68 ജീവനെടുത്ത് മിന്നല്‍പിണര്‍; ദുരന്തം യു.പിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും
ജയ്പൂര്‍/ലഖ്‌നൗ/ ഭോപാല്‍: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നല്‍. ഇടിമിന്നലേറ്റ് 68 പേര്‍ മരിച്ചു. യു.പിയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ദുരന്തമുണ്ടായത്.
41 പേരാണ് യു.പിയില്‍ മരിച്ചത്. ഏഴുപേര്‍ മധ്യപ്രദേശിലും 20 പേര്‍ രാജസ്ഥാനിലും മിന്നലേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.പിയിലെ പ്രയാഗ് രാജില്‍ അതിശക്തമായ മഴയാണുണ്ടായത്. ഇവിടെ 14പേരാണ് കൊല്ലപ്പെട്ടത്. കാണ്‍പൂര്‍, ഹാമിര്‍ പൂര്‍, ഫത്തേപൂര്‍, കൗഷംബി, ഫിറോസാബാദ്, ഉന്നാവോ, സോന്‍ബദ്ര എന്നിവിടങ്ങളിലാണ് ബാക്കി മരണം റിപ്പോര്‍ട്ട് ചെയ്തത്. ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥരോട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളാണ്. ഇതില്‍ നാലു പേര്‍ കോട്ട ജില്ലയിലും മൂന്നു പേര്‍ ധോല്‍പൂര്‍ ജില്ലയിലെ ബാദിയില്‍ നിന്നുള്ളവരുമാണ്.
കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായ ബാക്കി 11 പേര്‍. വലിയ ആള്‍ക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്. 17ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇടിമിന്നലിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്ന് വ്യക്തമല്ല.
മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."