കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകനെതിരേ കൂടുതല്‍ ഗുരുതരമായ ലൈംഗികാരോപണങ്ങള്‍
സ്വന്തം ലേഖകന്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനെതിരേയുള്ള ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിക്കു പിന്നാലെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോപണവിധേയനായ അധ്യാപകന്‍ ജോലിയില്‍ പ്രവേശിച്ചത്. തിരൂരങ്ങാടി പി.എസ്.എം. ഒ കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഇദ്ദേഹം നേരത്തെയും ആരോപണവിധേയനായിരുന്നതായി പറയപ്പെടുന്നു. സര്‍വകലാശാല കാംപസിലെ ലാംഗേജ് ബ്ലോക്കിലാണ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇവിടെ അസിസ്റ്റന്റ് പ്രൊഫസറായ അധ്യാപകന്‍ നേരിട്ടും വാട്ട്‌സ് ആപ്പിലൂടെയും ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നത് പതിവാക്കിയിരുന്നതായി പരാതിയില്‍ പറയുന്നു. ഇയാള്‍ക്കൊപ്പം സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ച വനിതയായ അസിസ്റ്റന്റ് പ്രൊഫസറോട് താന്‍ അവിവാഹിതനാണെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇംഗ്ലീഷ് വകുപ്പ് മേധാവിക്കും വൈസ് ചാന്‍സലര്‍ക്കും പെണ്‍കുട്ടി നല്‍കിയ പരാതി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.
കമ്മറ്റിയംഗങ്ങള്‍ പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്ത് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധ്യാപകനെ വി.സി സസ്‌പെന്‍ഡ് ചെയ്തത്. സര്‍വകലാശാലാ രജിസ്ട്രാര്‍ തേഞ്ഞിപ്പലം പൊലിസിനു കൈമാറിയ പരാതിയില്‍ അധ്യാപകനെതിരേ കേസെടുത്തു. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്ത ശേഷമേ അധ്യാപകനെ അറസ്റ്റ് ചെയ്യൂ എന്ന് പൊലിസ് പറയുന്നു.
ഇടത് അധ്യാപക സംഘടനയില്‍പെട്ട അധ്യാപകനെ സംഘടനയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ജാമ്യം ലഭിക്കാന്‍ അധ്യാപകന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അധ്യാപകനെതിരേ ഇനിയും പരാതികള്‍ ഉയരുമെന്നാണ് സര്‍വകലാശാലാ അധികാരികള്‍ കരുതുന്നത്. പൊലിസ്, കോടതി നടപടിക്രമങ്ങള്‍ അവസാനിച്ചാലല്ലാതെ അധ്യാപകനു ജോലിയില്‍ പ്രവേശിക്കാനാവില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സര്‍വകലാശാലയിലെ ജോലിയില്‍ തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ ഇദ്ദേഹം പി.എസ്.എം.ഒ കോളജിലേക്ക് തിരിച്ചുപോകേണ്ടിവരും. അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ അദ്ദേഹത്തില്‍നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."