പി.എഫ്.ഐ ഹര്‍ത്താല്‍: കണ്ണൂരില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോബേറ്
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. ഉളിയില്‍ നരയന്‍പാറയിലാണ് പുലര്‍ച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.
കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ചു. അപൂര്‍വം ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്.കണ്ണൂര്‍ നഗരത്തില്‍ കാപിറ്റോള്‍ മാളിന് മുന്നില്‍ ഹര്‍ത്താലനുകൂലികള്‍ ചരക്കുലോറികള്‍ തടഞ്ഞ് താക്കോല്‍ ഊരി ഓടി. ഇതോടെ ലോറികള്‍ ദേശീയപാതയില്‍ കുടുങ്ങി. വാഹനങ്ങള്‍ മാറ്റാന്‍ സാധിക്കാതായതോടെ ഗതാഗതം വഴിതിരിച്ചു വിടുകയാണ്.
വളപട്ടണത്തും തളിപ്പറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലിസ് ഇവ നീക്കം ചെയ്തു.
രാജ്യവ്യാപകമായ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. മിക്ക സ്ഥലങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴിച്ചാല്‍ ഗതാഗതവും നിലച്ച മട്ടാണ്.
കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എന്‍.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."