അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കി നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ശക്തമാക്കിയതിനാല്‍ കാണ്ഡഹാറിലെ കോണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരും ഉള്‍പ്പെടെ 50 പേരെ ഇന്ത്യ ഒഴിപ്പിച്ചു. ഇവരെ ഡല്‍ഹിയില്‍ എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാണ്ഡഹാറിന് സമീപം ശക്തമായ പോരാട്ടം നടക്കുന്ന പശ്ചാത്തലത്തിലാണിത്. പാക് വ്യോമപാത ഉപേക്ഷിച്ച് പ്രത്യേക വിമാനത്തിലാണ് ഉദ്യോഗസ്ഥരെ ഡല്‍ഹിയിലെത്തിച്ചത്.
ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് മാറ്റിയതോടെ കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസിയും കാണ്ഡഹാര്‍, മസാറെ ശരീഫ് എന്നീ നഗരങ്ങളിലെ കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ പദ്ധതിയില്ലെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കാണ്ഡഹാറിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തതോടെയാണ് ഇന്ത്യയുടെ പുതിയ നടപടി. അതിനിടെ, അഫ്ഗാനിലെ എംബസി അടച്ചിട്ടില്ലെന്നും ജീവനക്കാരെ തിരികെയെത്തിച്ചത് താല്‍ക്കാലിക നടപടി മാത്രമാണെന്നും പ്രാദേശിക ജീവനക്കാരെ ഉപയോഗിച്ച് കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
അഫ്ഗാനിലെ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരും പൗരന്‍മാരും അപകടത്തിലാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ ഫരീദ് മമുന്ദ്‌സെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധനുമായി ചര്‍ച്ച നടത്തി. അധിനിവേശ സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് അഫ്ഗാനിലെ വടക്കന്‍പ്രദേശങ്ങള്‍ ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."