്കുന്നതിന് ഒരു ഫുള്‍ ടൈം കെയര്‍ ടേക്കറെ നിയമിക്കേണ്ടതുണ്ടെന്നും ഭാവിയില്‍ ജോലി ചെയ്ത് ജീവിക്കാനാകില്ലെന്നും ജൂറി കണ്ടെത്തി.
ബാറില്‍ താന്‍ ബഹളം വെച്ചിട്ടില്ലെന്ന് ലോഗന്‍ കോടതിയില്‍ വാദിച്ചുവെങ്കിലും തര്‍ക്കം ഉണ്ടായതായി സമ്മതിച്ചു. തന്റെ കക്ഷിയെ ഇത്രയും ക്രൂരമായി പുറത്തേക്കു വലിച്ചെറിയേണ്ട കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അറ്റോര്‍ണിയും വാദിച്ചു.
ആദ്യം ജൂറി 51 മില്യനാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതെങ്കിലും അവിടെ ഉണ്ടായ സംഭവങ്ങള്‍ക്ക് ലോഗനും ഉത്തരവാദിയാണെന്ന് ജൂറിക്ക് ബോധ്യപ്പെടുകയും നഷ്ടപരിഹാരത്തുക 41മില്യനായി കുറക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."