ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം: മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് പൊലിസ്
തിരുവനന്തപുരം: കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള പൊലിസ്. മാതാപിതാക്കള്‍ക്കായി കൂടുതല്‍ നിര്‍ദേശങ്ങള്‍ പൊലിസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരേ കുട്ടികളെ നിയന്ത്രിക്കുന്നതിനു മുമ്പ് രക്ഷിതാക്കള്‍ അവര്‍ക്ക് മാതൃകയാകണം. കുട്ടികളില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനപ്പുറം അവര്‍ അതില്‍ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കു പുറത്ത് കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്ന വിനോദ ഇടവേളകള്‍ ക്രമീകരിക്കണം.
പ്രതിദിനം ഒരു നേരമെങ്കിലും ഡിജിറ്റല്‍ ഉപകരണങ്ങളുടെ സാന്നിധ്യമില്ലാതെ കുടുംബം ഒരുമിച്ച് ഭക്ഷണസമയം കണ്ടെത്തണം.
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീന്‍ സമയം അവസാനിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഇത് സുഖകരമായ ഉറക്കത്തിനും കൃത്യസമയത്ത് ഉണരാനും സഹായകമാകും. ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികളെ അതില്‍നിന്ന് പിന്തിരിപ്പിച്ച് കൂട്ടുകാരോട് പാഠ്യവിഷയങ്ങളെക്കുറിച്ചോ മറ്റു ക്രിയാത്മക വിഷയങ്ങളെക്കുറിച്ചോ സംസാരിപ്പിക്കണം. ഇത്തരം ഉപകരണങ്ങള്‍ വേഗത്തില്‍ എടുക്കാന്‍ പറ്റാത്ത സ്ഥലത്ത് സൂക്ഷിക്കണമെന്നും പകരം പത്രങ്ങള്‍, പസിലുകള്‍, കോമിക്ക് പുസ്തകങ്ങള്‍, ബോര്‍ഡ് ഗെയിമുകള്‍, തുടങ്ങിയ സ്‌ക്രീന്‍ ഇതര വിഷയങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."