കംപ്യൂട്ടര്‍ ഗെയിമില്‍ അടിപ്പെട്ട് മകന്‍ ഒറ്റമുറിയില്‍; സങ്കടക്കടലില്‍ ഒരു പിതാവ്
കബീര്‍ അന്‍വരി നാട്ടുകല്‍
തച്ചനാട്ടുകര (പാലക്കാട്ട്): ഒരച്ഛനും ഈഗതി വരരുതെന്നാണ് മോഹന്‍ മാസ്റ്ററുടെ പ്രാര്‍ഥന. പത്തൊന്‍പത് വയസുള്ള മകന്‍ മുറിയടച്ചിരുന്ന് കംപ്യൂട്ടര്‍ ഗെയിമിന്റെ മാത്രം ലോകത്ത് കഴിയുന്നതിനെക്കുറിച്ച് ഭീതിയോടെയും വേദനയോടെയുമാണ് മോഹന്‍ മാസ്റ്റര്‍ പറഞ്ഞത്.
ഫ്രീ ഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്ത് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ജീവനൊടുക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം കേട്ടിരുന്നു. തന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ റിട്ട. അധ്യാപകന്‍ ഇപ്പോള്‍ സ്വന്തംവീട് വരെ വിറ്റു നാട്ടിന്‍പുറത്തെ പഴയവീട്ടില്‍ താമസമാക്കിയിരിക്കുകയാണ്. എന്നിട്ടും മകന്‍ പഠനമുപേക്ഷിച്ച് ഫ്രീ ഫയര്‍ ഗെയിമില്‍ മാത്രം മുഴുകി കഴിയുമ്പോള്‍ എന്തു ചെയ്യണമെന്ന് ഈ പിതാവിന് അറിയില്ല.
തച്ചനാട്ടുകര അണ്ണാന്‍തൊടി മോഹന്‍ മാസ്റ്ററാണ് തന്റെ വേദനിക്കുന്ന ജീവിത യാഥാര്‍ഥ്യം പങ്കുവച്ചത്. 'പഠനത്തില്‍ നല്ല താല്‍പര്യമുള്ളവനായിരുന്നു അവന്‍. ഒപ്പം കംപ്യൂട്ടറില്‍ നല്ല അറിവും. ഗെയിം ചാനലുകളും കാണുമായിരുന്നു. എട്ടാം ക്ലാസിലെത്തിയപ്പോഴാണ് കംപ്യൂട്ടര്‍ ഗെയിം കളി തുടങ്ങിയത്. അപ്പോള്‍ മണ്ണാര്‍ക്കാടായിരുന്നു താമസം. പഠനത്തില്‍ താല്‍പര്യമില്ലാതെ മുഴുവന്‍ സമയവും ഗെയിം കളിയായി. സി.ഡി വാങ്ങാനൊക്കെ സൗകര്യമുണ്ടാകുന്നത് ടൗണിനടുത്ത് താമസിക്കുന്നതുകൊണ്ടാണെന്ന് കരുതിയാണ് ആ വീട് വിറ്റ് തച്ചനാട്ടുകരയിലെ പഴയ വീട്ടിലേക്ക് താമസം മാറിയത്. എന്നാല്‍ ഇവിടെയും മുറിയടച്ചിരുന്നു ഗെയിം കളി തന്നെയാണ്. പ്ലസ് ടു കഴിഞ്ഞിട്ട് തുടന്‍ പഠനത്തിനു പേകാന്‍ പറഞ്ഞിട്ടും തയാറായില്ല. എന്തെങ്കിലും പറത്താല്‍ വീടുവിട്ടിറങ്ങിപോകും, തട്ടിക്കയറും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും.' മോഹന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇതിനിടെ മൂന്നുലക്ഷം രൂപയും ഫ്രീ ഫയര്‍ കളിയിലൂടെ മകന്‍ നഷ്ടപ്പെടുത്തി. രണ്ടു വര്‍ഷത്തോളം മകനെ എറണാകുളത്തെ ഒരു ഡോക്ടറുടെ അടുത്തെത്തി ചികിത്സിച്ചിട്ടും മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇനി എന്തു ചെയ്യണമെന്നറിയില്ല, ആത്മഹത്യയെകുറിച്ചു പോലും ചിന്തിച്ചിട്ടുണ്ട്' ഒരുപാട് വിദ്യാര്‍ഥികളെ ജീവിതത്തിന്റെ നേര്‍വഴിക്ക് നയിച്ച മാസ്റ്ററുടെ കണ്ണുകള്‍ നിറഞ്ഞു. താന്‍ മാത്രമല്ല, ഇതുപോലെ നിരവധി രക്ഷിതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."