സീനിയര്‍ ഡോക്ടര്‍ ബലമായി ചുംബിച്ചു; സീനിയര്‍ ഡോക്ടര്‍ക്കെതിരെ വനിതാ ഡോക്ടറുടെ പരാതി
സീനിയര്‍ ഡോക്ടര്‍ ബലമായി ചുംബിച്ചു; സീനിയര്‍ ഡോക്ടര്‍ക്കെതിരെ വനിതാ ഡോക്ടറുടെ പരാതി
കൊച്ചി: ഹൗസ് സര്‍ജന്‍സി സമയത്ത് മുതിര്‍ന്ന ഡോക്ടറില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിതാ ഡോക്ടര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. 2019 ല്‍ ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേയാണ് വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്.
നിലവില്‍ വനിതാ ഡോക്ടര്‍ നാട്ടിലില്ല. ഇ മെയില്‍ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈ സംഭവത്തിന് പിന്നാലെ സഹപ്രവര്‍ത്തകരോട് വിഷയം പറഞ്ഞിരുന്നതായി വനിതാ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ അന്ന് പരാതിയൊന്നും നല്‍കിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. പിന്നാലെ പരാതി നല്‍കുകയുമായിരുന്നു.
വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. കാരണം ഇപ്പോഴാണ് അതിന് സാഹചര്യമുണ്ടായത്. 2019 ഫെബ്രുവരിയിൽ ഞാൻ ഇന്റേൺ ആയിരുന്ന സമയത്ത് മുതിർന്ന ഒരു ഡോക്ടർക്കെതിരെ പരാതി നൽകാനായാണ് ഇയാളുടെ അടുത്ത് ചെല്ലുന്നത്. രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ മുറിയിൽ എത്തുന്നത്. ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതിനാൽ ഒറ്റയ്ക്കാണ് ചെന്നത്. അവിടെ ചെന്നതും അയാൾ എന്നെ ബലമായി അയാളുടെ ശരീരത്തോട് അടുപ്പിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തു. പെട്ടെന്ന് ഞാൻ സ്തബ്ധയായി പോയി. ഞാൻ അയാളെ തള്ളിമാറ്റി മുറിയിൽ നിന്നിറങ്ങി.
പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. അയാൾ മുതിർന്ന ഉദ്യോഗസ്ഥനായതിനാലും സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവം കൂടുതൽ പരാതികളുമായി മുന്നോട്ട് പോയില്ല . ഇപ്പോൾ അയാൾ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു. അയാളുടെ ഉദ്യോഗക്കയറ്റത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. ഇത്തരം ഡോക്ടർമാർ നാടിനു തന്നെ അപമാനമാനവും അവരെ ജോലിയിൽ തുടരാൻ അനുവദിക്കുകയും ചെയ്യരുത്. എന്റെ കുറിപ്പ് യഥാർഥ ആളുകളിലേക്ക് എത്തുമെന്നും ഇത്തരത്തിൽ ലൈംഗികവൈകൃത മനോഭാവമുള്ളവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."