വനത്തില്‍ അകപ്പെട്ട യുവാക്കളെ കണ്ടെത്തി; കേസെടുത്തു
താമരശേരി: അമരാട് വനത്തില്‍ അകപ്പെട്ട യുവാക്കളെ കണ്ടെത്തി. കാസര്‍കോട് ബന്തടുക്ക ബൈത്തുറഹ്മയില്‍ മുഹമ്മദ്, സഹോദരന് അബു എന്നിവരെയാണ് കണ്ടെത്തിയത്. ഇരുവര്‍ക്കുമെതിരേ അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ചതിന് കേസെടുത്തു.
ലോക്ക്ഡൗണ്‍ ലംഘിച്ച് വനത്തില്‍ പ്രവേശിച്ച ഇവര്‍ വഴിതെറ്റി ഉള്‍ക്കാട്ടില്‍ അകപ്പെടുകയായിരുന്നു. ശനിയാഴ്ച പകലാണ് ഇവര്‍ കാട്ടില്‍ പ്രവേശിച്ചത്.
ഇവരുടെ വാഹനം സന്ധ്യയായിട്ടും റോഡരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വനത്തില്‍ ആളുകള്‍ അകപ്പെട്ട വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് നടത്തിയ തിരച്ചിലില്‍ ഇന്നലെ രാവിലെയാണ് ഇവരെ കണ്ടെത്തിയത്. വനാതിര്‍ത്തിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ഇവരുമുണ്ടായിരുന്നത്. കട്ടിപ്പാറ ചെമ്പ്ര കുണ്ടയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇരുവരും. വനത്തില്‍ അകപ്പെട്ടവരുടെ ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും ഇവരുള്ള സ്ഥലം മനസിലാക്കുകയുമായിരുന്നു.
തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്ത് നില്കാന് ഇവരോട് നിര്‍ദേശിച്ചു. ഇന്നലെ രാവിലെ 7.30ഓടെയാണ് യുവാക്കളെ കണ്ടെത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."