കാണുന്നില്ലേ, കര്‍ഷകന്റെ കണ്ണീര്‍
ചിങ്ങം പിറന്നാല്‍ ചിത്തം നിറഞ്ഞു എന്നൊരു ചൊല്ലുണ്ട്. ഇത്തവണ ചിങ്ങം പിറന്നിട്ടും കര്‍ഷക മനസുകളില്‍ നിറഞ്ഞത് തീയാളുന്ന ആകുലതകള്‍ മാത്രമായിരുന്നു. കര്‍ഷകദിനം കൊണ്ടാടേണ്ട ചിങ്ങം ഒന്നിന് പാലക്കാട്ടെയും കുട്ടനാട്ടിലെയും വയനാട്ടിലെയും നെല്‍ക്കര്‍ഷകര്‍ തിളയ്ക്കുന്ന ചൂടില്‍ തെരുവില്‍ സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ പ്രതിഷേധിക്കുകയായിരുന്നു. സംഭരിച്ച നെല്ലിന് സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള കുടിശികയ്ക്കു വേണ്ടിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് കര്‍ഷകരെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനു മാത്രമാണ്.
ബജറ്റില്‍ ഉള്‍പ്പെടെ വര്‍ഷാവര്‍ഷം കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഏറെയുണ്ടാകുന്നുവെങ്കിലും ഒട്ടുമിക്കതും പ്രാവര്‍ത്തികമാകുന്നില്ലെന്നു മാത്രം. സംഭരിച്ച നെല്ലിന്റെയും തേങ്ങയുടെയും കുടിശിക മാസങ്ങളായി മുടങ്ങിയതിനു പുറമെ മുമ്പെങ്ങുമില്ലാത്ത വരള്‍ച്ച കൂടിയാണ് സംസ്ഥാനത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്. 142 ദിവസത്തെ ജലസേചനമുണ്ടെങ്കിലേ നെല്‍ച്ചെടികള്‍ കതിരിടുകയുള്ളൂ. മണ്‍സൂണ്‍ ഏതാണ്ട് പിന്‍മാറിയ മട്ടാണ്. ഈ മാസമെങ്കിലും പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കില്‍ നെല്‍ക്കര്‍ഷകരുടെ കണ്ണീരുവീണ് ഇവിടെ പ്രളയസമാനമാകും. കതിരിടാറായ പാടങ്ങള്‍ വറ്റിവരണ്ടതോടെ പാലക്കാട്ടെയും കാസര്‍കോട്ടെയും പല കര്‍ഷകരും മോട്ടോര്‍ പമ്പ് ഉപയോഗിച്ച് ദൂരസ്ഥലങ്ങളില്‍നിന്ന് വെള്ളമെത്തിച്ചാണ് പാടം നനച്ചത്.
സംസ്ഥാനത്തിന്റെ കാര്‍ഷിക ചരിത്രത്തില്‍ അത്യപൂര്‍വമാണ് ഈയൊരു സ്ഥിതിവിശേഷം. അയല്‍ സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് വിത്തും വളവും വെള്ളവും വൈദ്യുതിയും സൗജന്യമായും സബ്‌സിഡി നിരക്കിലും നല്‍കുമ്പോഴാണ് കര്‍ഷകരോട് കടം പറയാന്‍ മാത്രം ഇവിടെയൊരു സര്‍ക്കാരുള്ളത്. ഇതിനൊക്കെ പുറമേയാണ് വിലത്തകര്‍ച്ചയും രോഗകീടബാധയും വന്യമൃഗശല്യവും കര്‍ഷകന്റെ ഉറക്കം കെടുത്തുന്നത്. ഉല്‍പ്പാദനച്ചെലവും പണിക്കൂലിയും നാള്‍ക്കുനാള്‍ കുതിക്കുമ്പോള്‍ എത്രകാലം കഷ്ടനഷ്ടങ്ങള്‍ സഹിച്ച് ഒരു കര്‍ഷകന്‍ കളത്തിലിറങ്ങുമെന്നത് സംസ്ഥാനം ഭരിക്കുന്നവര്‍ ഒന്നാലോചിക്കണം.
നാലുമാസം മുമ്പ് കര്‍ഷകരില്‍നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ല. പതിനായിരക്കണക്കിന് നെല്‍കര്‍ഷകര്‍ക്കാണ് പണം കിട്ടാനുള്ളത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ചനടത്തി നെല്‍വില നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. 218 കോടി രൂപയോളം ഇനിയും കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ഓണത്തിന് തൊട്ടുമുമ്പ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് സംസ്ഥാന പ്രോത്സാഹനവിഹിതം മാറ്റിയെങ്കിലും തുടര്‍ച്ചയായ ബാങ്ക് അവധികാരണം പലര്‍ക്കും ഈ പണം പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല.
വട്ടിപ്പലിശയ്ക്ക് കടമെടുത്താണ് ഒട്ടേറെപ്പേര്‍ കൃഷിയിറക്കിയത്. ഇവരില്‍ പലരും ജപ്തിയുടെ വക്കിലാണ്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാനോ കാര്‍ഷിക കടം എഴുതിത്തള്ളാനോ സര്‍ക്കാര്‍ തയാറാകുന്നുമില്ല.
നെല്ലിനെപ്പോലെ തേങ്ങയ്ക്കും സംസ്ഥാന സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും സംഭരണകേന്ദ്രങ്ങളില്‍ നാളികേരം തൂക്കിക്കൊടുത്ത് ഒന്നും രണ്ടും മാസം കാത്തിരുന്നാലേ കര്‍ഷകര്‍ക്ക് കാശ് കിട്ടുകയുള്ളൂ. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 129 സംഭരണകേന്ദ്രങ്ങളാണ് കേരഫെഡിനുള്ളത്. നാളികേരം സംഭരണത്തിനുള്ള കടുത്ത നിബന്ധനകളും കേരകര്‍ഷകരെ താങ്ങുവില ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍നിന്ന് അകറ്റുകയാണ്. കൃഷി ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ കേരഫെഡ് തേങ്ങ സംഭരിക്കുകയുള്ളൂ. തെങ്ങിന്‍തോപ്പിന്റെ വിസ്തൃതി, തെങ്ങുകളുടെ എണ്ണം, വാര്‍ഷിക ഉല്‍പ്പാദനം എന്നിവ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ആഴ്ചയില്‍ രണ്ടു ദിവസം രാവിലെ 10 മുതല്‍ നാലുവരെ മാത്രമാണ് സംഭരണം. ഒരു തെങ്ങില്‍ നിന്ന് വര്‍ഷത്തില്‍ 48 തേങ്ങയും ഒരേക്കര്‍ തെങ്ങിന്‍തോപ്പില്‍നിന്ന് പരമാവധി 3000 തേങ്ങയും മാത്രമേ സംഭരിക്കൂ എന്നിങ്ങനെ കേരകര്‍ഷകരെ അകറ്റാന്‍ മാത്രമുള്ള പദ്ധതികളാണ് കൃഷിവകുപ്പിന്റെ കാഞ്ഞ ബുദ്ധിയില്‍ ഉദിച്ചതെന്ന് പറയാതെ വയ്യ.
സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്രസര്‍ക്കാരും നാളികേര കര്‍ഷകരെ ഒരു വാര അകലെനിര്‍ത്തുകയാണ്. തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച നാഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നില്ല. കേരഫെഡിന് തേങ്ങയുടെ സംഭരണം, വില്‍പ്പന, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പരിമിതിയുണ്ടെന്ന കാര്യം മറക്കുന്നില്ല. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഫെഡും കേരളത്തിലെ കര്‍ഷകരോട് എന്തിനാണ് മുഖംതിരിക്കുന്നത്?
റബര്‍ കര്‍ഷകരുടെ അവസ്ഥയും സമാനമാണ്. വിപണിവിലയും വിലസ്ഥിരതാ പദ്ധതിത്തുകയും തമ്മിലുള്ള വ്യത്യാസം പരിഹരിക്കാന്‍ നല്‍കുന്ന ഇന്‍സെന്റീവ് മുടങ്ങിയിട്ട് മാസങ്ങളായി. കിലോയ്ക്ക് 140 രൂപയാണ് റബറിന്. 170 രൂപയാണ് സര്‍ക്കാരിന്റെ താങ്ങുവില. ഇതുപ്രകാരം വിപണിവിലയും താങ്ങുവിലയും തമ്മില്‍ വ്യത്യാസംവരുന്ന തുക സര്‍ക്കാര്‍ നല്‍കണം. ഈ പണമാണ് ഇനിയും കര്‍ഷകരുടെ കൈകളിലെത്താത്തത്.
കൊവിഡ് അടച്ചുപൂട്ടലിനുശേഷം അത്യധികം ക്ലേശിച്ചു പുതുജീവിതത്തിലേക്കു തിരിച്ചുവരവിനൊരുങ്ങിയ കര്‍ഷകരില്‍ ഒട്ടേറെപ്പേര്‍ക്കും ഇപ്പോഴും ആത്മവിശ്വാസം തിരിച്ചുകിട്ടിയിട്ടില്ല. പ്രതിസന്ധികളെ അതിജീവിച്ച് മണ്ണില്‍ കൃഷിയിറക്കുന്നവര്‍, വിള വില്‍ക്കാനാവാതെയും വിറ്റ വിളയ്ക്ക് വില കിട്ടാതെയും ദുരിതമനുഭവിക്കേണ്ടി വരുന്നതു സങ്കടകരമാണ്. പെരുകിവരുന്ന കടഭാരം ഇവരെ ശ്വാസം മുട്ടിക്കുന്നതു സര്‍ക്കാര്‍ മനസ്സിലാക്കിയേതീരൂ. വിളവെടുത്താല്‍ നിശ്ചിത ദിവസത്തിനകം ന്യായവില കിട്ടുമെന്ന ഉറപ്പിനൊപ്പം വെള്ളവും വളവും കൃഷിയുപകരണങ്ങളും കര്‍ഷകന് സൗജന്യനിരക്കില്‍ സാധ്യമാക്കാനും സര്‍ക്കാര്‍ തയാറാകണം.
അതിനൊപ്പം നവസാങ്കേതികവിദ്യകളും നൂതനകൃഷിരീതികളും കാര്‍ഷികമേഖലയില്‍ പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികളും ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തിയാല്‍ മാത്രമേ നമ്മളെ അന്നമൂട്ടുന്ന കര്‍ഷകരുടെ കണ്ണീര്‍ തോരുകയുള്ളൂ.
Content Highlights:editorial in sep 1 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."