തെരഞ്ഞെടുപ്പ് അവലോകനം; മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമിതി പെരുന്നാളിനു ശേഷം
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റികളും പോഷകസംഘടനകളും തയാറാക്കിയ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ബലിപെരുന്നാളിനു ശേഷം പരിശോധിക്കും.
സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയാണ് 14 ജില്ലാ കമ്മിറ്റികളും പോഷകസംഘടനകളും തയാറാക്കി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കുക. പ്രവര്‍ത്തകസമിതി ഇക്കഴിഞ്ഞ 6, 7, 8 തിയതികളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ ചികിത്സയിലായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
ഒരോ മണ്ഡലത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ 30നകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കമ്മിറ്റികളോടും പോഷകസംഘടനകളോടും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജില്ലാ കമ്മിറ്റികള്‍ മണ്ഡലം കമ്മിറ്റികളില്‍നിന്ന് ക്രോഡീകരിച്ച് ജില്ലാ പ്രവര്‍ത്തകസമിതി ചേര്‍ന്ന് സമ്പൂര്‍ണ റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന കമ്മിറ്റിക്കു കൈമാറിയത്.
തെരഞ്ഞെടുപ്പ് അവലോകനത്തിനു പുറമെ മെമ്പര്‍ഷിപ്പ് കാംപയിനും സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും.നാലുവര്‍ഷത്തിനു ശേഷമുള്ള മെമ്പര്‍ഷിപ്പ് കാംപയിന്‍ താഴേത്തട്ടില്‍നിന്ന് ആരംഭിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ മെമ്പര്‍ഷിപ്പ് കാംപെയിന്‍ തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റുകയായിരുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് മെമ്പര്‍ഷിപ്പ് കാംപെയിന്‍ ആരംഭിക്കുന്നത്. നേരത്തെ കാംപയിന്‍ ഒന്നര വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കാനായത്. എന്നാല്‍ ഇത്തവണ വേഗത്തില്‍ പൂര്‍ത്തിയാക്കും. പിന്നീട് പുതിയ കമ്മിറ്റികള്‍ രൂപീകരിക്കും. വാര്‍ഡ് കമ്മിറ്റികളാണ് ആദ്യം നിലവില്‍വരിക. പിന്നീട് പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികളും രൂപീകരിക്കും. തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും നിലവില്‍വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."