കരയെ വിഴുങ്ങുന്ന കടൽ
എം. ജോൺസൺ റോച്ച്
അന്താരാഷ്ട്ര കപ്പൽ ചാലിൽനിന്ന് വെറും 11 നോട്ടിക്കൽ മൈൽ ദൂരം മാത്രം വിഴിഞ്ഞത്തേക്കുള്ളതിനാലും 18,000 കണ്ടെയ്‌നറുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള മദർഷിപ്പുകൾ വരെ എത്താൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സൗകര്യമുള്ളതിനാലും മാത്രം മദർഷിപ്പുകൾ വിഴിഞ്ഞത്ത് വരണമെന്നില്ല. ചെറിയ ഫീഡർഷിപ്പുകൾ അവരുടെ ആവശ്യത്തിനനുസരിച്ച് കണ്ടെയ്‌നറുകൾ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുകയും വേണം. അത് പോർട്ട് നടത്തിപ്പുകാരുടെ ബിസിനസ് നൈപുണ്യത്തെ ആശ്രയിച്ചുനിൽക്കുന്നു. നിലവിലെ കൊളംബോ, ദുബൈ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഇപ്പോൾ എത്തിച്ചേരുന്ന മദർഷിപ്പുകളെ ഇങ്ങോട്ട് ആകർഷിക്കാനുള്ള സാഹചര്യം കൂടിയുണ്ടാകണം. വിഴിഞ്ഞത്തിനു പറയുന്ന എല്ലാഘടകങ്ങളും വല്ലാർപാടത്തിനുണ്ടായിട്ടും വലിയ മദർഷിപ്പുകളെ ആകർഷിക്കാൻ ഒന്നാംകിട കമ്പനിയായ ദുബൈ പോർട്ട് വേൾഡിന് കഴിഞ്ഞില്ല. ഈ രംഗത്ത് അവർക്കു മുന്നിൽ അദാനി ഒന്നുമല്ല. ദുബൈ പോർട്ട് വേൾഡിന് കഴിയാത്തത് അദാനിക്ക് കഴിയുമോ? കൊവിഡും അതിനെ തുടർന്ന് നിലനിൽക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യവും ട്രാൻഷിപ്‌മെന്റ് ബിസിനസ് രംഗത്ത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കണ്ടയ്‌നർ ട്രാൻഷിപ്‌മെന്റ് മേഖലയിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാധനങ്ങൾ കൈമാറാൻ കഴിവതും എയർ കാർഗോയെ കൂടുതൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെറുമൊരു ഊഹക്കച്ചവടത്തിലേക്ക് കണ്ണുംനട്ടുകൊണ്ട് കേരളീയ ജനതയുടെ കോടികൾ അദാനിക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്.
എന്നാൽ അദാനിക്ക് നമ്മിൽനിന്ന് കിട്ടുന്ന ഭൂമിയിൽ റസിഡൻഷ്യൽ ഫ്‌ളാറ്റ്, ആഡംബര ഹോട്ടൽ മുതലായ റിയൽ എസ്റ്റേറ്റ് വ്യവസായം കൊഴുക്കുമെന്നതിൽ സംശയമില്ല. അതിനായി അദാനി കുറഞ്ഞ കൂലിക്ക് ഉത്തരേന്ത്യയിൽനിന്ന് തൊഴിലാളികളെ നിറയ്ക്കാനാണ് സാധ്യത. തുറമുഖ നിർമാണവുമായി നടന്നുകൊണ്ടിരിക്കുന്ന തൊഴിലുകളിലും തദ്ദേശവാസികളെ കാണാനില്ല. തുറമുഖത്തിലുണ്ടാകുന്ന തൊഴിലുകൾക്കേ നാം ഉണ്ടാക്കിയ തൊഴിൽ കരാർ വ്യവസ്ഥ ബാധകമാവുകയുള്ളൂ. പദ്ധതി റിപ്പോർട്ടിൽ പോലും തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് 2000 ലധികം തൊഴിൽ സാധ്യത പറഞ്ഞിട്ടില്ല. ഇതിൽ തുറമുഖത്തിൽ സ്ഥിരം തൊഴിലാളികൾ 600 നു താഴെയും അസ്ഥിര തൊഴിലാളികൾ 1300 നു താഴെയുമേ പരമാവധി ഉണ്ടാവുകയുള്ളൂ. 2000 ത്തിനു താഴെയുള്ള തൊഴിലിനുവേണ്ടി ഉറപ്പുള്ളൊരു സമൂഹമായി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിലും അതിനോടനുബന്ധിച്ച് തൊഴിലെടുക്കുന്ന നിരവധിപേരുടെ ഉപജീവന മാർഗവുമാണ് നഷ്ടപ്പെടാൻ പോകുന്നത്. വന്നെത്താൻ സാധ്യതയുണ്ടെന്നു പറയുന്ന മദർഷിപ്പുകളിൽനിന്ന് ചെറിയ ഫീഡർ ഷിപ്പുകളിലേക്ക് ക്രെയിൻ ഉപയോഗിച്ച് കണ്ടയ്‌നറുകൾ മാറ്റുന്നതിനാൽ മനുഷ്യാധ്വാനം വളരെ കുറച്ചേ വേണ്ടിവരുന്നുള്ളൂ. പുതിയ തൊഴിൽ കിട്ടുമെന്ന് മത്സ്യത്തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചാരണം നടത്തി കബളിപ്പിക്കുകയാണ്. അന്ധമായി വികസനാഭിമുഖ്യത്തിന്റെ വസ്തുതകൾ നമ്മൾ ഇവിടെ കാണാതെ പോകുന്നു. ഈ പ്രദേശത്ത് നിലവിലുള്ള തൊഴിലവസരങ്ങളും ഉൽപാദനവും (മത്സ്യ-ടൂറിസം മേഖല) വികസിപ്പിച്ച് സമ്പദ്ഘടനയ്ക്ക് കരുത്തുനൽകുന്നതിന് പകരമാണ് നമ്മുടെ തൊഴിലാളികളെയും പരിസ്ഥിതിയെയും തകിടംമറിച്ച് ഒരു കോർപറേറ്റിന് ഭൂമിയും പ്രകൃതിവിഭവങ്ങളും സ്വന്തമാക്കിക്കൊടുത്ത് ഫ്‌ളാറ്റ്, ഷോപ്പിങ് മാൾ കച്ചവടത്തിന് കളമൊരുക്കുന്നത്. ഈ താൽപര്യങ്ങളിലൂടെ നഷ്ടമാകാൻ പോകുന്നത് നമ്മുടെ നാടും പരിസരവുമാണ്.
വിഴിഞ്ഞം പ്രകൃതിദത്ത തുറമുഖമാണെന്നത് കള്ളപ്രചാരണമായിരുന്നു. പ്രകൃത്യാ തന്നെ സുരക്ഷിത ഇടങ്ങളിൽ കപ്പലുകൾക്ക് അടുപ്പിക്കാൻ കഴിയുംവിധമുള്ള തുറമുഖങ്ങളാണ് പ്രകൃതിദത്ത തുറമുഖങ്ങൾ. മുംബൈ, കൊച്ചി, ഗോവ തുറമുഖങ്ങൾ പ്രകൃതിദത്തമാണ്. അവയ്ക്ക് പുലിമുട്ടുകൾ നിർമിക്കേണ്ട ആവശ്യമില്ല. ബർത്തുകൾ മാത്രം നിർമിച്ചാൽ മതി. നദികൾ കടലുമായി സന്ധിക്കുന്നിടവും ചെറുദ്വീപുകളുമുള്ള മേഖലയുമാണ് പ്രകൃതിദത്ത തുറമുഖങ്ങളായി രൂപപ്പെടുന്നത്. കൃത്രിമ നിർമാണ ട്രാൻഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. ഈ കൃത്രിമ തുറമുഖ നിർമാണത്തിലൂടെ പരിസ്ഥിതിക്ക് സംഭവിക്കുന്ന പ്രത്യാഘാതങ്ങളും മത്സ്യമേഖലയിലെ തൊഴിൽ ഭീഷണിയും അവരുടെ ആവാസവ്യവസ്ഥയും കണക്കിലെടുക്കാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. തീരദേശവാസികളുടെ ആശങ്കയിൽ പ്രധാനമായും മുന്നിട്ടുനിൽക്കുന്നത് പുലിമുട്ടു നിർമാണവുമായി ബന്ധപ്പെട്ടതാണ്. ഇത് നിർമിക്കുന്നതിന്റെ വടക്കുഭാഗത്ത് വ്യാപക രീതിയിൽ കര കടലെടുത്ത് തീരശോഷണം ഉണ്ടാകുന്നതായും പുലിമുട്ടിന് തെക്കു തീരങ്ങളിൽ മണൽ വന്നടിയുന്നതുമായാണ് കണക്കാക്കപ്പെടുന്നത്.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വന്നതിനുശേഷമാണ് തുറമുഖത്തിന് വടക്കുഭാഗത്തെ പനത്തുറ മുതൽ വലിയതുറ വരെ വൻതോതിൽ കടൽ കരയെ വിഴുങ്ങിയത്. ഇതിനെ പ്രതിരോധിക്കാനായി പലതവണ കടൽഭിത്തി കെട്ടിയിട്ടും അതെല്ലാം തകർത്തുകൊണ്ട് ഈ ഭാഗത്തേയ്ക്ക് കടൽ ഇരച്ചുകയറുകയാണ് ഉണ്ടായത്. മറിച്ചൊരു പ്രതിഭാസം കൂടി സൃഷ്ടിക്കപ്പെട്ടത് അടിമലത്തുറ മുതൽ പൂവാർ വരെ പുത്തൻകര വച്ചതാണ്. ഇത് രണ്ടും കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പഠനവും ശരിവച്ചിട്ടുണ്ട്. എന്നാൽ ഈ പ്രശ്‌നം പദ്ധതിയുടെ പാരിസ്ഥിതിക ആഘാതപഠനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങൾ പബ്ലിക്ക് ഹിയറിങ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഈ പരാമർശം അടങ്ങിയ ഭാഗം നീക്കം ചെയ്ത റിപ്പോർട്ടാണ് കേന്ദ്രസർക്കാരിന് നൽകി പാരിസ്ഥിതിക അനുമതി നേടിയത്.
വിഴിഞ്ഞം മാതൃകയിൽ തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ 200 മീറ്റർ പുലിമുട്ട് നിർമിച്ചപ്പോൾ തന്നെ വടക്കുഭാഗത്തെ താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ് കടലോരങ്ങൾ കടൽ കവർന്നെടുക്കുകയുണ്ടായി. കന്യാകുമാരി ജില്ലയിലെ ഇരയിമൻ തുറയിൽ ഫിഷിങ് ഹാർബറിനായി പുലിമുട്ട് നിർമാണം തീർന്നപ്പോൾ തന്നെ തൊട്ടുവടക്കോട്ടുള്ള തുത്തൂർ, ചിന്നത്തുറ, പുത്തൻതുറ, വള്ളവിള തീരഗ്രാമങ്ങൾ കടലാക്രമണത്തിനിരയായി. വടക്കുനിന്ന് തെക്കോട്ട് പുലിമുട്ട് നിർമിച്ചിട്ടുള്ള പൊന്നാനി, ബേപ്പൂർ തുറമുഖങ്ങൾ, കണ്ണൂർ മാപ്പിള ഫിഷിങ് ഹാർബർ എന്നിവിടങ്ങളിൽ വടക്കുഭാഗങ്ങളിലെ കരയെ കടൽ കവർന്നതായി സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
തെക്കോട്ട് പുലിമുട്ട് നിർമിക്കുമ്പോൾ വടക്കുഭാഗത്ത് തീരശോഷണം ഉണ്ടാകാൻ കാരണം മൺസൂൺ കാലത്തെ മഴവെള്ളപ്പാച്ചിലിൽ തെക്കുഭാഗത്തെ കടലിൽ മണൽ നിക്ഷേപിക്കപ്പെടുന്നതുകൊണ്ടാണ്. തുടർന്ന് കടലിന്റെ സ്വാഭാവികമായ പ്രക്രിയ എന്ന നിലയിൽ തെക്കുനിന്ന് മൺസൂൺ കാലം കഴിഞ്ഞ് ശക്തികുറഞ്ഞ കടലൊഴുക്ക് വടക്കോട്ട് തുടങ്ങുമ്പോൾ തെക്കു നിന്നുമെത്തുന്ന മണലിന് സഞ്ചരിക്കാൻ പുലിമുട്ട് തടസം സൃഷ്ടിക്കുന്നു. തുറമുഖത്തിന്റെ വടക്കുഭാഗത്ത് നിലനിൽക്കുന്ന മണൽ ഈ തിരിച്ചുള്ള ഒഴുക്കിൽ അവിടെ നിന്ന് വീണ്ടും വടക്കുഭാഗങ്ങളിലേയ്ക്ക് ഒലിച്ചുപോകുകയും ചെയ്യുമ്പോൾ ഹാർബറുകളുടെ വടക്കു ഭാഗങ്ങളിൽ കര നഷ്ടപ്പെടുന്നതായാണ് കണക്കാക്കപ്പെടുന്നത്. അത് എന്തു തന്നെയായാലും ഹാർബറുകളുടെ വടക്കുഭാഗങ്ങളിൽ കര നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി അനുഭവം പഠിപ്പിച്ചിരിക്കുന്നു. വടക്കുഭാഗം പദ്ധതി പ്രദേശഭാഗങ്ങളിൽ ഉൾപ്പെടാത്തതിനാൽ തുറമുഖ പദ്ധതി മൂലമുള്ള ദുരന്തമായി കണക്കാക്കപ്പെടാനുള്ള സാധ്യതയുമില്ല.
വിഴിഞ്ഞം ഫിഷിങ് ഹാർബറിനായി 400 മീറ്റർ പുലിമുട്ടു നിർമിച്ചപ്പോൾ ഉണ്ടായ ദുരന്തങ്ങൾ ഓർക്കുമ്പോൾ വാണിജ്യ തുറമുഖത്തിനായി 1.20 കിലോമീറ്റർ നീളത്തിൽ കടലിനു കുറുകെ പുലിമുട്ടു പൂർത്തിയാകുമ്പോൾ, എന്തു സംഭവിക്കുമെന്നുള്ളതു പ്രവചനാതീതമാണ്. പിന്നീട് തെറ്റു മനസ്സിലാക്കി, കടലിലേക്കു തള്ളിയ പടുകൂറ്റൻ പുലിമുട്ടുകൾ നമുക്ക് തിരിച്ചെടുത്ത് വന്നുപോയ തെറ്റുതിരുത്താനുമാവില്ല. അതുകൊണ്ട് തുറമുഖ പദ്ധതി തുടർനിർമാണം നിർത്തിവയ്ക്കുകയാണ് വേണ്ടത്. അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ പുലിമുട്ടുകൾ തീരതലവേദന ഉയർത്തിക്കൊണ്ടിരിക്കുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."