കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍
മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയെ കൊലപ്പെടുത്തി ആന്തരികാവയവങ്ങള്‍ വറുത്തുകഴിച്ച കേസില്‍ പ്രതിക്ക് കോലാപൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. സുനില്‍ രാമ കുഛ്‌കൊരാവി (35) യ്ക്കാണ് തൂക്കുകയര്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മഹേഷ് കൃഷ്ണാജി യാദവ് വിലയിരുത്തി. സംഭവം സമൂഹമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയെന്ന് കോടതി പറഞ്ഞു. ഇതൊരു കൊലപാതകം മാത്രമല്ല, അതിക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണ്. മാതാവ് അനുഭവിച്ച വേദന വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധ്യമല്ല. മദ്യത്തോടുള്ള ആര്‍ത്തി മൂലമാണ് നിരാലംബയായ മാതാവിനെ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. മാതൃത്വത്തെ ഇതിനെക്കാള്‍ മോശമായി അപമാനിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
2017 ഓഗസ്റ്റ് 28നാണ് പ്രതി 63കാരിയായ മാതാവ് യെല്ലമ്മ രാമ കുഛ്‌കൊരാവിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്തത്തില്‍ കുളിച്ചനിലയില്‍ പ്രതി അമ്മയുടെ മൃതദേഹത്തിനരികില്‍ നില്‍ക്കുന്നത് സമീപവാസിയായ കുട്ടിയാണ് കണ്ടത്. കുട്ടി ഉറക്കെ കരഞ്ഞതോടെ സമീപവാസികള്‍ വിവരമറിയുകയും പൊലിസില്‍ അറിയിക്കുകയുമായിരുന്നു. പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച യെല്ലമ്മയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കീറിമുറിച്ച് ചില അവയവങ്ങളെല്ലാം പുറത്തെടുത്തിരുന്നു. ഹൃദയം ഒരു തളികയില്‍വെച്ച നിലയിലായിരുന്നു. മറ്റുചില അവയവങ്ങള്‍ എണ്ണപാത്രത്തില്‍ കണ്ടെത്തി. ചില അവയവങ്ങള്‍ പ്രതി ഭക്ഷിച്ചതായും പൊലിസ് പറഞ്ഞു. മദ്യത്തിന് അടിമയായിരുന്ന പ്രതിയുടെ നിരന്തര മര്‍ദനത്തെതുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. പിന്നാലെ മദ്യപിക്കാനുള്ള പണത്തിന് വേണ്ടി അമ്മയുമായി സ്ഥിരം വഴക്കിടാന്‍ തുടങ്ങി. അമ്മയുടെ പെന്‍ഷന്‍ ഉപയോഗിച്ചായിരുന്നു മദ്യപാനം. പണത്തിനായി അമ്മയെ മര്‍ദിക്കാന്‍ തുടങ്ങിയ പ്രതി കൊല നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."