സ്വർഗാവകാശി
വെള്ളിപ്രഭാതം
മുഹമ്മദ് റഹ്മാനി മഞ്ചേരി
മസ്ജിദു നബവിയിലെ കവാടത്തിലേക്കാണ് എല്ലാ കണ്ണുകളും. ആരാണ് സ്വർഗാവകാശിയെന്നറിയാൻ ജിജ്ഞാസ അവരിൽ നിറഞ്ഞിരുന്നു. 'ഇന്ന് സ്വർഗാവകാശിയായ ഒരാൾ വരും' - തിരുനബി(സ്വ) പറഞ്ഞ വാക്കുകളാണ് സ്വഹാബികളെ ജിജ്ഞാസയിലാക്കാൻ കാരണം. സദസിലേക്ക്, ഇടത്തെ കൈയിൽ ചെരിപ്പുമായി താടിരോമങ്ങളിൽ വുളൂഇന്റെ ജലകണങ്ങൾ ഇറ്റിവീഴുന്ന ഒരു അൻസാരി സ്വഹാബിയാണ് കേറിവന്നത്. തുടർന്നുള്ള രണ്ടും മൂന്നും ദിവസങ്ങളിലും പ്രവചനം തിരുനബി(സ്വ) ആവർത്തിച്ചപ്പോഴും അതേ അൻസാരി സ്വഹാബി തന്നെയാണ് കേറിവരുന്നത്.
മൂന്നാം ദിവസം സദസ് പിരിയുമ്പോൾ അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്(റ) ആ സ്വഹാബിയെ പിന്തുടരാൻ തീരുമാനിച്ചു. സഅ്ദബ്‌നു മാലിക്(റ)യായിരുന്നു അൻസാരി സ്വഹാബി. അദ്ദേഹത്തിന്റെ പിറകെ പുറപ്പെട്ട അബ്ദുല്ല, തന്റെ വീട്ടിലേക്ക് മൂന്നു ദിവസം മടങ്ങുന്നില്ലെന്നും അവിടുന്ന് അതിഥിയായി സ്വീകരിക്കണമെന്നും താൽപര്യം അറിയിച്ചപ്പോൾ അദ്ദേഹം സ്വാഗതം ചെയ്തു. സ്വർഗാവകാശിയാവാൻ മാത്രം പ്രത്യേകതയുള്ള ആരാധനയെന്താണെന്ന് നേരിട്ട് കണ്ട് മനസിലാക്കാനുള്ള പുറപ്പാടിലാണ് അബ്ദുല്ലാഹിബ്‌നു അംറ്(റ). അദ്ദേഹത്തിൻ്റെ ആരാധനകൾ ഓരോന്നും സാകൂതം വീക്ഷിച്ചു. ഭക്ഷണം കഴിച്ചു, ഉറങ്ങാനുള്ള ഒരുക്കങ്ങൾ നടത്തി, പക്ഷേ, സാധാരണ ഉണ്ടാവേണ്ട ആരാധനയ്ക്ക് പുറമെ ഒന്നും കാണുന്നില്ല. രാത്രി കൂടുതൽ വല്ലതും പ്രതീക്ഷിക്കാമെന്ന നിലക്ക് നിദ്രാവിഹീനനായി കാത്തിരിക്കാൻ തീരുമാനിച്ചു.
അൻസാരി സ്വഹാബി ഉറങ്ങി. ഇടക്ക് തിരിയുകയും മറിയുകയും ചെയ്യുമ്പോൾ ദിക്‌റുകൾ ചൊല്ലുന്നു. അതിൽ കൂടുതലൊന്നും നേരം പുലരുന്നതുവരെ കണ്ടില്ല. അന്നത്തെ പകലും പതിവ് ആരാധനക്കപ്പുറം മറ്റൊന്നും ശ്രദ്ധയിൽ പെട്ടില്ല. രണ്ടും മൂന്നും നാളുകളിൽ തഥൈവ. എടുത്തുപറയാവുന്ന പ്രത്യേകതകളൊന്നും ആരാധനയിലോ ജീവിതരീതിയിലോ ഇല്ല. ആതിഥ്യമര്യാദ പ്രകാരം, മൂന്നു ദിവസം കഴിഞ്ഞ് തിരിച്ചുപോകാനൊരുങ്ങുമ്പോൾ തന്റെ ആഗമനോദ്ദേശ്യം തുറന്നുപറയാൻ അബ്ദുല്ലാഹിബ്‌നു അംറ് (റ) തയാറായി. വീട്ടിൽ പോകാൻ തടസമുള്ളതിനാലല്ലെന്നും തിരുനബി(സ്വ)യിൽ നിന്ന് അങ്ങയെക്കുറിച്ച് അറിഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായി അനുഷ്ഠിക്കുന്ന ആരാധനകൾ എന്താണെന്നും അറിയാനുള്ള ജിജ്ഞാസയാണ് ഇവിടെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അൻസാരി സ്വഹാബിക്ക് കൂടുതലൊന്നും പറയാനില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ് തന്റെ ജീവിതമെന്ന് ഉണർത്തുകയും ചെയ്തു. കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നു മനസ്സിലാക്കി അബ്ദുല്ല(റ) പോകാനൊരുങ്ങുമ്പോൾ പ്രത്യക്ഷത്തിൽ കാണാത്ത, തന്നിലുള്ള ഒരു കർമത്തെ അൻസാരി സ്വഹാബി പരിചയപ്പെടുത്തി; 'എന്റെ മനസ്സിൽ ആരോടും ഒന്നുമില്ല, ആരോടും അസൂയയുമില്ല'.ഇത് കേട്ടപ്പോൾ അബ്ദുല്ലാഹിബ്‌നു അംറ് (റ) ഉറപ്പിച്ചുപറഞ്ഞു 'ഇതു തന്നെയാണ് താങ്കളെ സ്വർഗാവകാശിയാക്കിയത്'.
ഇബാദത്തുകളുടെ ആധിക്യവും ആരാധനകളുടെ കാഠിന്യവും എത്ര തന്നെ ഉണ്ടെങ്കിലും തുലോം ഹൃദയരോഗമുണ്ടായാൽ എല്ലാം ബാത്തിലാകുമെന്നും അനിവാര്യമായ കർമങ്ങൾക്കൊപ്പം ഹൃദയവിശുദ്ധിയുണ്ടങ്കിൽ സ്വർഗ ലഭ്യത സഫലമാക്കാൻ കഴിയുമെന്നും ഇതിലൂടെ തിരുനബി(സ്വ) പഠിപ്പിക്കുകയാണ്.
വിശുദ്ധ ഖുർആനിലെ സൂറത്ത് ശുഅറാഇലെ 89ാം ആയത്തിൽ പറഞ്ഞ സലീമായ ഹൃദയമെന്നത് ആത്യന്തിക വിജയത്തിന് അനിവാര്യമാണ്. ചെയ്യുന്ന കർമങ്ങൾ ഹൃദയരോഗങ്ങൾ കാരണം പരലോകത്ത് നിഷ്ഫലമാകുമെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. അഹങ്കാരം, അസൂയ, പക തുടങ്ങി മനുഷ്യനിൽ പ്രകടമാകുന്ന വികൃതസ്വഭാവങ്ങൾ പരലോക പരാജയ കാരണങ്ങളാണ്. ഭൗതിക ജീവിതത്തിലെ സാമൂഹിക സമ്പർക്കത്തിന്റെ ഇടയിൽ സ്വാഭാവികമായും മനസിൽ കേറിവരുന്ന അഴുക്കുകളാണ് ഇവയത്രയും. അതിന്റെ നിയന്ത്രണത്തെ മാന്യതയായും സൽസ്വഭാവമായും ഭൗതികവിജ്ഞാനം പോലും പരിചയപ്പെടുത്തുന്നു. മനുഷ്യന്റെ ശാരീരിക, മാനസിക രോഗങ്ങൾക്ക് ഇത്തരം സ്വഭാവങ്ങൾ ഹേതുവാകുമെന്ന് മനശ്ശാസ്ത്രം വിലയിരുത്തുന്നുണ്ട്. മനുഷ്യനെ മൃഗതുല്യനാക്കാനും അക്രമിയും നികൃഷ്ടനുമാക്കാനും ഇവക്ക് സാധിക്കും.
ആത്മീയ പരാജയത്തിന് കാരണമാകുന്ന ഈ ആന്തരിക രോഗങ്ങളിൽ നിന്ന് മോചനം നേടാൻ അധ്വാനിക്കൽ അനിവാര്യമാണെന്ന് ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലൂമിദ്ദീനിൽ വിവരിക്കുന്നുണ്ട്. ഹൃദയരോഗങ്ങൾക്ക് വിവരണാതീത ശിക്ഷകൾ ഖുർആനിലും തിരുനബി (സ്വ) യുടെ വചനങ്ങളിലും ധാരാളം കാണാൻ കഴിയും. അൽ അഹ്ഖാഫ് സൂറത്തിലെ ഇരുപതാമത്തെ ആയത്തിൽ നിന്ദ്യമായ ശിക്ഷ പരലോകത്ത് അഹങ്കാരികൾക്കുണ്ടെന്നും സൂറത്ത് ഗാഫിറിന്റെ അറുപതാം ആയത്തിൽ നരകപ്രവേശനം അഹങ്കാരികൾക്കുണ്ടെന്നും വിവരിക്കുന്നതിലൂടെ ഹൃദയരോഗങ്ങളുമായി മരണപ്പെടുന്നവർക്ക് ലഭിക്കുന്ന പ്രതിഫലത്തെ പഠിപ്പിക്കുകയാണ്. സമാനമായ ആയത്തുകൾ ധാരാളമാണ്.
അബൂഹുറൈറ(റ)നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ' അഹങ്കാരികളാണ് എന്നിൽ പ്രവേശിക്കുകയെന്ന്' നരകം പറയുന്നതായി കാണാം. അസൂയ നന്മകളെ, വിറക് തീ തിന്നുന്ന പോലെ തിന്നുമെന്ന് അബൂഹുറൈറ (റ) നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. ഇങ്ങനെ ബാഹ്യനയനങ്ങൾക്ക് ദൃശ്യമാകാത്ത ഹൃദയരോഗങ്ങൾക്ക് കഠിനമായ ശിക്ഷകളാണ് വിവരിച്ചിട്ടുള്ളത്. അത്തരം മാലിന്യങ്ങളുടെ വലയിൽനിന്ന് മോചിതനാവുന്നവനാണ് ഇലാഹിയായ സാമീപ്യവും സ്വർഗീയവിജയവും നേടാൻ കഴിയുക. അതിനായി അധ്വാനിക്കാൻ നാഥൻ തുണക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."