മെസ്സിക്കായി നിഴലിനെ മറികടന്ന എയ്ഞ്ചല്‍
യു.എച്ച് സിദ്ദീഖ്
ലയണല്‍ മെസ്സിയെന്ന സൂര്യന് കീഴില്‍ നിഴലായി മാറിയ പ്രതിഭകള്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോളില്‍ ഒട്ടേറെയുണ്ട്. അര്‍ജന്റീനക്ക് കിരീടം സമ്മാനിക്കാത്ത രാജാവെന്ന പരിഹാസവും പഴിയും മെസ്സിയില്‍ നിന്ന് മായ്ച്ചു കളഞ്ഞവന്റെ പേരാകുന്നു എയ്ഞ്ചല്‍ ഡി മരിയ. എയ്ഞ്ചല്‍ ഡി മരിയയെന്ന 'സൂപ്പര്‍ സ്റ്റാറി'ന് മേല്‍ നിന്നു മെസ്സിയെന്ന സൂര്യന്റെ നിഴലും ഒഴിഞ്ഞു പോയി. ഇനി ലയണല്‍ മെസ്സി രാജ്യാന്തര കിരീടമുള്ള രാജാവ് തന്നെയാണ്. മെസ്സിയുടെ മാത്രമല്ല അര്‍ജന്റീനയുടെയും ലോകത്തൊട്ടാകെയുള്ള പ്രേമികളുടെയും സ്വപ്നമാണ് സഫലമായത്. അര്‍ജന്റീനയുടെ 28 വര്‍ഷം നീണ്ട രാജ്യാന്തര കിരീട വരള്‍ച്ചയ്ക്കാണ് മാറക്കാനയില്‍ വിരാമമായത്.
കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ 105-ാം വര്‍ഷത്തില്‍ ഫുട്‌ബോളിലെ നിതാന്ത ശത്രുവായ ബ്രസീലിനെ തോല്‍പ്പിച്ച കിരീട നേട്ടത്തിന് മധുരം കൂടും. 1937 ല്‍ ആയിരുന്നു അര്‍ജന്റീനയും ബ്രസീലും തമ്മില്‍ കോപ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ ആദ്യമായി ഏറ്റുമുട്ടിയത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലെ ആ കോപയില്‍ എട്ടു പോയന്റുകള്‍ വീതം നേടി തുല്യത പാലിച്ചപ്പോള്‍ ഗോള്‍ ശരാശരിയില്‍ വിജയിയെ തീരുമാനിക്കാതെ ഫൈനല്‍ ഒരുക്കിയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഗാസെമെട്രോ സ്‌റ്റേഡിയത്തില്‍ മുഴുവന്‍ സമയവും തുല്യത പാലിച്ച കലാശപ്പോരിനൊടുവില്‍ എക്‌സ്ട്രാ ടൈമില്‍ ബ്രസീലിനെ വീഴ്ത്തിയാണ് അര്‍ജന്റീന അന്ന് കോപ സ്വന്തമാക്കിയത്. ഡെ ലാ മാറ്റയുടെ ഇരട്ടഗോളിലായിരുന്നു അര്‍ജന്റീനയ്ക്ക് കിരീടം. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയ 2004 ലെ ഫൈനലില്‍ അര്‍ജന്റീനയെ മുട്ടിക്കുത്തിച്ച് ബ്രസീല്‍ കോപ കിരീടം സ്വന്തമാക്കി. 2021 ല്‍ തിരിച്ചടിച്ചു അര്‍ജന്റീനയും. മെസ്സിയെന്ന ലോകത്തെ ഒന്നാം നമ്പര്‍ ഫുട്‌ബോളറുടെ ചിറകിലേറി തന്നെയായിരുന്നു അര്‍ജന്റീനയുടെ ഫൈനല്‍യാത്ര.
ചിലിക്കെതിരേയുള്ള ആദ്യ പോരാട്ടം മുതല്‍ ഫൈനല്‍ വരെ അര്‍ജന്റീന നേടിയത് 11 ഗോളുകള്‍. അതില്‍ ഒന്‍പത് ഗോളുകളും മെസ്സിയുടെ ബൂട്ടിന്റെ സ്പര്‍ശനം ഏറ്റുവാങ്ങിയാണ് എതിരാളികളുടെ വലയിലേക്ക് പതിച്ചത്. നായകന്‍ ഗോളടിക്കുക മാത്രമായിരുന്നില്ല ഗോളടിപ്പിക്കുക കൂടിയായിരുന്നു. കോപയിലെ ഗോള്‍ഡന്‍ ബൂട്ട് മെസ്സിയുടെ സുവര്‍ണ പാദുകങ്ങള്‍ക്ക് പാകം. എമിലിയാരോ മാര്‍ട്ടിനസിന്റെ ചോരാത്ത കൈകളില്‍ ഗോള്‍ഡന്‍ ഗ്ലൗവും.
ഫുട്‌ബോളിലെ ഒരേയൊരു മിശിഹ. റെക്കോര്‍ഡുകളുടെ തോഴന്‍. ആറ് ബാലന്‍ദ്യോര്‍ ഉള്‍പ്പെടെ ഫുടേ്ബാളിലെ നേട്ടങ്ങളെല്ലാം കാറ്റുനിറച്ചൊരു തുകല്‍ പന്തിനാല്‍ വെട്ടിപ്പിടിച്ചവന്‍. ബാഴ്‌സലോണയുടെ ഷോക്കേസിനെ ക്ലബ് ഫുട്‌ബോളിലെ കിരീടങ്ങള്‍ കൊണ്ട് നിറയ്ക്കുമ്പോഴും റൊസാരിയോയില്‍ നിന്നുദിച്ച സൂര്യന്റെ മനസ് നീറിപ്പുകഞ്ഞിരുന്നു. രാജ്യത്തിന്റെ ഷോക്കേസില്‍ ഒരു അന്താരാഷ്ട്ര കിരീടം ഇല്ലെന്നതിനാല്‍. ഇന്നലെകളില്‍ ലോകകപ്പിലും കോപയിലും അയാള്‍ക്ക് കാഴ്ചക്കാരന്റെ റോളായിരുന്നു. ഒടുവില്‍ കോപ മെസ്സിക്ക് സ്വന്തം. ഇനി ലോകകപ്പില്‍ മെസ്സി മുത്തമിടുന്നത് കാണാന്‍ ലോകം കാത്തിരിക്കുന്നു.
അര്‍ജന്റീനിയന്‍ ഫുട്‌ബോളിലെ 'സൂപ്പര്‍ സ്റ്റാര്‍' എന്ന് എയ്ഞ്ചല്‍ ഡി മരിയയെ വിശേഷിപ്പിച്ചത് ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണയാണ്. ചടുലമായ മുന്നേറ്റങ്ങളുമായി വിങ്ങറും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായി തിളങ്ങുന്ന താരം. മെസ്സിയുടെ വരവില്‍ ഡി മരിയ നിഴലായി മാറുന്നതാണ് ഫുട്‌ബോള്‍ ലോകം പിന്നീട് കണ്ടത്. ആ നിഴലായിരുന്നു രണ്ടു തവണയും ഫൈനല്‍ പോരാട്ടത്തിന്റെ പുല്‍ത്തകിടിയില്‍ അര്‍ജന്റീനയുടെ 'മാലാഖ'യായതും. 2008 ലെ ഒളിംപിക്‌സിലും ഇത്തവണ കോപയിലും. ഡി മരിയയുടെ മാന്ത്രിക ബൂട്ടിനെ ചുംബിച്ചു വലയിലേക്ക് കയറിയ രണ്ടു ഗോളുകള്‍. ഇക്കാലമത്രയും മെസ്സിയെന്ന മിശിഹയുടെ പ്രതിഭയ്ക്കു മുന്നില്‍ നിഴലാവാന്‍ വിധിക്കപ്പെട്ടവന്‍ മാലാഖയാവുന്നു. ഒളിംപിക്‌സ് സ്വര്‍ണവും കോപയും എയ്ഞ്ചലിന്റെ ചിറകിലേറി അര്‍ജന്റീന നേടി. 'സൂപ്പര്‍ സ്റ്റാര്‍' കോപയില്‍ ബ്രസീലിനുമേല്‍ കൊടുങ്കാറ്റായത് കാണാന്‍ മറഡോണയില്ലാതെ പോയി.
കോപ ഫൈനലില്‍ കേമന്‍ മെസ്സിയോ നെയ്മറോ? കേമന്‍ എയ്ഞ്ചല്‍ ഡി മരിയ തന്നെ. ബ്രസീലിയന്‍ പ്രതിരോധത്തിന് ചുവടുതെറ്റിയപ്പോള്‍ റോഡ്രിഗോ ഡി പോള്‍ നീട്ടിക്കൊടുത്ത പന്തിനെ ഓഫ് സൈഡ് കെണിയില്‍ കുടുങ്ങാതെ കോരിയെടുത്ത ഡി മരിയ പ്രതിഭയുടെ അനുഭവസമ്പത്തിനാല്‍ ചേര്‍ത്തുപിടിച്ച പന്തിനെ ബ്രസീലിയന്‍ ഗോളി എഡേഴ്‌സന്‍ മൊറേസിന്റെ തലയ്ക്ക് മുകളിലൂടെ ഇടങ്കാലിനാല്‍ വലയിലേക്ക് കോരിയിട്ട സുന്ദര നിമിഷം. അര്‍ജന്റീനിയന്‍ പ്രേമികള്‍ക്ക് എക്കാലവും നെഞ്ചോട് ചേര്‍ത്തു പിടിക്കാവുന്ന സുന്ദര നിമിഷം. അതുകൊണ്ടുതന്നെ ഈ കോപ മെസ്സിയുടേതു മാത്രമല്ല, എയ്ഞ്ചല്‍ ഡി മരിയയുടേയും ആ ഒന്‍പത് പേരുടേതും കൂടിയാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."