'ഭരണഘടന വിഭാവനം ചെയ്യുന്ന ഗവര്‍ണര്‍ പ്രതിപക്ഷ നേതാവല്ല, ബില്‍ ഒപ്പിടാതെ വെച്ചുതാമസിപ്പിക്കാന്‍ അധികാരവുമില്ല' രൂക്ഷവിമര്‍ശനവുമായി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ദേശാഭാമാനിയിലെ ലേഖനത്തിലാണ് വിമര്‍ശനം. ഭരണഘടന വിഭാവനം ചെയ്യുന്ന ഗവര്‍ണര്‍ പ്രതിപക്ഷ നേതാവല്ലെന്നും സര്‍ക്കാരിന്റേയും നിയമസഭയുടേയും ഭാഗമാണെന്ന് അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ഭരണഘടനാപരമായ അന്തസും മാന്യതയും ഗവര്‍ണര്‍ പാലിക്കണം. ആര്‍.എസ്.എസുമായുള്ള തന്റെ ബന്ധം ഉറക്കെ വിളിച്ചു പറഞ്ഞയാളാണ് ഗവര്‍ണറെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
അയോഗ്യരായവര്‍ അയോഗ്യത ഭരണഘടനയ്ക്ക് സമ്മാനിക്കുമെന്ന ഭരണഘടനാ ശില്‍പി അംബേദ്കറുടെ മുന്നറിയിപ്പ് ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല.
എന്നാല്‍ ആര്‍.എസ്.എസ് ബി.ജെ.പി ദാസന്മാരായ ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടാതെ ഭരണഘടനാ പ്രതിസന്ധി സ്യഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇത്. ഇത്തരം ഭരണഘടനാവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചുനില്‍ക്കണമെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയല്ല, മറിച്ച് മതാധിഷ്ഠിത രാഷ്ട്രം ലക്ഷ്യമാക്കുന്ന ആര്‍എസ്എസാണ് ഗവര്‍ണറുടെ വഴികാട്ടി. കേരളത്തില്‍ ലക്ഷ്യം നേടാന്‍ കഴിയാത്തതിലുള്ള ചൊരുക്കാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായ മാന്യതയുടെയും അന്തസിന്റേയും പ്രതീകമായിരിക്കണം ഗവര്‍ണര്‍.
സര്‍ക്കാരും ഗവര്‍ണറും പല വിഷയത്തിലും ആശയവിനിമയം നടത്തുന്നത് സ്വാഭാവികമാണ്. അതിന് രഹസ്യസ്വഭാവമുണ്ട്. ഭരണഘടനയുടെ 163ാം വകുപ്പുപ്രകാരം കോടതിക്കുപോലും പരിശോധിക്കാന്‍ അവകാശമില്ലാത്ത ഔദ്യോഗിക കത്തിടപാടുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടിട്ടുള്ളത്. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഭരണം നിര്‍വഹിക്കുന്നതെങ്കിലും മന്ത്രിസഭ ഗവര്‍ണര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കിയതെന്ന് ഒരു കോടതിക്കും അന്വേഷിക്കാന്‍ അധികാരമില്ല. വസ്തുത ഇതായിരിക്കെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ 'വന്‍തെളിവുകള്‍' എന്നുപറഞ്ഞ് ഔദ്യോഗിക കത്തിടപാടുകള്‍ പുറത്തുവിട്ട നടപടി നഗ്‌നമായ ഭരണഘടനാലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്.- അദ്ദേഹം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."