84 ലക്ഷം ശമ്പളമുള്ള ജോലി കളഞ്ഞ് അലക്ക് കമ്പനി തുടങ്ങി; ഇന്ന് 110 കോടി ആസ്തിയുള്ള ബിസിനസ് മാന്‍
84 ലക്ഷം ശമ്പളമുള്ള ജോലി കളഞ്ഞ് അലക്ക് കമ്പനി തുടങ്ങി; ഇന്ന് 110 കോടി ആസ്തിയുള്ള ബിസിനസ് മാന്‍
ഐ.ഐ.ടിയില്‍ പഠനം പൂര്‍ത്തിയാക്കി ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയ ഒരു ഇന്ത്യക്കാരന്‍ ജോലി ഉപേക്ഷിച്ച് ബിസിനസിലേക്കിറങ്ങുന്നു. അതും തുണിയലക്ക് കമ്പനി. അവന്റെ തീരുമാനം കേട്ട് വീട്ടുകാരും നാട്ടുകാരും ഒരു പോലെ പറഞ്ഞു അവന് വട്ടാണെന്ന്. എന്നാല്‍ അതൊന്നും വക വെക്കാതെ തന്റെ സ്വപ്‌നത്തിന് പിറകെ പാഞ്ഞ ആ ചെറുപ്പക്കാരന്‍ തന്റെ കമ്പനിയെ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ബ്രാന്‍ഡ് ആക്കി മാറ്റിയെടുക്കുന്നു.
പറഞ്ഞുവരുന്നത് ഏതെങ്കിലും ബോളിവുഡ് സിനിമയുടെ തിരക്കഥയല്ല. ബിഹാര്‍ സ്വദേശിയായ അര്‍ണബ് കെട്ടിപ്പടുത്ത സാമ്രാജ്യത്തിന്റെ കഥയാണിത്. വര്‍ഷത്തില്‍ 84 ലക്ഷം രൂപ ശമ്പളമുള്ള വൈറ്റ് കോളര്‍ ജോലി വിട്ട് അര്‍ണബ് തുടങ്ങിയ അലക്കുകമ്പനി ഇന്ന് ഇന്ത്യയിലാകമാനം പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യമായി മാറിയിരിക്കുന്നു. യു ക്ലീന്‍ (UClean) എന്ന സ്റ്റാര്‍ട്ടപ്പുമായി തെരുവിലേക്കിറങ്ങുമ്പോള്‍ അര്‍ണബിന് കൈമുതലായുണ്ടായിരുന്നത് നിശ്ചയധാര്‍ഠ്യം ഒന്ന് മാത്രമായിരുന്നു. ആ തീരുമാനത്തിന്റെ ആസ്തി ഇന്ന് 110 കോടിയാണ്.
കമ്പനിയെ ഫ്രാഞ്ചൈസിയാക്കി മാറ്റിയ അര്‍ണബ് ഇന്ത്യ മുഴുവന്‍ തന്റെ ബിസിനസ് വ്യാപിപ്പിച്ചു. ഇന്ന് ഇന്ത്യയൊട്ടാകെ 350 ഔട്ടലെറ്റുകള്‍ കമ്പനിക്കുണ്ട്. ആയിരക്കണക്കിന് ആളുകളാണ് യൂക്ലീനിന് കീഴില്‍ ജോലി ചെയ്യുന്നത്. ഫ്രാഞ്ചൈസി ഒന്നിന് 5 ലക്ഷം രൂപയാണ് അര്‍ണബ് ഈടാക്കുന്നത്. 7 ശതമാനമാണ് അദ്ദേഹത്തിന്റെ റോയല്‍റ്റി ഫീസ്. ഒരു കടയില്‍ നിന്ന് 3 മുതല്‍ മൂന്നര ലക്ഷം വരെ അര്‍ണബിന്റെ പോക്കറ്റിലേക്കെത്തുന്നുണ്ട്.
ബിഹാറിലെ ഭഗല്‍പൂരില്‍ സാധാരണ മിഡില്‍ ക്ലാസ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛനൊരു അധ്യാപകനായിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം അര്‍ണബ് ഐ.ഐ.ടിയില്‍ പ്രവേശനം നേടി. ഐ.ഐ.ടി പഠനത്തിന് ശേഷം വിദേശത്ത് എത്തിയ അര്‍ണബ് സ്വന്തം നിലയില്‍ ഒരു ബിസിനസ് തുടങ്ങിയെങ്കിലും അത് വിജയിക്കാതെ പോയി. തുടര്‍ന്ന് ട്രിബോ ഹോട്ടലില്‍ ജോലിക്ക് കയറി. ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ് 2015ല്‍ തന്റെ ബിസിനസ് മോഹങ്ങള്‍ക്ക് നിറം പകരാനായി യുക്ലീന്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."