പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ കടമ്പകളില്ലെന്ന് വിവരാവകാശ രേഖ
നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാരെ രണ്ടു തട്ടിലാക്കിയ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ കടമ്പകള്‍ ഏറെയുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും പദ്ധതി പിന്‍വലിച്ച് എല്ലാവരെയും ഒറ്റത്തട്ടിലാക്കാനുള്ള പദ്ധതിക്ക് കടമ്പകളൊന്നുമില്ലെന്ന് വിവരാവകാശ രേഖ.
പദ്ധതിയില്‍നിന്ന് പിന്മാറി സ്റ്റാറ്റിയൂട്ടറി പദ്ധതിയിലേക്ക് തിരിച്ച് പോകാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനാണ് ധനകാര്യ വകുപ്പിന്റെ അഡീഷനല്‍ സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്നത്. പി.എഫ്.ആര്.ഡി ആക്ടിലോ, സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പുവച്ച കരാറുകളിലോ ഒന്നുംതന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വമേധയാ സ്റ്റാറ്റിയൂട്ടറി പദ്ധതിയിലേക്ക് തിരിച്ച് പോകാന്‍ സാധിക്കില്ലെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഇതുസംബന്ധിച്ച് യാതൊരു ഉത്തരവും കേന്ദ്ര സര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ പുറപ്പെടുവിച്ചിട്ടുമില്ലെന്നും ധനകാര്യ അഡീഷണല്‍ സെക്രട്ടറി ജി അനില്‍കുമാര്‍ നല്കിയ മറുപടിയില്‍ പറയുന്നു.
എന്‍.ജി.ഒ യൂണിയനടക്കമുള്ള സംഘടനകള്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ സാധിക്കാത്തത് സര്‍ക്കാര്‍ പി.എഫ്.ആര്.ഡി.എ(പെന്ഷന് ഫണ്ട് റെഗുലേറ്ററി ഡെവല്പെമെന്റ് അതോറിറ്റി)യുമായും അതിന്റെ ചെയര്‍മാനുമായും ഒപ്പുവച്ച കരാറുകളുടെ പിന്‍ബലം പദ്ധതിക്ക് നിലനില്ക്കുന്നതിനാലാണെന്ന വാദമുയര്‍ത്തി പങ്കാളിത്ത പെന്‍ഷന്‍കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
അതോറിറ്റിയുമായോ ചെയര്‍മാനുമായോ ഒരു കാരാറും സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടില്ലെന്നാണ് ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്നത്. അതോറിറ്റിയിലെ സബ് കമ്മിറ്റികളായ എന്‍.പി.എസ് ട്രസ്റ്റ്, എന്‍.എസ്.ഡി.എല്‍ എന്നിവരുമായാണ് കരാര്‍ ഒപ്പുവച്ചതെന്നും മറുപടിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."