'ഹിന്ദു' ബാങ്ക്: സംഘ്പരിവാര്‍ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍
പാലക്കാട്: കോടികളുടെ തട്ടിപ്പ് നടത്തി അടച്ചുപൂട്ടേണ്ടിവന്ന ചെര്‍പ്പുളശേരിയിലെ 'ഹിന്ദു' ബാങ്ക് ഡയരക്ടര്‍മാരുടെ സംഘ്പരിവാര്‍ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ബാങ്ക് ചെയര്‍മാനായിരുന്ന സുരേഷ് കൃഷ്ണ പുറത്തുവിട്ടു.
തട്ടിപ്പ് പുറത്തുവന്നതോടെ ബാങ്കിന് സംഘ്പരിവാറുമായി ബന്ധമില്ലെന്നും തട്ടിപ്പ് നടത്തിയത് ബാങ്ക് ചെയര്‍മാനാണെന്നും ആരോപിച്ച് ഡയരക്ടര്‍ ബോര്‍ഡംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താനുള്‍പ്പെടെയുള്ള ബോഡംഗങ്ങള്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളാണെന്നും തട്ടിപ്പില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും സുരേഷ് ഫേസ്ബുക്കിലൂടെ ആരോപിച്ചു. സുരേഷ് ആര്‍.എസ്.എസ് ജില്ലാ മുന്‍ ജാഗരണ്‍ പ്രമുഖും സംഘപരിവാറിന്റെ സമൂഹമാധ്യമ ചുമതലക്കാരനുമാണ്.
പണം നഷ്ടമായെന്നു പറഞ്ഞ് നിക്ഷേപകര്‍ ചെര്‍പ്പുളശേരി പൊലിസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ താനൊറ്റയ്ക്കല്ലെന്നും എല്ലാ ഇടപാടിലും സംഘ്പരിവാര്‍ നേതാക്കളായ ഡയരക്ടര്‍മാരുണ്ടെന്നും സുരേഷ് പറഞ്ഞു. ബി.ജെ.പി ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറിമാരായ വിനോദ് കുളങ്ങര, രാജു കൂട്ടാല, ആര്‍.എസ്.എസ് ചെര്‍പ്പുളശേരി ഖണ്ഡ് സഹകാര്യവാഹ് അനൂപ് തരുവക്കോണം, ചെര്‍പ്പുളശേരി നഗര്‍ ശാരീരിക് പ്രമുഖ് മനീഷ്, സേവാഭാരതി മുനിസിപ്പല്‍ സെക്രട്ടറി കാര്‍ത്തിക്, കൃഷ്ണപ്രഭ തൂത, ആര്‍.എസ്.എസ് നെല്ലായ പ്രമുഖ് അനില്‍കുമാര്‍, ചെര്‍പ്പുളശേരി ഖണ്ഡ് സേവാപ്രമുഖ് പ്രശാന്ത് എന്നിവരാണ് ബാങ്ക് ഡയരക്ടര്‍മാര്‍. ഡയരക്ടര്‍മാര്‍ തന്നെ ചെയര്‍മാനെതിരേ പരാതി നല്‍കി നിക്ഷേപകരെ കബളിപ്പിച്ച് സംഘ്പരിവാറിന് തട്ടിപ്പില്‍ പങ്കില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍.
സുരേഷ് കൃഷ്ണ, ബി.ജെ.പി നേതാവ് പ്രശാന്ത് ആച്ചങ്ങാട്ട് എന്നിവര്‍ ചേര്‍ന്നാണ് പണം പിരിച്ചതെന്നെന്ന് ഡരക്ടര്‍ ബോഡംഗവും ആര്‍.എസ്.എസ് നെല്ലായ മണ്ഡല്‍ മുന്‍ ബൗദ്ധിക് പ്രമുഖുമായ അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എസ്.ബി അക്കൗണ്ട് എന്ന പേരില്‍ പണം പിരിച്ച് സുരേഷ് കൃഷ്ണ വന്‍തോതില്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നും ഭാര്യ ഉമ ദാക്ഷായണി, പ്രശാന്ത് ആച്ചങ്ങാട്ടില്‍, വിനീത ദേവന്‍ എന്നിവരാണ് തട്ടിപ്പിന് കൂട്ടുനിന്നതെന്നും ഏഴ് ഡയരക്ടര്‍മാരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പെന്നും അനില്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ഹിന്ദുക്കളുടെ ഉന്നമനത്തിനു വേണ്ടി ലാഭം വിനിയോഗിക്കുമെന്നു പറഞ്ഞാണ് സംഘ്പരിവാര്‍ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. പിന്നീട് എച്ച്.ഡി.ബി നിധി ലിമിറ്റഡ് എന്ന് പേരു മാറ്റി. 16 ശതമാനം വരെ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറഞ്ഞു. ആര്‍.ഡി എന്ന പേരില്‍ 2,500 രൂപയും വ്യാപകമായി പിരിച്ചിട്ടുണ്ട്. ഇതിനുപുറമെ, ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും ബി.ജെപി പ്രവര്‍ത്തകരായ ചിലരില്‍നിന്ന് പണം വാങ്ങിയതായി ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."