ജനിതകമാറ്റം സംഭവിച്ച കമ്യൂണിസ്റ്റുകള്‍
കെ.എന്‍.എ ഖാദര്‍
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്. ഇതു സംബന്ധിച്ച് സീതാറാം യെച്ചൂരിയുടെ ഒരു ലേഖനം കണ്ടു. മാര്‍ക്‌സിസം, ലെനിനിസം സാഹചര്യങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ പ്രയോഗിച്ചതാണ് ചൈനയുടെ വളര്‍ച്ചക്ക് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആധുനിക ചൈനയും മാര്‍ക്‌സിസവും ലെനിനിസവും തമ്മിലെന്തു ബന്ധം? ഭരിക്കുന്ന പാര്‍ട്ടി കമ്യൂണിസ്റ്റാണ്. നടപ്പാക്കുന്നതെല്ലാം മൂത്ത മുതലാളിത്തമാണ്. കോര്‍പറേറ്റ് രീതികളാണ്. സോവിയറ്റ് യൂനിയനും ഇതര കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കും സംഭവിച്ചതില്‍നിന്നു വിഭിന്നമായി ചിലത് ചൈനയിലുണ്ട്. പാര്‍ട്ടിയുടെ ഭരണം നിലനിര്‍ത്തിക്കൊണ്ട് മുതലാളിത്തം നടപ്പിലാക്കുകയെന്ന പുത്തന്‍ സിദ്ധാന്തമാണിത്. അതേ നിലപാടുകള്‍ ക്യൂബയിലും വിയറ്റ്‌നാമിലും ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് നൂറുവര്‍ഷം മുമ്പു തന്നെയാണ്. താഷ്‌ക്കന്റില്‍ ചേര്‍ന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ 1920 ല്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണിതെന്നും കാണ്‍പൂരില്‍ ചേര്‍ന്ന കമ്യൂണിസ്റ്റുകളുടെ യോഗത്തില്‍ 1925 ലാണ് പാര്‍ട്ടി ജനിച്ചതെന്നും തര്‍ക്കമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് ജനിച്ചത് 1964 ല്‍ ആണെന്നു കരുതാം. മാവോയിസം, മാര്‍ക്‌സിസം ലെനിനിസത്തില്‍ നിന്നുള്ള ഒരു വ്യതിയാനമാണ്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലവിലുണ്ടായിരുന്നപ്പോള്‍ സ്വീകരിച്ച നിലപാട് അതായിരുന്നു. അക്കാര്യം ബോധ്യപ്പെടുന്ന സംഭവങ്ങള്‍ പലതുമുണ്ട്. 1960 ല്‍ മോസ്‌കോയില്‍ ചേര്‍ന്ന 81 കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംയുക്ത പ്രഖ്യാപനത്തോട് വിയോജിച്ചാണ് ചൈന പോയത്. അല്‍ബേനിയന്‍ പാര്‍ട്ടി മാത്രമാണ് അവരുടെ കൂടെ നിന്നത്. 79 പാര്‍ട്ടികള്‍ അംഗീകരിച്ച വിപ്ലവ നയരേഖയോട് ഇന്ത്യന്‍ പാര്‍ട്ടിയും യോജിച്ചു. ഭാവി വിപ്ലവ സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള തന്ത്രപരമായ പ്രഖ്യാപനമായിരുന്നു അത്. ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഇ.എം.എസ് ഉണ്ടായിരുന്നു. പിന്നീട് ചൈന ആ രേഖയ്ക്കും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുനിലപാടിനുമെതിരേ പൊരുതികൊണ്ടേയിരുന്നു. 1963 ല്‍ ചൈനീസ് പാര്‍ട്ടി അവരുടെ നിലപാടുകള്‍ക്ക് അംഗീകാരം തേടി ലോകത്തിലെ പാര്‍ട്ടികള്‍ക്കെല്ലാം കത്തയച്ചു. 'ലെനിനിസം നീണാള്‍ വാഴട്ടെ' എന്ന് പേരിട്ട കത്തില്‍ മാവോയിസമായിരുന്നു പ്രതിപാദ്യം. ഇന്ത്യന്‍ പാര്‍ട്ടിയില്‍ ഒരു ചെറിയ വിഭാഗം അതിനോട് യോജിച്ചു. 1964 ല്‍ പാര്‍ട്ടി ഉണ്ടാക്കുന്നതിന് ഒരു പ്രധാന കാരണം അതായിരുന്നു. 1962 ല്‍ ചൈന ഇന്ത്യയെ അക്രമിച്ച സമയത്തുതന്നെ ഈ നിലപാട് വ്യത്യാസം കാണപ്പെട്ടിരുന്നു. ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന അതിര്‍ത്തി ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു നമ്പൂതിരിപ്പാടിന്റെ ഭാഷ്യം.
മറ്റു പാര്‍ട്ടികളെല്ലാം ചൈനയെ അപലപിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തമായി ചൈനീസ് വിരുദ്ധ നിലപാട് സ്വീകരിച്ചു. ആ പൊതുസമീപനത്തെ അംഗീകരിക്കാത്ത ആ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന നമ്പൂതിരിപ്പാട്. സി.പി.എം പാര്‍ട്ടിയുണ്ടാക്കിയതില്‍ ചൈന ഏറെ സന്തോഷിച്ചു. ഇന്ത്യന്‍ പാര്‍ട്ടിയുടെ പിളര്‍പ്പിനെ അവര്‍ ന്യായീകരിച്ചു. പുതിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ വിപ്ലവത്തിന് നേതൃത്വം കൊടുക്കുമെന്ന് വിശ്വസിച്ച ചൈന 1967 വരെ അതിന് കാതോര്‍ത്തിരുന്നു. ഇന്ത്യന്‍ സാഹചര്യം ഒട്ടു മനസിലാക്കാതെയാണ് ചൈന അപ്രകാരം കരുതിയത്. സി.പി.എമ്മിനും ഇന്ത്യന്‍ ജനതയെ മനസിലായിരുന്നില്ല. ഇവിടെ ഒന്നും നടക്കാതെ വന്നപ്പോള്‍ സാമ്രാജ്യത്വത്തിന്റെ ചെരിപ്പുനക്കികള്‍ എന്നാണ് യെച്ചൂരിയുടെ പാര്‍ട്ടിയെ ചൈനീസ് പാര്‍ട്ടി പേരിട്ട് വിളിച്ചത്. അവരുടെ മുഖപത്രത്തില്‍ തന്നെ അത് പ്രസിദ്ധീകരിച്ചു. അതോടെ ചൈനയും സി.പി.എമ്മിനെ കൈവിട്ടു. നമ്പൂതിരിപ്പാട് 1967 ല്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം മരിച്ചുപോയിരിക്കുന്നുവെന്ന് പരസ്യമായി പ്രസ്താവിച്ചു. അറംപറ്റിയ പോലെ അത് പിന്നീട് സംഭവിക്കുന്നതാണ് ലോകം കണ്ടത്. അതിനെ തുടര്‍ന്ന് മാവോയുടെയും ചൈനീസ് പാര്‍ട്ടിയുടെയും വിപ്ലവ സിദ്ധാന്തങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട് ഒരു വിഭാഗം സി.പി.എമ്മിനെ പിളര്‍ത്തി പുറത്തു പോയി. അവര്‍ പിന്നീട് പിളരുകയും ഒന്നിക്കുകയുമൊക്കെ ചെയ്തു മുന്നേറി. ഇന്നും അതിന്റെ പലവകഭേദങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നു.
മാര്‍ക്‌സിസം, ലെനിനിസം ക്രിയാത്മകമായി വികസിപ്പിക്കേണ്ടത് തന്നെയാണ്. അതൊരു വരട്ടുതത്വവാദമായി കൊണ്ടുനടക്കേണ്ടതല്ല. അപ്രകാരം ചെയ്യാന്‍ ഇന്ത്യന്‍ പാര്‍ട്ടികള്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. ഡോഗ്മാറ്റിസം, പ്രാഗ്മാറ്റിസം, റിവിഷനിസം, സെക്ടേറിയനിസം തുടങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ളതായി മാര്‍ക്‌സ് തന്നെ ചൂണ്ടിക്കാണിച്ച പാളിച്ചകള്‍ സകലതും ബാധിച്ചിട്ടുള്ള പാര്‍ട്ടികളാണ് ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റ് കക്ഷികള്‍. വിമോചന ലക്ഷ്യങ്ങളും വിപ്ലവതത്വങ്ങളും കണിശമായി പാലിക്കുമ്പോഴും ഓരോ രാജ്യത്തും ഓരോ കാലത്തും രൂപപ്പെടുന്ന മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി വളര്‍ത്തിയെടുക്കേണ്ടതെന്ന കാര്യം യെച്ചൂരി എടുത്തു പറയുന്നു. ഇത് വളരെ ശരിയായ തത്വമാണെങ്കിലും അത് സ്വന്തം പാര്‍ട്ടിയെ ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരാജയത്തിന് നിദാനമായി വര്‍ത്തിച്ച പ്രധാന കാര്യം അതു തന്നെയാണ്. 1930 കളിലെ നിസ്സഹകരണ സമരങ്ങളോടും 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടും കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അവരെ ഇന്ത്യന്‍ ജനതയില്‍നിന്ന് ഏറെ അകലങ്ങളിലേക്ക് കൊണ്ടുപോയി. ആ മുറിവുകള്‍ ഉണക്കുക അസാധ്യമായി. ഇന്ത്യയെ ഇന്നും തിരിച്ചറിയാത്ത ഒരു കൂട്ടര്‍ ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്.
1949 ല്‍ വിപ്ലവത്തിലൂടെ മാവോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരത്തിലെത്തി. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചീന (പി.ആര്‍.സി) അന്നു നിലവില്‍ വന്നു. 1966 ലെ സാംസ്‌കാരിക വിപ്ലവം ലോകം കണ്ട ക്രൂരതകളുടെ ഇതിഹാസങ്ങളില്‍ ഒന്നായിരുന്നു. ലോങ് മാര്‍ച്ചിലൂടെയാണ് മാവോ അനിഷേധ്യനായി തീര്‍ന്നത്. ആ അമരത്വം പ്രാപിക്കുവാന്‍ ലക്ഷങ്ങളെ കൊല ചെയ്യേണ്ടി വന്നു. തൊഴിലാളി വര്‍ഗ സര്‍വാധിപത്യമോ കൂട്ടായ ഭരണമോ ഒന്നും ഉണ്ടായില്ല. ഏകാധിപത്യവാഴ്ച തന്നെയായിരുന്നു ചൈനയിലും കണ്ടത്. സ്റ്റാലിനോട് മത്സരിക്കുന്ന വിധമുള്ള കൊടുംക്രൂരതകള്‍ അവിടെ അരങ്ങേറി. രാജ്യത്ത് നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റല്ലാത്ത സകല ആശയങ്ങളെയും അതിന്റെ അനുചരന്മാരെയും റെഡ് ഗാര്‍ഡുകള്‍ എന്ന പ്രത്യേക യുവസേന കൊന്നൊടുക്കി. മാഡം മാവോ എന്നു അറിയപ്പെടുന്ന ചിയാങ് ചിങ് എന്ന മാവോയുടെ നാലാം ഭാര്യയും നാല്‍വര്‍ സംഘവും അഴിഞ്ഞാടി. രാജ്യത്തിന്റെ പ്രസിഡന്റ് ലിയു ഷാവോച്ചിയും ഭാര്യയും വരെ പരസ്യമായി പീഡനങ്ങള്‍ ഏറ്റുവാങ്ങി. പിക്കീങ് യൂണിവേഴ്‌സിറ്റി പോലും തടവറകളായി. പലരും സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തു. അനേകം ഗ്രന്ഥപുരകള്‍, താളിയോലകള്‍, മ്യൂസിയങ്ങള്‍, സംഗീത ഉപകരണങ്ങള്‍, പെയിന്റിങ്ങുകള്‍ എല്ലാത്തിനും തീയിട്ടു. കണ്‍ഫ്യൂഷനിസവും ബുദ്ധിസവും ഇതരമത സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. അനേകം പാര്‍ട്ടി നേതാക്കളെയും കൊന്നൊടുക്കി. വിവരണാതീതമായ ആ ക്രൂരതകളെ വിളിക്കുന്ന പേരാണ് സാംസ്‌കാരിക വിപ്ലവം. സുമാര്‍ 10 വര്‍ഷം അത് തുടര്‍ന്നു. ഈ വിപ്ലവത്തിന്റെ നെടുംനായകനായ മാവോ തനിക്കെതിരേ ചിന്തിക്കുന്നുവെന്നു സംശയിച്ചവരെ പോലും കൊന്നുകളഞ്ഞു. എല്ലാം പരസ്യമായി തെരുവീഥികളില്‍വച്ച് വെടിവച്ചു കൊന്നു. സാംസ്‌കാരിക വിപ്ലവത്തിന്റെ ആരംഭത്തില്‍ വിപ്ലവം സമാധാനപരമായിരിക്കുമോ എന്ന ചോദ്യങ്ങള്‍ക്കു മറുപടിയായി മാവോ പറഞ്ഞു; 'വിപ്ലവം ഒരിക്കലും പരിഷ്‌കൃതവും ശാന്തവും മൃദുവും ദയാവായ്പ്പുള്ളതും ഉദാരവല്‍കൃതവും മാന്യവല്‍ക്കരിക്കപ്പെട്ടതും ആയിരിക്കില്ല'. ഈ പറഞ്ഞതെല്ലാം അക്ഷരം പ്രതി ആ ഏകാധിപതിയും അദ്ദേഹത്തിന്റെ നാല്‍വര്‍ സംഘവും വിശ്വസ്തരും ചേര്‍ന്ന് നടപ്പിലാക്കി. രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന ലിയു ഷാവോചിയും പരിഷ്‌കൃത ചൈനയുടെ നായകനായിരുന്ന ഡെങ് സിയാവോപിങ്ങുവരെ ഈ സംഭവങ്ങളുടെ ഇരകളായി തീര്‍ന്നു. 1978 ല്‍ ആണ് ഡെങ് പിന്നീട് തിരിച്ചുവന്നതും ആദരിക്കപ്പെട്ടതും. നാല്‍വര്‍ സംഘം ശിക്ഷിക്കപ്പെടുന്ന കാലം വന്നപ്പോള്‍ മാത്രം.
ഈ നൂറാം വാര്‍ഷികം ആധുനിക മുതലാളിത്ത ചൈനയുടെ സമ്പന്നതയുടെയും നേട്ടങ്ങളുടെയും മാത്രം വാര്‍ഷികമല്ല, സാംസ്‌കാരിക വിപ്ലവത്തിലും മറ്റും കൊടും ക്രൂരതകള്‍ ഏറ്റുവാങ്ങി ജീവന്‍ ബലിയര്‍പ്പിച്ച ലക്ഷക്കണക്കിന് നിരപരാധികളുടെ ചരമവാര്‍ഷികവും കൂടിയാണ്. ഇപ്പോഴും ആ രാജ്യം ബഹുസ്വര ജനാധിപത്യത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്നുവച്ചിട്ടില്ല. ഏകാധിപത്യത്തിന്റെ അപരിഷ്‌കൃതമായ ഭരണരീതികള്‍ ഉപേക്ഷിച്ചിട്ടില്ല. തൊഴിലാളി വര്‍ഗത്തിനുവേണ്ടി ജനിച്ച് മുതലാളി വര്‍ഗത്തിനു വേണ്ടി ജീവിക്കുന്ന ജനിതകമാറ്റം സംഭവിച്ച പാര്‍ട്ടി തന്നെയാണ് ചൈനയില്‍ ഭരണം തുടരുന്നത്. ഇതിനൊടെല്ലാമാണോ സഖാവ് യച്ചൂരി യോജിച്ച് നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."