ഹര്‍ത്താലില്‍ പരക്കെ അക്രമം; പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; നിരവധി പേര്‍ കരുതല്‍ തടങ്കലില്‍
കോഴിക്കോട്: രാജ്യവ്യാപകമായ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. മിക്ക സ്ഥലങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴിച്ചാല്‍ ഗതാഗതവും നിലച്ച മട്ടാണ്.
ഹര്‍ത്താലില്‍ അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴിലേറെ പേര്‍ അറസ്റ്റിലായതാണ് റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ മൂന്നുപേരും കോഴിക്കോട് രണ്ടു പേരും പാലക്കാട് രണ്ടു പേരുമാണ് അറസ്റ്റിലായിട്ടുണ്ട്. തൃശൂര്‍ ചാവക്കാട് എടക്കഴിയൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. എടക്കഴിയൂര്‍ സ്വദേശി മുഹമ്മദ് റിയാസിനെയാണ് പിടികൂടിയത്. ബൈക്കില്‍ എത്തിയാണ് ഇയാള്‍ കല്ലെറിഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാവാണ്. കല്ലേറില്‍ യാത്രക്കാരനായ നൗഷാദിന് പരിക്കേറ്റു.
വിവിധയിടങ്ങളില്‍ സര്‍വ്വീസ് നടത്താനെത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, ആലുവ എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ആലപ്പുഴ അമ്പലപ്പുഴയിലുണ്ടായ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റു.
ഹര്‍ത്താലിനിടെ അക്രമമുണ്ടായാല്‍ ഉടനടി അറസ്റ്റുണ്ടാകുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍ബന്ധിച്ച് കടകളടപ്പിക്കരുതെന്നും ജനങ്ങളുടെ സഞ്ചാരം തടയരുത് എന്നും പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."