HOME
DETAILS

അക്രമികളായ ജീവനക്കാരെ കെ.എസ്.ആർ.ടി.സി പിരിച്ചുവിടണം

  
backup
September 21 2022 | 20:09 PM

ksrtc-4-2022-sep-22


തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന രണ്ട് ആനകളാണ് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ഔദ്യോഗിക മുദ്ര. നിർദോഷമാണ് ആ നിൽപ്. നിയന്ത്രിക്കാൻ നിയമിതരായവരിൽ നിന്നുണ്ടാകുന്ന ചിന്നംവിളികളും തുടർന്നുണ്ടാകുന്ന മദമിളകലും കാരണം സ്ഥാപനം ഇന്ന് തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തിനിടയിൽ കെ.എസ്.ആർ.ടി.സിക്ക് ചീത്തപ്പേര് സമ്പാദിച്ചുകൊടുക്കുന്നതിൽ അതിലെ ചില ജീവനക്കാർ വലിയ പങ്കാണ് വഹിക്കുന്നത്. ചെറിയൊരു വിഭാഗം മാത്രമാണ് അക്രമണോത്സുകതയോടെ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതെങ്കിലും അതിന്റെ പാപഭാരം പേറാൻ മുഴുവൻ ജീവനക്കാരും വിധിക്കപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസം ശമ്പളം കിട്ടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രയാസപ്പെട്ടപ്പോഴും പൊതുസമൂഹത്തിന്റെ പൂർണ തോതിലുള്ള അനുഭാവം അവർക്ക് കിട്ടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. അത്രമേൽ പൊതുജനങ്ങളാൽ വെറുക്കപ്പട്ട സ്ഥാപനമായി കെ.എസ്.ആർ.ടി.സി മാറിക്കഴിഞ്ഞിരിക്കുന്നു. കെ.എസ്.ആർ.ടി.സിയുടെ തകർച്ചയുടെ പൂർണ ഉത്തരവാദികൾ ജീവനക്കാർ അല്ലെങ്കിലും കോർപറേഷന്റെ മുഖമായി പൊതുജനത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് അതിലെ ജീവനക്കാരാണ്. അവരിൽ നിന്നാണ് പൊതുസമൂഹത്തിനു നേരെ അക്രമവും ഭീഷണിയും വന്നുകൊണ്ടിരിക്കുന്നതും. അതിനാലാണ് മകളുടെ കൺസെഷൻ പുതുക്കാൻ തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ ചെന്ന പിതാവ് പ്രേമനനോട് തട്ടിക്കയറിയ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ശരീഫിനോട് 'ചുമ്മാതല്ല കെ.എസ്.ആർ.ടി.സി ഈ നിലയിൽ എത്തിയതെന്ന്' പ്രേമനന് വൈകാരികമായി പ്രതികരിക്കേണ്ടി വന്നത്. കെ.എസ്.ആർ.ടി.സിയോടുള്ള സമൂഹത്തിന്റ പൊതുവികാരമാണ് പ്രേമനനിലൂടെ പുറത്തുവന്നത്.


കോളജ് വിദ്യാർഥിനിയായ മകളുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനാണ് പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരനായ ആമച്ചൽ പ്രേമനൻ കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ചെന്നത്. മൂന്ന് മാസം മുമ്പ് കാർഡ് പുതുക്കിയപ്പോൾ പ്രേമനൻ മകളുടെ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയതാണ്. വീണ്ടും അതാവശ്യപ്പെടുന്നത് കൺസെഷൻ കൊടുക്കാതിരിക്കാനുള്ള ജീവനക്കാരന്റെ ധിക്കാരമായി മാത്രമേ കാണാനാകൂ. മന്ത്രി തന്നെ പറയുന്നു കോഴ്‌സ് സർട്ടിഫിക്കറ്റ് ഒറ്റത്തവണ ഹാജരാക്കിയാൽ മതിയെന്ന്. സർട്ടിഫിക്കറ്റ് ഇല്ലാതെ ഇളവനുവദിക്കാനാവില്ലെന്ന ജീവനക്കാരൻ്റെ ധാർഷ്ട്യത്തെ സ്റ്റേഷൻമാസ്റ്റർ കൂടി പിന്തുണച്ചതോടെ കടുത്ത നിരാശയിലും വേദനയിലുമായി പ്രേമനൻ. അതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. അത്തരമൊരു പ്രതികരണത്തിന് പ്രേമന് കിട്ടിയ ശിക്ഷ ജീവനക്കാരുടെ സംഘം ചേർന്നുള്ള കൂട്ടത്തല്ലായിരുന്നു. മർദിക്കുന്നതിൽ അവർ സംഘടനാ ഭേദങ്ങൾ മറന്ന് ഒറ്റക്കെട്ടാവുകയും ചെയ്തു. സി.ഐ.ടി.യു നേതാവും ഐ.എൻ.ടി.യു.സി നേതാവും തോളോടുതോൾ ചേർന്നാണ് പ്രേമനനെ അതിക്രൂരമായി മർദിച്ചത്. പ്രേമനനെ അവർ പൊതുശത്രുവായിട്ടായിരിക്കും കണ്ടിരിക്കുക. ജീവനക്കാരുടെ വിശ്രമമുറിയിലേക്ക് തള്ളിയിട്ട ശേഷം പോകുന്നവരും വരുന്നവരുമെല്ലാം അവരുടെ കൈക്കരുത്ത് അമ്പത്തിമൂന്നുകാരനായ പ്രേമനനിൽ പ്രയോഗിച്ചുകൊണ്ടിരുന്നു. അച്ഛനെ സംഘം ചേർന്നുള്ള മർദനത്തിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ച മകൾക്കും കൂട്ടുകാരിക്കും കൂട്ടമർദനത്തിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞില്ല.


ഇതര സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളിലെ കണ്ടക്ടർമാർ വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡ് പരിശോധിച്ച് ബസിൽ വച്ചുതന്നെ കൺസെഷൻ കാർഡ് പുതുക്കി കൊടുക്കാറാണ് പതിവ്. ഇവിടേയും എന്തുകൊണ്ട് ആ സംവിധാനം ഏർപ്പെടുത്തിക്കൂടാ എന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആലോചിക്കണം. അക്രമികളായ നാല് ജീവനക്കാരെ കെ.എസ്.ആർ.ടി.സി ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി ആന്റണി രാജു സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. നാലുപേർ മാത്രമായിരുന്നില്ല പ്രേമനനെ ആക്രമിച്ചതെന്ന് ആക്രമണ ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. പ്രാഥമികാന്വേഷണത്തിന്റെ പേരിലാണ് തൊഴിലാളി സംഘടനാ നേതാക്കൾ കൂടിയായ നാല് ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവന്നതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പും ചേർത്തെങ്കിലും വിശദമായ അന്വേഷണത്തിന് സമയം നീട്ടിക്കൊടുത്തിരിക്കുകയാണ് മന്ത്രി. ഈ പഴുതുപയോഗിച്ച് അക്രമികൾ ശിക്ഷാനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത ഏറെയാണ്. അക്രമികൾ പ്രേമനനെയും മകളെയും മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാമെന്നിരിക്കെ അതിനപ്പുറം എന്ത് അന്വേഷണമാണ് ഇനി വേണ്ടത്. തൊഴിലാളി സംഘടനാ നേതാക്കളുടെ സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് കുറ്റവാളികളായ ജീവനക്കാരെ ശിക്ഷണനടപടികൾ ഒഴിവാക്കാറാണ് പതിവ്. ഇത്തരം പതിവുകളാണ് യാത്രക്കാർക്ക് നേരെ തട്ടിക്കയറാനും അവരെ കായികമായി നേരിടാനും ജീവനക്കാർക്ക് ഊർജം നൽകുന്നത്.
കാട്ടാക്കട സംഭവത്തിൽ സസ്‌പെന്റ് ചെയ്യപ്പെട്ടവർ വളരെ വൈകാതെ ജോലിയിൽ തിരിച്ചു കയറുകയില്ല എന്നതിന് ഒരു ഉറപ്പുമില്ല. രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ കാട്ടാക്കാട സംഭവം മർദനമേറ്റ പ്രേമനനും അയാളുടെ കുടുംബവുമൊഴികെ മറ്റെല്ലാവരും വിസ്മരിക്കും. ഈ പഴുതിലൂടെ സംഘടനാ നേതാക്കൾ കൂടിയായ പ്രതികൾ ജോലിയിൽ തിരിച്ചുകയറിയേക്കാം. മനോവിഭ്രാന്തിയുള്ള ജീവനക്കാരാണ് അക്രമിച്ചതെന്ന കെ.എസ്.ആർ.ടി.സി മാനേജിങ് ഡയരക്ടർ ബിജു പ്രഭാകറിന്റെ കുറ്റസമ്മതത്തിൽ തന്നെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒളിഞ്ഞിരിപ്പുണ്ട്. മനോവിഭ്രാന്തിയുള്ളവരെ സർവിസിൽ നിർത്താതെ പിരിച്ചുവിടുകയാണ് വേണ്ടത്. പ്രേമനനെ ചവിട്ടിയ അഞ്ചാംപ്രതിയായ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനെതിരേ എം.ഡി ഇതുവരെ നടപടിയെടുത്തിട്ടില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. പ്രേമനനോടുള്ള അദ്ദേഹത്തിൻ്റെ മാപ്പപേക്ഷയിൽ പിന്നെ എന്ത് ആത്മാർഥതയാണുള്ളത്.


പ്രതികൾക്കെതിരേ പൊലിസ് ആദ്യം ചുമത്തിയത് സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന ദുർബല വകുപ്പുകളായിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്തത്. ഇതുവരെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമില്ല. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ട് പോലും പ്രതികൾക്കനുകൂലമായ നിലപാടാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ഇതിൽ നിന്നൊക്കെ വ്യക്തമാണ്. അച്ഛനെയും മകളെയും മർദിച്ച ജീവനക്കാരെ വച്ചുകൊണ്ടിരിക്കാതെ പിരിച്ചുവിടുകയാണ് കെ.എസ്.ആർ.ടി.സി ചെയ്യേണ്ടത്. മാനസിക വിഭ്രാന്തിയുള്ളവരാണ് കെ.എസ്.ആർ.ടി.സിയിലെ ചില ജീവനക്കാരെന്ന് എം.ഡിതന്നെ സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക് അവരേയും എത്രയും പെട്ടെന്ന് പിരിച്ചുവിട്ട് ബസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ ദേഹസുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഇപ്പോഴത്തെ സസ്‌പെൻഷനും പൊലിസ് കേസും പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള പതിവ് തന്ത്രമാകരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago