ബഹിരാകാശ ടൂര്‍ നടത്തി യൂനിറ്റി 22
ന്യൂയോര്‍ക്ക്: ബഹിരാകാശ ടൂറിസം സ്വപ്നമല്ലെന്നു തെളിയിച്ച് ഇന്ത്യന്‍ വംശജയടങ്ങുന്ന സംഘവുമായി ബ്രിട്ടിഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍ ബഹിരാകാശ യാത്രയ്ക്കു ശേഷം വിജയകരമായി ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം വൈകീട്ട് എട്ടിനാണ് വിര്‍ജിന്‍ ഗലാക്ടിക് സംഘം ബഹിരാകാശത്തേക്ക് പറന്നത്. ഇന്ത്യന്‍ വംശജ സിരിഷ ബന്ദ്‌ല അടക്കം ആറ് കമ്പനി ജീവനക്കാരാണ് ബ്രാന്‍സനൊപ്പമുണ്ടായിരുന്നത്.
വിര്‍ജിന്‍ ഗലാക്ടികിന്റെ പേടകം വി.എസ്.എസ് യൂനിറ്റി റോക്കറ്റില്‍ വാനിലേക്ക് പറന്നതോടെ കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയെന്ന അഭിമാനനേട്ടത്തിനുടമയായി സിരിഷ ബന്ദ്‌ല. വിര്‍ജിന്‍ ഗലാക്ടിക്കിന്റെ മനുഷ്യരുമായുള്ള ആദ്യ ബഹിരാകാശ പര്യവേക്ഷണ ദൗത്യമാണ് വ്യോമയാന എന്‍ജിനിയറായ 34കാരി പൂര്‍ത്തിയാക്കിയത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ ജനിച്ച സിരിഷ വളര്‍ന്നതും പഠിച്ചതുമെല്ലാം ടെക്‌സാസിലെ ഹൂസ്റ്റണിലാണ്. നിലവില്‍ വിര്‍ജിന്‍ ഗലാക്ടിക്കില്‍ സര്‍ക്കാര്‍കാര്യ വൈസ് പ്രസിഡന്റാണ്.
ന്യൂ മെക്‌സിക്കോയില്‍ കമ്പനി നിര്‍മിച്ച സ്‌പേസ് പോര്‍ട്ട് അമേരിക്ക എന്ന ബഹിരാകാശ നിലയത്തില്‍ നിന്നാണ് ആറംഗസംഘം യാത്ര തിരിച്ചത്. വി.എം.എസ് ഈവ് എന്ന മദര്‍ഷിപ്പിന്റെ സഹായത്താല്‍ പറന്നുയര്‍ന്ന വി.എസ്.എസ് യൂനിറ്റി 50,000 അടി ഉയരത്തില്‍ വെച്ച് മദര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് പ്രൊപല്ലറുകളുടെ സഹായത്തോടെ ബഹിരാകാശത്തേയ്ക്ക് തിരിച്ചു. ഏതാനും മിനിട്ടുകള്‍ ബഹിരാകാശത്ത് ചെലവഴിച്ച ശേഷം വിമാനത്തിനു സമാനമായ പേടകം ഭൂമിയിലേക്കു മടങ്ങി. നൂറു കോടി ഡോളറാണ് യാത്രയുടെ ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."