മതനിയമം പറയേണ്ടത് മതപണ്ഡിതന്മാരല്ലേ
നവാസ് പൂനൂർ
വീണ്ടും ഹിജാബ് ചർച്ചയാവുന്നു. ഇന്നല്ല, എന്നും ഇതു സജീവമായി തന്നെ നിലനിൽക്കും. സംസ്ഥാന, ദേശീയ, അന്തർദേശീയ തലത്തിലൊക്കെ ഈ ചർച്ച കാലാകാലങ്ങളിൽ നടക്കുന്നു.വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു. ഹിജാബ് ഇസ്‌ലാമിൽ മാതാചാരമാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയല്ലെന്ന ശ്രദ്ധേയമായ അഭിപ്രായപ്രകടനമാണ് പക്ഷേ, സുപ്രിംകോടതി നടത്തിയത്. 2013ൽ സാറ സ്ലൈനിങ്ങർ എന്ന വിദ്യാർഥിനി എഴുതിയ പ്രബന്ധത്തെ മാത്രമാണ് ഹൈക്കോടതി ആശ്രയിച്ചത്. ഇതൊരു വ്യാഖ്യാനം മാത്രമാണ്. മറുവശത്ത് പ്രബലമായ വ്യാഖ്യാ നങ്ങളുണ്ട്.
കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനം നേടിയ കുട്ടിയോട് ഹിജാബ് ഒഴിവാക്കണമെന്ന് അധികൃതർ അവശ്യപ്പെട്ടു. പ്രിൻസിപ്പൽ ഉൾപ്പെടെ മിക്ക അധ്യാപികമാരും ഇവിടെ ശിരോവസ്ത്രധാരികളാണ് എന്നതാണ് കൗതുകം. സമ്മർദവും പ്രതിഷേധവും പരാതിയുമൊക്കെ ഉണ്ടായി. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ അറിഞ്ഞു. പ്രോവിഡൻസ് കുലുങ്ങിയില്ല. ഹിജാബില്ലാതെ പഠിക്കാൻ തയാറല്ലെന്ന് പറഞ്ഞ് വിദ്യാർഥിനി ടി.സി വാങ്ങി പടിയിറങ്ങി. അഭിമാനമുള്ള തീരുമാനമാണ് ആ കുട്ടിയും പിതാവ് മുസ്തഫ അമ്മിണിപ്പറമ്പും എടുത്തത്.
ഹിജാബിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടവരെക്കുറിച്ചും ജോലി രാജിവയ്ക്കേണ്ടി വന്നവരെക്കുറിച്ചും വിദ്യാഭ്യാസം ഒഴിവാക്കേണ്ടിവന്നവരെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഹിജാബ് ധരിച്ചതിന്റെ പേരിൽ എം.പി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന യുവതിയെ കേട്ടിട്ടുണ്ടോ. 1999ൽ തുർക്കിയിലാണ് സംഭവം. ലിബറലിസം തകർത്ത തുർക്കിയുടെ അന്നത്തെ പാർലമെന്റിൽ വർച്യു പാർട്ടിയുടെ പ്രതിനിധിയായി മുപ്പതുകാരി മർവ കവാശിയെ തെരഞ്ഞെടുക്കപ്പെട്ടു. ഹിജാബ് ധരിച്ച് അഭിമാനപൂർവം തലയുയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞക്കെത്തിയ ആ യുവതിയെ ശബ്ദിക്കാനനുവദിച്ചില്ല ലിബറലിസ്റ്റുകൾ. മതേതര പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് ഹിജാബ് അഴിച്ചുവച്ചിട്ട് മതി എന്നവർ ബഹളം വച്ചു. ആർക്കും ഒന്നും ചെയ്യാനായില്ല. 'തന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബ്. വിശ്വാസത്തേക്കാൾ വലുതല്ല എം.പി സ്ഥാനമെന്ന്' പ്രഖ്യാപിച്ച് പിച്ചളപ്പിന്ന് പോലെ അധികാരം വലിച്ചെറിഞ്ഞ് മർവ പാർലമെന്റിന്റെ പടിയിറങ്ങി. ഈ പെൺകരുത്തിന്റെ ശബ്ദം കേട്ട് തുർക്കിഷ് പാർലമെന്റ് സ്തംഭിച്ചു. അന്തർദേശീയതലത്തിൽ ഇത് വലിയ വാർത്തയായി. അധികാരികൾ അവിടെ അവസാനിപ്പിച്ചില്ല അമർഷം. തുർക്കിയുടെ മഹത്തായ സെക്യുലർ പാരമ്പര്യത്തെ നിന്ദിച്ച സ്ത്രീയുടെ പൗരത്വം റദ്ദാക്കണമെന്ന ലിബറലിസ്റ്റുകളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. പൗരത്വം നഷ്ടപ്പെട്ട മർവ കുടുംബ സമേതം യു.എസിൽ താമസമാക്കി. മക്കൾ അവിടെ പഠിച്ച് വളർന്നു. വർഷങ്ങൾ ഒരു പാട് കടന്നുപോയി. പുതിയ ഭരണകൂടം അധികാരത്തിലെത്തിയതോടെ തുർക്കി പഴയ പ്രതാപത്തിലേക്ക് വരാൻ തുടങ്ങി. ഇടക്കാലത്ത് ഭരണകൂടം റദ്ദാക്കിയ വിശ്വാസാചാരങ്ങൾ പരസ്യമായി വീണ്ടും അനുവദിക്കപ്പെട്ടു. 2017ൽ മർവയുടെ പൗരത്വം തിരിച്ചുനൽകി. അവർ തുർക്കിയിൽ തിരിച്ചെത്തി. ഹൃദയപൂർവം സ്വീകരിച്ച ഭരണകൂടം മലേഷ്യയിലെ ടർക്കിഷ് അംബാസഡറായി നിയമിച്ച് മർവയെ ആദരിച്ചു.
തുർക്കി പ്രസിഡന്റ് റജബ് തയ്യിബിന്റെ പൊളിറ്റിക്കൽ എക്‌സ്‌പേർട്ട്, ഒഫിഷ്യൽ ട്രാൻസിലേറ്റർ, ഇന്റർനാഷനൽ റിലേഷൻസ് സ്‌പെഷലിസ്റ്റ് എന്നീ പദവികൾ വഹിക്കുന്ന മിടുക്കിയെ ശ്രദ്ധിച്ചിട്ടുണ്ടോ. ഹിജാബ് ധരിച്ച ഫാത്തിമ അബൂ ശഹൽ. അതെ, ബൈഡനോടൊപ്പവും ഇമ്രാനോടൊപ്പവും മറ്റു ലോകരാഷ്ട്ര നേതാക്കൾക്കൊപ്പവും ഇപ്പോൾ നാം കാണുന്ന തുർക്കിയുടെ പുതിയ മുഖം. ഹിജാബണിഞ്ഞ് ലോകം നിറഞ്ഞ് നിൽക്കുന്ന ഈ വനിതാ രത്‌നം ആരെന്നറിയുമോ. രണ്ടു പതിറ്റാണ്ട് മുമ്പ് ഹിജാബിന്റെ പേരിൽ എം.പി സ്ഥാനം വലിച്ചെറിഞ്ഞ മർവ കവാശിയുടെ മകളാണ് ഫാത്തിമ. ചരിത്രം ചിലപ്പോഴൊക്കെ മധുരമായി ഇങ്ങനെ പകരംവീട്ടാറുണ്ട്. ഇന്ത്യ രാജ്യത്തെ കാർന്നുതിന്നുന്ന വൈറസുകൾ ഈ സത്യം മനസ്സിലാക്കിയെങ്കിലെന്ന് ആശിച്ചുപോകുന്നു.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധി വന്നപ്പോൾ അന്ന് സംഘ്പരിവാർ സംഘടനകൾ പറഞ്ഞ ന്യായം ആചാരാനുഷ്ഠാനങ്ങൾ തീരുമാനിക്കേണ്ടത് കോടതിയോ സർക്കാരോ നിയമനിർമാണ സഭയോ അല്ല മതനേതൃത്വമാണ് എന്നായിരുന്നു. ഹിജാബ് വിഷയത്തിൽ ആ ന്യായവാദം എവിടെപ്പോയി.
സിഖ് സമുദായത്തിന് അവരുടെ തലപ്പാവ് എവിടെയുമാവാം. കന്യാസ്ത്രികൾക്കും വേഷത്തിന് ഭീഷണിയൊന്നുമില്ല. ഭരണഘടനാ പ്രകാരം ഇഷ്ടമുള്ള വേഷം ധരിക്കാൻ ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും സ്വാതന്ത്ര്യമുള്ളതാണ്. ഭരണഘടനയോടുള്ള വെല്ലുവിളിയാണ് ഹിജാബ് വിരുദ്ധ നീക്കം. മറ്റൊരാൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മതത്തിന്റെ ചിഹ്നം ധരിച്ചുവരുന്നതിൽ എന്താണു കുഴപ്പം.
കർണാടക പ്രശ്‌നത്തിന്റെ തുടക്കം ഓർമയില്ലേ. ഉഡുപ്പിയിലെ പ്രീ-യൂനിവേഴ്‌സിറ്റി കോളജ് പ്രിൻസിപ്പൽ ഡിസംബർ 21ന് ഹിജാബ് ധാരികൾക്ക് പ്രവേശനം നിരോധിച്ചു. അവർ സ്വാഭാവികമായും പ്രതിഷേധിച്ചു. കോളജ് ഡവലപ്‌മെന്റ് കമ്മിറ്റി പ്രവേശനാനുമതി നൽകി. പ്രകോപനവുമായി കാവി ഷാൾ ധാരികളെത്തി ബഹളമുണ്ടാക്കി. എന്തായിരുന്നു ഇതിന്റെ യുക്തി. കാലാകാലങ്ങളായി ഹിജാബ് ധരിച്ചെത്തിയവരെ ഒരു കാര്യവുമില്ലാതെ പ്രകോപിപ്പിക്കുന്നതെന്തിനാണ്. നിർബന്ധ മതനിയമമാണോ എന്ന ചോദ്യം ബാലിശമാണ്. ഇസ്‌ലാമിക നിയമപ്രകാരം സ്ത്രീകൾ തല മറക്കേണ്ടത് നിർബന്ധമാണ്. തലമറക്കാത്ത മുസ്‌ലിം സ്ത്രീകളുണ്ട് എന്നതുകൊണ്ട് അത് മതനിയമമല്ലെന്ന് പറയുന്നതിൽ എന്തർഥമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."